സീറോ മലങ്കര മെയ് 20 യോഹ. 6: 48-59 ജീവന്‍

വി. കുര്‍ബാനയിലുള്ള പങ്കാളിത്തം കാഴ്ചയുടെ സുഖമല്ല. അത് ജീവന്‍ നല്‍കുന്ന ക്രിസ്തുനാഥന്റെ ശരീര-രക്തങ്ങളിലും വ്യക്തിത്വത്തിലുമുള്ള പങ്കാളിത്തമാണ്. വിശ്വാസത്തോടെയും സ്‌നേഹത്തോടെയും യോഗ്യതയോടെയും അള്‍ത്താരയില്‍ നിന്നു നാം ആ പങ്ക് എടുക്കുമ്പോള്‍ ഓരോ ദിവസവും നമ്മുടെ ജീവിതമേഖലകള്‍ ചൈതന്യവത്തായിത്തീരുന്നു. നാം ജീവോന്മുഖരായി വര്‍ത്തിക്കുന്നു.

ജീവനുണ്ടാകാനുള്ള മാര്‍ഗ്ഗം ഇതാണ് – കൊടുക്കുക. അതും നിന്റെ ശരീരം തന്നെ കൊടുക്കുക. കുടുംബജീവിതത്തിന്റെ പ്രാഥമികാനുഭവം തന്നെ ഇതാണ് – രണ്ടുപേര്‍ ശരീരം പരസ്പരം കൊടുക്കുമ്പോള്‍ പുതിയൊരു ജീവനുണ്ടാകുന്നു.

ശരീരവും രക്തവും കൊടുക്കുന്നതിനെക്കുറിച്ചാണ് യേശു പറയുന്നത് (6:53). ശരീരവും രക്തവുമെന്നാല്‍ ജീവന്‍ തന്നെ. നീ നിന്റെ ജീവന്‍ കൊടുക്കുമ്പോഴാണ് നിത്യജീവന്‍ ഉണ്ടാകുന്നത് – നിന്നിലും നിന്റെ ചുറ്റുമുള്ളവരിലും. നിന്നിലും നിന്റെ ചുറ്റിലും ജീവനും ചൈതന്യവും കുറയുന്നതിന്റെ കാരണം നിന്റെ കൊടുക്കലിന്റെ കുറവ് തന്നെയായിരിക്കും.