സീറോ മലങ്കര ആഗസ്റ്റ് 12 യോഹ. 8: 12-20 ലോകത്തിന്റെ പ്രകാശം

ഫാ. ഡാനിയേൽ കൊഴുവക്കാട്ട്

വി. യോഹന്നാൻ ശ്ലീഹായുടെ സുവിശേഷത്തിലെ അടയാളങ്ങളിൽ വളരെ അർത്ഥവത്തായ രണ്ട് അടയാളങ്ങളാണ് പ്രകാശവും ജീവനും. യേശുമിശിഹാ പറയുന്നു: “ഞാൻ ലോകത്തിന്റെ പ്രകാശമാണ്. എന്നെ അനുഗമിക്കുന്നവൻ ഒരിക്കലും അന്ധകാരത്തിൽ നടക്കുകയില്ല. അവന് ജീവന്റെ പ്രകാശം ഉണ്ടായിരിക്കും” (യോഹ. 8:12).

മിശിഹായെ തിരിച്ചറിയുന്ന നിമിഷത്തിലാണ് ഞാൻ പ്രകാശത്തിലാകുന്നത്. അതുവരെ എന്റെ ജീവിതം ഇരുൾ നിറഞ്ഞതാണ്. ചുറ്റിലും നിന്നവരോട്, ഞാൻ ലോകത്തിന്റെ പ്രകാശമാണ് എന്ന് നമ്മുടെ കർത്താവ് പറഞ്ഞപ്പോൾ അതു കേട്ടുനിന്നവരുടെ പ്രതികരണം നമുക്ക് വെളിപ്പെടുത്തിത്തരുന്നത് അതാണ്. യേശുവിന്റെ സാമീപ്യം അറിഞ്ഞ തളർവാതരോഗിയും പാപത്തിൽ പിടിക്കപ്പെട്ട സ്ത്രീയും ഒക്കെ പ്രകാശത്തിലൂടെ ജീവന്റെ അനുഭവം നുകർന്നപ്പോൾ നിയമം പഠിപ്പിച്ചിരുന്ന മിശിഹായെക്കുറിച്ച് പ്രബോധനം നൽകിയിരുന്നവർക്ക് കൺമുന്നിലൂടെ നടന്നുപോകുന്ന മിശിഹായെ കാണുവാനോ അവന്റെ സാമിപ്യം അനുഭവിക്കാനോ സാധിച്ചില്ല.

മിശിഹായെ കണ്ടുമുട്ടേണ്ടത് എന്റെ ജീവിതത്തിന്റെ അനിവാര്യതയാണ്. കാരണം അന്ധകാരത്തിലല്ല പ്രകാശത്തിലാണ് ഞാൻ നടക്കേണ്ടത്. വിശുദ്ധ കുർബാനയിൽ തിരുശരീര-രക്തങ്ങളായി, വിശുദ്ധ കുമ്പസാരത്തിൽ പാപമോചനത്തിലൂടെ സൗഖ്യമായി, മറ്റ് കൂദാശകളിലൂടെ വരപ്രസാദമായി ലോകത്തിന്റെ പ്രകാശമായവനെ സ്വന്തമാക്കാൻ എനിക്ക് സാധിക്കുന്നുണ്ടോ? അതോ യുക്തിയുടെ ലോകത്ത് അവിശ്വാസിയായി നടന്ന് ആധുനിക ഫരിസേയനായി മാറുകയാണോ?

ഫാ. ഡാനിയേൽ കൊഴുവക്കാട്ട് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.