സീറോ മലങ്കര ആഗസ്റ്റ് 10 മത്തായി 12: 44-50 നിത്യജീവൻ

ഫാ. ഡാനിയേൽ കൊഴുവക്കാട്ട്

ഇന്നത്തെ സുവിശേഷഭാഗത്ത് യേശുമിശിഹായുടെ അസ്തിത്വവുമായി ബന്ധപ്പെട്ട് ഒരു വിശ്വാസിയുടെ ജീവിതത്തിലുണ്ടാകാവുന്ന ചില സംശയങ്ങൾക്കുള്ള ഉത്തരമാണ് സുവിശേഷകൻ പങ്കുവയ്ക്കുന്നത്. “ഞാൻ വന്നിരിക്കുന്നത് ലോകത്തെ വിധിക്കാനല്ല രക്ഷിക്കാനാണ്” (യോഹ. 12:47) എന്ന് യേശു പറയുമ്പോൾ, നൂറ്റാണ്ടുകളായി യഹൂദസമൂഹം കാത്തിരിക്കുന്ന മിശിഹാ താനാണെന്ന് അസന്നിഗ്ധമായി അവിടുന്ന് പ്രഖ്യാപിക്കുന്നു. തന്റെ വചനങ്ങളെ വിശ്വസിക്കാത്തവരും സ്വീകരിക്കാത്തവരും വിധിക്കപ്പെടും എന്ന ശക്തമായ മുന്നറിയിപ്പും അവിടുന്ന് നൽകുന്നു. ലോകത്തിന്റെ പ്രകാശമായി കടന്നുവന്ന് തന്നിൽ വിശ്വസിക്കുന്നവർക്ക് നിത്യജീവൻ പ്രദാനം ചെയ്യുകയാണ് തന്റെ ജീവിതലക്ഷ്യമെന്നും തമ്പുരാൻ ഓർമ്മിപ്പിക്കുന്നു.

അനുദിനം വിശുദ്ധ കുർബാനയിൽ നാം കണ്ടെത്തേണ്ടത് മിശിഹാതമ്പുരാനെയാണ് – വചനമായ, പ്രകാശമായ, രക്ഷകനായ, നിത്യജീവനായ യേശുമിശിഹായെ. അല്ലാത്തപക്ഷം എന്റെ വിശ്വാസജീവിതം പരാജയമാകും. ഒപ്പം, ആവശ്യങ്ങൾ നിറവേറ്റിത്തരുന്ന ഒരു സഹായകൻ മാത്രമായി അവിടുത്തെ ഞാൻ തരംതാഴ്ത്തും.

ഫാ. ഡാനിയേൽ കൊഴുവക്കാട്ട്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.