സീറോ മലങ്കര ഒക്ടോബര്‍ 12 മർക്കോ. 10: 17-27 നിത്യജീവന്‍

ഫാ. സാമുവേല്‍ പനച്ചവിള OIC

“നല്ലവനായ ഗുരോ, നിത്യജീവന്‍ അവകാശമാക്കാന്‍ ഞാന്‍ എന്തു ചെയ്യണം?” (മര്‍ക്കോ. 10:17).

ഒരു ധനികനുമായി യേശു കണ്ടുമുട്ടുന്നതാണ് സുവിശേഷഭാഗം. “നല്ലവനായ ഗുരോ, നിത്യജീവന്‍ അവകാശമാക്കാന്‍ ഞാന്‍ എന്തു ചെയ്യണം?” യുവാവിന്റെ ഈ ചോദ്യത്തിനുന് ഈശോ പ്രഥമ ഉത്തരം നൽകുന്നത് കൽപനകൾ അവനെ ഓർമ്മപ്പെടുത്തിക്കൊണ്ടാണ്. ‘ചെറുപ്പം മുതല്‍ ഞാന്‍ ഇവയെല്ലാം പാലിക്കുന്നുണ്ട്‌’ എന്ന് അവൻ മറുപടിയും നൽകുന്നു.

എന്നാൽ കർത്താവ് നിത്യജീവനെ സ്വർഗ്ഗത്തിലെ നിക്ഷേപവുമായിട്ടാണ് ഇവിടെ താരതമ്യം ചെയ്യുന്നത്. ‘സ്വർഗത്തിൽ നിക്ഷേപം ഇല്ലാത്തതാണ് നിന്നിലെ അഭാവം’ എന്ന് ക്രിസ്തു അവനെ ബോധ്യപ്പെടുത്തുന്നു. അതിനു വേണ്ടിയുള്ള വഴിയും അവിടുന്ന് അവന് ഉപദേശിക്കുന്നു. എന്നാൽ തന്റെ സ്വത്തുക്കൾ നൽകുന്ന സുഖസൗകര്യങ്ങളെയും സുരക്ഷയെയും അവൻ വളരെയധികം സ്നേഹിക്കുന്നുവെന്നു തോന്നുന്നു. സമ്പത്തും പദവിയുമായുള്ള അദ്ദേഹത്തിന്റെ വൈകാരിക അടുപ്പം യേശുവിന്റെ വചനങ്ങൾ ശ്രദ്ധിക്കാനുള്ള അവന്റെ സന്നദ്ധതയെ മറികടക്കുന്നു.

വചനം പറയുന്നു: “രണ്ട്‌ യജമാനന്മാരെ സേവിക്കാന്‍ ആര്‍ക്കും സാധിക്കുകയില്ല. ഒന്നുകില്‍, ഒരുവനെ ദ്വേഷിക്കുകയും അപരനെ സ്‌നേഹിക്കുകയും ചെയ്യും. അല്ലെങ്കില്‍ ഒരുവനെ ബഹുമാനിക്കുകയും അപരനെ നിന്ദിക്കുകയുംചെയ്യും. ദൈവത്തെയും മാമോനെയും സേവിക്കാന്‍ നിങ്ങള്‍ക്കു സാധിക്കുകയില്ല” (മത്തായി 6:24). ദൈവത്തെയും മാമോനെയും സേവിക്കാന്‍ നിങ്ങള്‍ക്കു സാധിക്കുകയില്ല. ഇവിടെ കർത്താവ് ധനം വേണ്ട എന്നല്ല പറയുന്നത് മറിച്ച്, ദൈവസ്നേഹത്തിൽ നിന്നും മനുഷ്യസേവനത്തിൽ നിന്നും ഒരുവനെ ധനം അകറ്റുന്നു എങ്കിൽ അത് അവന് നിത്യരക്ഷക്ക് തടസ്സമാകുന്നു എന്നതാണ്.

ഇന്ന് ധനസമ്പാദനത്തിനായി നെട്ടോട്ടമോടുന്ന മനുഷ്യനെ നോക്കിക്കൊണ്ട് ഫ്രാൻസിസ് മാർപാപ്പ ഇപ്രകാരം പറയുന്നു: “new idolatry of money.” സമ്പത്ത് മനുഷ്യന് വിഗ്രഹം ആയിത്തീർന്നിരിക്കുന്നു. ഈ സമ്പന്നനായ യുവാവിന്റെതുന്റേതു പോലെ നമുക്ക് പ്രത്യേക പദവികൾ ഉണ്ടെങ്കിൽ മറ്റുള്ളവരെ സേവിക്കുന്നതിനേക്കാളും നന്മകൾ പ്രവർത്തിക്കുന്നതിനേക്കാളും ആത്മീയജീവിതത്തിനായി സമയം ചെലവഴിക്കുന്നതിനേക്കാളും നമ്മുടെ കരിയർ കൈകാര്യം ചെയ്യുന്നത് അതിപ്രധാനമായി നിലകൊള്ളും. ദൈവത്തിൽ നിന്നുള്ള അപ്രതീക്ഷിത വിളിയിലേക്ക് സ്വയം തുറക്കുന്നതിൽ നിന്ന് ഇത് നമ്മെ തടസ്സപ്പെടുത്തിയേക്കാം. സമ്പത്തും പദവിയും നമ്മെ അഹങ്കാരികളോ, വിവേകമില്ലാത്തവരോ ആകാം. തീർച്ചയായും ഈ ബുദ്ധിമുട്ടുകൾ സമ്പത്തും പദവിയുള്ള ആളുകൾക്കു മാത്രമുള്ളതല്ല എന്ന വസ്തുതയും വിസ്മരിക്കരുത്. സമ്പന്ന യുവാവുമായുള്ള യേശുവിന്റെ ഈ കണ്ടുമുട്ടൽ നമ്മുടെ ജീവിതം ഇന്ന് ഇതിനകം ലൗകികനേട്ടങ്ങളുടെ കൂമ്പാരത്തിന്റെ മുകളിലാണെങ്കിൽ സ്വർഗീയനിധിക്കായി അവയെ ഉപേക്ഷിക്കാനായി നമ്മെ വേദഭാഗം ക്ഷണിക്കുന്നു.

ഫാ. സാമുവേല്‍ പനച്ചവിള OIC

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.