

ഇന്ന് കത്തോലിക്കാ സഭ വ്യാകുലമാതാവിന്റെ പെരുന്നാൾ ആചരിക്കുന്നു. യേശുവിന്റെ ദൈവാലയ സമർപ്പണ സമയത്ത്, ശിമയോൻ പരിശുദ്ധ കന്യകാമറിയത്തോടു നടത്തിയ പ്രവചനത്തെ അനുസ്മരിച്ചുകൊണ്ട് രൂപം കൊണ്ട പെരുന്നാളാണിത്. “നിന്റെ ഹൃദയത്തിലൂടെ ഒരു വാൾ തുളച്ചുകയറുകയും ചെയ്യും” (ലൂക്കാ 2:35). ഇപ്രകാരം മറിയത്തിന്റെ വിമലഹൃദയത്തിൽ തുളച്ചുകയറിയ വാളുകൾ ഏഴെണ്ണമാണെന്ന് പൊതുവെ കരുതപ്പെടുന്നു:
1. ശിമയോന്റെ പ്രവചനം (ലൂക്കാ 2:34-35);
2. ഈജിപ്തിലേക്കുള്ള പലായനം (മത്തായി 2:13-15);
3. യേശുവിനെ ദൈവാലയത്തിൽ വച്ച് കാണാതാകുന്നു (ലൂക്കാ 2:41-48);
4. കുരിശിന്റെ വഴിയിൽ വച്ച് അമ്മ തന്റെ തിരുസുതനെ കണ്ടുമുട്ടുന്നു;
5. യേശുവിന്റെ കുരിശുമരണം (യോഹ. 19:25-27);
6. യേശുവിന്റെ മൃതശരീരം മാതാവിന്റെ മടിയിൽ കിടത്തുന്നു (യോഹ. 19:39-40);
7. യേശുവിനെ സംസ്കരിക്കുന്നു (യോഹ. 19:40-42).
ആദ്യത്തെ ഹവ്വായുടെ പാപം അനുസരണക്കേടായിരുന്നുവെങ്കിൽ രണ്ടാം ഹവ്വായായ മറിയത്തിന്റെ ജീവിതം അനുസരണം എന്ന ഒറ്റവാക്കിൽ ചുരുക്കിപ്പറയാനാകും. ഗബ്രിയേലിലൂടെ ലഭിച്ച അറിയിപ്പ് അതിന്റെ പൂർണ്ണമായ അർത്ഥത്തിൽ അവൾക്ക് ഗ്രഹിക്കാൻ കഴിഞ്ഞില്ലെങ്കിലും അവൾ ‘ആമ്മേൻ’ എന്നാണ് ദൂതനോടു പറഞ്ഞത്. ‘ആമ്മേൻ’ എന്ന ഹെബ്രായ വാക്ക്, ദൈവവചനം കേൾക്കുമ്പോൾ ഹെബ്രായർ നൽകിയിരുന്ന വിശ്വാസത്തിന്റെയും അനുസരണത്തിന്റെയും പ്രതിവാക്യം ആയിരുന്നു.
സുവിശേഷങ്ങളിൽ കാണുന്ന, മേൽവിവരിച്ച ഏഴ് സംഭവങ്ങളോടും അവളുടെ പ്രതിവാക്യം വിശ്വാസത്തിന്റെ അനുസരണം ആയിരുന്നു. ഹെബ്രാ. 5:7 -ൽ യേശു ക്രിസ്തു, പുത്രൻ ആയിരുന്നിട്ടും സഹനത്തിലൂടെ അനുസരണം അഭ്യസിച്ചു എന്നു കാണാം. അത് മറിയത്തിന്റെ ജീവിതത്തിലും അന്വർത്ഥമായി. തന്റെ പുത്രന്റെ സഹനത്തിന്റെ ആഴങ്ങളിലേക്ക് അവൾ പ്രവേശിച്ചു, അതിൽ ഹൃദയം കൊണ്ടും ആത്മാവ് കൊണ്ടും പങ്കുചേർന്നു. സഹനത്തിന്റെ നിമിഷങ്ങളെയും, ആ നിമിഷങ്ങളിൽ ദൈവത്തിന്റെ മൗനത്തെയും അവൾ ആഴമുള്ള വിശ്വാസത്തിന്റെ കണ്ണുകളിലൂടെ കണ്ടു. അനുസരണത്തിൽ നിന്ന് കൂടുതൽ അനുസരണത്തിലേക്കും, സ്നേഹത്തിന്റെ പൂർണ്ണതയിലേക്കും (1 യോഹ. 4:17), ക്രിസ്തു-സാദൃശ്യത്തിലേക്കും, മഹത്വത്തിൽ നിന്ന് മഹത്വത്തിലേക്കും അവൾ വളർന്നു (2 കോറി 3:18).
സഹനത്തെ രക്ഷാകരമായി കാണാനും അനുസരണം അഭ്യസിക്കാനും സ്നേഹം നമ്മിൽ വളർച്ച പ്രാപിക്കുന്നതിനുമുള്ള നിമിഷങ്ങളായി ഈ ദിനം മാറട്ടെ.
ഫാ. ജോളി കരിമ്പില്
💖💖💖💖💖🙏🙏🙏💖💖💖💖💖