സീറോ മലങ്കര ജൂണ്‍ 19 യോഹ. 14: 20-24 സ്‌നേഹിതന്‍

തന്റെ യഥാര്‍ത്ഥ സ്‌നേഹിതന്‍ ആരാണെന്ന് ഈശോ വചനത്തിലൂടെ ഇവിടെ പറഞ്ഞുവയ്ക്കുകയാണ്. എന്റെ കല്‍പനകള്‍ സ്വീകരിക്കുകയും പാലിക്കുകയും ചെയ്യുന്നവനാണ് എന്നെ സ്‌നേഹിക്കുന്നത്. ‘എന്നെ സ്‌നേഹിക്കുന്നവനെ എന്റെ പിതാവും സ്‌നേഹിക്കും’ (യോഹ. 14:21).

യേശുനാഥന്‍ പരിശുദ്ധാത്മാവിനെ വാദ്ഗാനം ചെയ്യുന്ന വേളയില്‍ നടത്തുന്ന ഈ പ്രബോധനം, ‘കൃപ നിറയുന്ന കുടുംബങ്ങള്‍’ എന്ന വിഷയം സഭയായി നാം ചര്‍ച്ച ചെയ്യുകയും ധ്യാനിക്കുകയും ചെയ്യുന്ന ഈ അവസരത്തില്‍ ഒരു ഉണര്‍ത്തുപാട്ടായി തീരുകയാണ്. ആത്മാവിന്റെ ആവസിപ്പുണ്ടാകുവാന്‍, ദൈവകൃപ നിറയുവാന്‍, കല്‍പനകള്‍ പാലിക്കുകയും സ്വീകരിക്കുകയും ചെയ്യണമെന്ന് ഈശോ ആഹ്വാനം ചെയ്യുന്നു. അനുസരണം സ്‌നേഹത്തിന്റെ വലിയ അടയാളമാണ്. അതുകൊണ്ടാണ് വചനം പറയുന്നത്: ‘അനുസരണം ബലിയേക്കാള്‍ ശ്രേഷ്ഠം’ എന്ന്.

ഈശോയെ, അവിടുത്തെ കല്‍പനകള്‍ സ്വീകരിക്കുകയും പാലിക്കുകയും ചെയ്യുന്നതു വഴിയായി അവിടുത്തെ സ്‌നേഹിക്കുവാന്‍ ഞങ്ങളെ സഹായിക്കേണമെ. ആമ്മേന്‍.

ഫാ. ഫിലിപ്പ് മാത്യു വെട്ടിക്കാട്ട്‌