സീറോ മലങ്കര ആഗസ്റ്റ് 15 യോഹ. 19: 25-27 പരിശുദ്ധ അമ്മയുടെ സ്വര്‍ഗാരോപണം

ഫാ. ഓസ്റ്റിൻ ജോൺ തെക്കേതിൽ

നമ്മുടെ കർത്താവിന്റെ തേജസ്കരണ തിരുനാളിനു ശേഷം വരുന്ന രണ്ടാമത്തെ ഞായറാഴ്ചയാണ് ഇന്ന്. ഇന്നേ ദിവസം പതിനഞ്ചു നോമ്പിന്റെ പരിസമാപ്തിയിലേക്ക് നാം എത്തുന്നു. ലോകത്തിനു മുഴുവൻ അമ്മയായി യേശു നൽകിയ പരിശുദ്ധ ദൈവമാതാവ് സ്വർഗത്തിലേക്ക് ആരോപണം ചെയ്ത തിരുനാളാണ് നാം ഇന്ന് ഭക്തിപുരസ്സരം ആഘോഷിക്കുന്നത്. പരിശുദ്ധ ദൈവമാതാവ് നമ്മുടെയൊക്കെ ക്രിസ്തീയജീവിതത്തിൽ വലിയ പങ്ക്വഹിക്കുന്നുണ്ട്. ദൈവപുത്രനെ ലോകത്തിലേക്കു നൽകുവാൻ ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടവളാണ് മറിയം. അതുപോലെ തന്നെ എന്നേക്കും ലോകത്തിലായിരിക്കുവാനായി അയയ്ക്കപ്പെട്ട പരിശുദ്ധാത്മാവിന്റെ ആഗമനത്തിലും പരിശുദ്ധ അമ്മയുടെ നിറസാന്നിധ്യമുണ്ട്. അതുകൊണ്ടു തന്നെ പരിശുദ്ധ അമ്മ നമ്മുടെ ക്രിസ്തീയ വിശ്വാസവളർച്ചയിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. കുരിശിൻചുവട്ടിൽ യോഹന്നാൻ പരിശുദ്ധ അമ്മയെ യേശുവിന്റെ ആവശ്യപ്രകാരം സ്വന്തമായി സ്വീകരിക്കുന്നു.

പ്രിയ സഹോദരങ്ങളേ, പരിശുദ്ധ അമ്മയെ യോഹന്നാൻ ശ്ളീഹായ്ക്ക് നൽകുന്നതിലൂടെ നമുക്കേവർക്കും അമ്മയായി യേശു നൽകിയിരിക്കുന്നു. പരിശുദ്ധ അമ്മ നമ്മെ യേശുവിലുള്ള വിശ്വാസത്തിൽ വളരുവാൻ മാത്രമല്ല, പരിശുദ്ധാത്മാവിനെ സ്വീകരിക്കുവാനും നമ്മെ സഹായിക്കുന്നു. ഈ അമ്മ സമർപ്പിക്കുന്ന ഒരു അപേക്ഷയും തള്ളിക്കളയുവാൻ യേശുവിനു സാധിക്കുകയില്ല. അതിനുള്ള ഉദാഹരണമാണ് തന്റെ സമയം ആകാതിരുന്നിട്ടു പോലും (യോഹ. 2:4) പരിശുദ്ധ അമ്മയുടെ അപേക്ഷയെ സ്വീകരിച്ച് അവളുടെ അഭ്യർത്ഥന യേശു നിവർത്തിക്കുന്നത്.

പ്രിയമുള്ളവരേ, ഈ പുണ്യദിനത്തിൽ പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥ്യത്തിന് നമുക്ക് നമ്മെ ചേർത്തുവയ്ക്കാം. പരിശുദ്ധ അമ്മയിലൂടെ യേശുവിലേക്ക് വളരാൻ നമുക്ക് പരിശ്രമിക്കാം. എല്ലാവർക്കും തിരുനാൾ പ്രാർത്ഥനകൾ സമർപ്പിക്കുന്നു.

ഫാ. ഓസ്റ്റിൻ ജോൺ തെക്കേതിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.