സീറോ മലങ്കര ജൂണ്‍ 21 മത്തായി 6: 1-4 എല്ലാം അറിയുന്ന ദൈവം

രക്ഷകനായ ഈശോ നമ്മെ പൂര്‍ണ്ണമായും അറിയുന്നു. നാം ചെയ്യുന്നതു മാത്രമല്ല ദൈവം അറിയുന്നത്. പിന്നെയോ, നാം എന്തുകൊണ്ട് ചെയ്യുന്നു എന്നും ദൈവം അറിയുന്നു. മനുഷ്യമാംസം ധരിച്ച ദൈവപുത്രനായ യേശുനാഥന്‍ അല്ലാതെ മറ്റാരും നമ്മെ പൂര്‍ണ്ണമായി അറിയുന്നില്ല.

ഇന്ന് നാം ധ്യാനവിഷയമാക്കുന്ന വചനഭാഗത്ത് യേശുനാഥന്‍ പറയുകയാണ്: ‘മറ്റുള്ളവരെ കാണിക്കുവാന്‍ വേണ്ടി അവരുടെ മുമ്പില്‍വച്ച് നിങ്ങളുടെ സല്‍ക്കര്‍മ്മങ്ങള്‍ അനുഷ്ഠിക്കാതിരിക്കാന്‍ സൂക്ഷിച്ചുകൊള്‍വിന്‍.’ ഇവിടെ സല്‍ക്കര്‍മ്മങ്ങള്‍ അനുഷ്ഠിക്കരുത് എന്നല്ല ഈശോ പറയുന്നത് മറിച്ച്, ‘കാണിക്കാന്‍ വേണ്ടി ഒന്നും അനുഷ്ഠിക്കരുത്’ എന്നാണ്. കാരണം, മറ്റുള്ളവരെ കാണിക്കാന്‍ വേണ്ടിയുള്ള നമ്മുടെ പ്രവൃത്തികള്‍ ദൈവതിരുമുമ്പാകെ വിലപ്പോകില്ല എന്നാണ് ഈശോ പറയുന്നത്.

കാണികളും, കാഴ്ച്ചക്കാരും, ആരാധകരും, പൊക്കിനിര്‍ത്തുന്നവരും, കാര്‍ന്നുതിന്നുവാന്‍ കാത്തുനില്‍ക്കുന്നവരും സ്‌നേഹം നടിച്ച് കൂടെക്കൂടിയേക്കാം. എന്നാല്‍, നമ്മുടെ നോട്ടം ക്രിസ്തുവില്‍ മാത്രമായിരിക്കണം. ലക്ഷ്യം ദൈവപ്രീതി മാത്രമായിരിക്കണം. മറ്റുള്ളവരെ കാണിക്കാന്‍ വേണ്ടി നാം നടത്തുന്ന പരിശ്രമങ്ങള്‍, കാട്ടായങ്ങള്‍ … ദൈവത്തിന് വെറുപ്പാണ് എന്ന് നാം മറന്നുപോകരുത്. നമ്മുടെ പ്രവൃത്തികള്‍ക്ക് തക്ക പ്രതിഫലം നല്‍കുന്നത് ദൈവം മാത്രമാണ്.

ആയതിനാല്‍, ദൈവത്തെ ലക്ഷ്യമാക്കി നമുക്ക് ജീവിക്കാം. നമ്മുടെ വാക്കുകളും, ഇടപെടലുകളും, പ്രവൃത്തികളുമൊക്കെ ദൈവപ്രീതി മാത്രം ലക്ഷ്യം വയ്ക്കട്ടെ. ആമ്മേന്‍.

ഫാ. ഫിലിപ്പ് മാത്യു വെട്ടിക്കാട്ട്‌