
യോഹന്നാന്റെ ശിഷ്യന്മാരും ഫരിസേയരും ഉപവസിക്കുകയും പ്രാർഥിക്കുകയും ചെയ്യുമ്പോൾ യേശുവിന്റെ അനുയായികൾ തിന്നുകുടിച്ചു നടക്കുന്നു എന്ന ആരോപണം ചിലർ ഉന്നയിക്കുന്നു. ഫരിസേയരും ഭക്തരായ യഹൂദരും നിഷ്ഠയോടെ തങ്ങളുടെ നിയമത്തിൽ പറയുന്ന ഉപവാസക്രിയകൾ അനുഷ്ഠിച്ചിരുന്നു. ‘താനിത്ത്’ (ta’anith) എന്നപേരിൽ അറിയപ്പെട്ടിരുന്ന ഉപവാസം, ഭക്ഷണവും പാനീയവും ഉപേക്ഷിച്ചുകൊണ്ടുള്ളതായിരുന്നു. പാപ പരിഹാരത്തിനു വേണ്ടിയും വിലാപത്തിന്റെ അവസരത്തിലും ദൈവത്തോട് അപേക്ഷിക്കേണ്ടുന്ന സന്ദർഭങ്ങളിലും അവർ ഉപവസിച്ചിരുന്നു. സൂര്യാസ്തമയം മുതൽ പിറ്റേദിവസത്തെ രാത്രി വരെ നീളുന്ന 25 മണിക്കൂർ ഉപവാസം വർഷത്തിൽ രണ്ടുപ്രാവശ്യം അനുഷ്ഠിച്ചിരുന്നു.
യഹൂദ ചരിത്രത്തിലെ വലിയ ദുഃഖദിനമായ സോളമന്റെ ദൈവാലയം ബാബിലോണിയക്കാർ നശിപ്പിച്ചതിന്റെയും രണ്ടാം ദൈവാലയം റോമാക്കാർ തകർത്തതിന്റെയും ഓർമ്മദിവസമായ ‘റ്റിഷ ബെവ്’ (Tisha B’Av) ഉപവാസദിനമാണ്. അന്ന് സിനഗോഗുകളിൽ വിലാപഗ്രന്ഥത്തിൽ നിന്നും വായിക്കുകയും പീഡനമേറ്റു മരിച്ച സഹോദരങ്ങളെ അനുസ്മരിക്കുകയും ചെയ്യുന്നു. രണ്ടാമത്തെ ഉപവാസദിനം (ലേവ്യ 23:26-32) ‘സാബത്തുകളുടെ സാബത്ത് ദിവസം’ എന്നറിയപ്പെടുന്ന പാപ പരിഹാരദിനമാണ് (Yom Kippur). യഹൂദപാരമ്പര്യത്തിൽ ദൈവം ജീവന്റെ പുസ്തകത്തിൽ ഒരുവന്റെ അടുത്ത വർഷത്തേക്കുള്ള ഭാഗദേയം എഴുതുന്ന സമയമാണിത്. അതിനാൽ ദൈവത്തിനും മനുഷ്യനും എതിരായി പ്രവർത്തിച്ച എല്ലാ പാപങ്ങൾക്കും പ്രാർഥനയോടെ ദൈവത്തിന്റെ കാരുണ്യം അപേക്ഷിക്കുന്നു. ഇതുകൂടാതെ, മറ്റനേകം ചെറിയ ഉപവാസാനുഷ്ഠാനങ്ങളും കൃത്യതയോടെ വർഷത്തിൽ പലപ്രാവശ്യം ഭക്തരായ യഹൂദർ അനുവർത്തിച്ചിരുന്നു.
യേശു 40 ദിവസത്തെ ഉപവാസത്തിനു ശേഷമാണ് തന്റെ പരസ്യജീവിതം ആരംഭിച്ചതെങ്കിലും ഇവിടെ ചില കാരണങ്ങളാൽ ഉപവാസത്തിനെതിരെ സംസാരിക്കുന്നു. ഒന്നാമത്തെ കാരണം, യേശുസാന്നിധ്യം ആഘോഷത്തിന്റേതാണ്. ഭക്തിയുടെ പേരിൽ ഇപ്പോൾ ഉപവസിക്കുന്നതിനെക്കാൾ യേശുവിനോടൊത്ത് അവർ ഈ സമയം സന്തോഷത്തിൽ ചിലവഴിക്കുന്നു (ഞായറാഴ്ചയും തിരുനാളുകളിലും നാം ഉപവസിക്കാറില്ല). ഇനിയും യോഹന്നാനും ശിഷ്യന്മാരും ഉപവസിച്ചതു തന്നെ യേശുവിന്റെ വരവിനായുള്ള ഒരുക്കത്തിനായാണ്. യേശുവിന്റെ രണ്ടാമത്തെ വരവിനായി ഒരുങ്ങുന്ന സമയത്തും (മണവാളൻ എടുക്കപ്പെട്ടതിനു ശേഷം) വീണ്ടും തന്റെ ശിഷ്യന്മാർ ഉപവസിക്കും. മാത്രമല്ല, ഫരിസേയരെപ്പോലെ ഉപവാസവും പ്രാർഥനയും ബാഹ്യമായ ആചാരങ്ങൾ മാത്രമാകുമ്പോൾ ഉപവസിക്കുന്നതുകൊണ്ട് വലിയ പ്രയോജനമില്ല. പലപ്പോഴും ദൈവമഹത്വത്തേക്കാൾ തങ്ങളുടെ പ്രശംസയാണ് ഉപവാസത്തിലൂടെ അവർ ലക്ഷ്യംവയ്ക്കുന്നത്. നമ്മുടെ ഉപവാസവും പ്രാർഥനകളും അതിന്റെ ആന്തരിക അർഥം ഉൾക്കൊണ്ടുകൊണ്ട് അനുഷ്ഠിക്കുന്നതിന് നമുക്ക് പരിശ്രമിക്കാം.
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍




