സീറോ മലങ്കര ജൂണ്‍ 23 യോഹ. 10: 38-42 കുരിശുകള്‍ കൂദാശയാകട്ടെ

ക്രൂശിക്കപ്പെടാന്‍ വിധിക്കപ്പെടുന്നവരുടെ ചുമതലയാണ്, കുരിശിലേറുന്ന ഇടം വരെയും കുരിശ് ചുമക്കുക എന്നത്. അതിനാലാണ് ഈശോ കുരിശ് ചുമക്കുന്നതായി നാം കാണുന്നത്.

ക്രിസ്തുശിഷ്യന്റെ ജീവിതം ക്രിസ്തുവിന്റെ ജീവിതത്തില്‍ നിന്ന് വ്യത്യസ്തമല്ല. കുരിശിലേറ്റാനല്ല ക്രൂശിക്കപ്പെടാനാണ് ക്രിസ്തുശിഷ്യന്‍ വിളിക്കപ്പെട്ടിരിക്കുന്നത്. അതുകൊണ്ടാണ് വചനം പറയുന്നത്: ‘സ്വന്തം കുരിശെടുത്ത് എന്നെ അനുഗമിക്കാത്തവന്‍ എനിക്ക് യോഗ്യനല്ല’ എന്ന്. എന്നാല്‍, അത്തരം കുരിശെടുക്കുന്ന സന്ദര്‍ഭങ്ങളില്‍ ക്രിസ്തുശിഷ്യന്‍ മനസ്സില്‍ വയ്‌ക്കേണ്ട ഒരു കാര്യം ഈശോ പറഞ്ഞുതരുന്നു: ‘അത് എന്നെപ്രതി മാത്രമായിരിക്കണം; എന്നെപ്രതി സ്വന്തം ജീവന്‍ നഷ്ടപ്പെടുത്തുന്നവന്‍ അത് കണ്ടെത്തും’ (മത്തായി 10:39) എന്ന്.

അനുദിന ജീവിതത്തില്‍ നാം എടുക്കുന്ന കുരിശുകള്‍ സ്വന്തം ജീവന്‍ കണ്ടെത്തുന്നതിനു വേണ്ടിയാണോ അതോ അവനെപ്രതി സ്വന്തം ജീവന്‍ നഷ്ടപ്പെടുത്തുന്നതിനു വേണ്ടിയാണോ എന്ന് നാം ആത്മശോധന ചെയ്യേണ്ടിയിരിക്കുന്നു. ജീവിതത്തിന്റെ പരുപരുത്ത യാഥാര്‍ത്ഥ്യങ്ങളിലൂടെ കടന്നുപോകുമ്പോള്‍ യേശുവിനെപ്രതി അതൊക്കെ ഏറ്റെടുക്കുവാന്‍ നമുക്ക് പരിശ്രമിക്കാം. അപ്പോള്‍ കുരിശുകള്‍ കൂദാശയായി നമുക്ക് അനുഭവപ്പെടും. അതുകൊണ്ടാണല്ലോ വി. അല്‍ഫോന്‍സാമ്മ പറയുന്നത്: ‘സഹനം എനിക്ക് അനുഗ്രഹമാണ്. എന്റെ ഈശോയെ കൂടുതല്‍ കൂടുതല്‍ സ്‌നേഹിക്കാനുള്ള അവസരമാണ്.’

സഹനം നമുക്കും അനുഗ്രഹമാകട്ടെ. അവനെപ്രതി കുരിശുകള്‍ വഹിച്ച് നമുക്കും അനുഗ്രഹീതരാകാം. ആമ്മേന്‍.

ഫാ. ഫിലിപ്പ് മാത്യു വെട്ടിക്കാട്ട്‌