സീറോ മലങ്കര ആഗസ്റ്റ് 14 ലൂക്കാ 9: 23-26 ജീവിതം ക്രിസ്തുവും മരണം നേട്ടവും

ഫാ. ഡാനിയേൽ കൊഴുവക്കാട്ട്

ഇരുപതാം നൂറ്റാണ്ടിൽ ജീവിച്ച, രക്തസാക്ഷിയായ വി. മാക്സിമില്യൻ കോൾബെയുടെ തിരുനാൾ ദിനത്തിലാണ് വി. ലൂക്കോസിന്റെ സുവിശേഷത്തിലെ ശിഷ്യത്വത്തെക്കുറിച്ച് പ്രതിപാദിക്കുന്ന പ്രധാനപ്പെട്ട ഭാഗം തിരുസഭ നമുക്ക് വിചിന്തനത്തിന് നൽകിയിരിക്കുന്നത്. സുവിശേഷത്തിനായി ക്രിസ്തുശിഷ്യർ നൽകേണ്ട വില സ്വജീവിതം ആണ്. സ്വന്തമായി ഉള്ളതെല്ലാം ഉപേക്ഷിക്കാതെ ശിഷ്യത്വത്തിന്റെ പടവുകൾ നടന്നുകയറാനാവില്ല. അത് നിരന്തരമായ ഒരു യാത്രയാണ്. അതുകൊണ്ടാണ് കർത്താവ് പറയുന്നത്: “ആരെങ്കിലും എന്നെ അനുഗമിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അവൻ തന്നെത്തന്നെ പരിത്യജിച്ച് അനുദിനം തന്റെ കുരിശും എടുത്ത് എന്നെ അനുഗമിക്കട്ടെ” (ലൂക്കാ 9:23).

ഈ ഭൂമിയിലെ ജീവിതം സുവിശേഷത്തിനായി മാറ്റിവച്ചാൽ അത് നിത്യജീവനുള്ള നിക്ഷേപമായി മാറുമെന്ന് കർത്താവ് നമ്മെ ഓർമ്മിപ്പിക്കുന്നു. സഭാചരിത്രത്തിലെ ഓരോ രക്തസാക്ഷിയും അതിനായി മനുഷ്യജീവിതം മാറ്റിവച്ചവരാണ്. പല പ്രതിസന്ധികളുടെയും പ്രലോഭനങ്ങളുടെയും നടുവിൽ, കർത്താവാണ് രക്ഷകൻ എന്ന് ഉറക്കെ പ്രഖ്യാപിച്ചവരാണ്. കർതൃവചനത്തിന്റെ ആഴവും അർത്ഥവും ഗ്രഹിച്ച, ക്രിസ്തുശിഷ്യത്വത്തിന്റെ വില തിരിച്ചറിഞ്ഞ പൗലോസ് ശ്ലീഹ എഴുതി: “എനിക്ക് ജീവിതം ക്രിസ്തുവും മരണം നേട്ടവും ആണ്” (ഫിലി. 1:21).

അനുദിനം കുരിശുമെടുത്ത് സ്വയം പരിത്യജിച്ച് കർത്താവിനായി ജീവിതം മാറ്റിവയ്ക്കാൻ നിനക്കാകുമോ?

ഫാ. ഡാനിയേൽ കൊഴുവക്കാട്ട് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.