സീറോ മലങ്കര സെപ്റ്റംബർ 01 യോഹ. 2: 1-11 നിറവുകൾ

ഫാ. അജോ ജോസ്

തിരുസഭാ മാതാവ് ഇന്ന് നമ്മുടെ വിചിന്തനത്തിനായി നല്‍കിയിരിക്കുന്ന വചനഭാഗം വി. യോഹന്നാന്‍ ശ്ലീഹായുടെ സുവിശേഷം രണ്ടാം അദ്ധ്യായം 1 മുതല്‍ 11 വരെയുള്ള തിരുവചനങ്ങളാണ്. യേശു തന്റെ മഹത്വം വെളിപ്പെടുത്തുവാനായി ആദ്യം പ്രവര്‍ത്തിച്ച ഒരു അത്ഭുതമാണ് ഇത്. കാനായിലെ കല്യാണവിരുന്നിലേക്ക് യേശുവും ശിഷ്യന്മാരും അമ്മയും കടന്നുവരുന്നതും അവിടെയുണ്ടായ വീഞ്ഞിന്റെ കുറവിനെ യേശുവിനാല്‍ പരിഹരിക്കുന്നതുമാണ് ഈ വചനത്തിന്റെ ഇതിവൃത്തം.

നമ്മുടെ കുടുംബങ്ങളിലേക്ക് യേശുവിനെ ക്ഷണിക്കുക എന്നതാണ് ഈ വചനഭാഗം നല്‍കുന്ന സന്ദേശം. വി. യോഹന്നാന്‍ ശ്ലീഹായുടെ സുവിശേഷം രണ്ടാം അദ്ധ്യായം രണ്ടാം വാകൃത്തില്‍ നാം ഇപ്രകാരം വായിക്കുന്നു: യേശുവും ശിഷ്യരും വിരുന്നിന് ക്ഷണിക്കപ്പെട്ടിരുന്നു. കാനായിലെ കല്യാണവീട് തങ്ങളുടെ വിവാഹ ഒരുക്കങ്ങളുടെ ഭാഗമായി നടത്തിയ ഏറ്റവും വലിയ ഒരുക്കം എന്നു പറയുന്നത് തങ്ങളുടെ കുറവുകളുള്ളതായ വീട്ടിലേക്ക് യേശുവിനെ ക്ഷണിച്ചു എന്നതാണ്. ഇപ്രകാരം അവര്‍ അവരുടെ വീട്ടിലേക്ക് യേശുവിനെ ചേര്‍ത്തുനിര്‍ത്തിയപ്പോള്‍ ആ കുടുംബത്തിലുണ്ടായിരുന്ന ആറ് കല്‍ഭരണികള്‍ പൂര്‍ണ്ണതയെ സൂചിപ്പിക്കുന്നതായി മാറി. അതുപോലെ പഴയനിയമങ്ങളില്‍ ആളുകളുടെ ശുചീകരണത്തിനായി ഉപയോഗിച്ചിരുന്ന വെള്ളം ക്രിസ്തുവിന്റെ രക്തത്തിന്റെ പ്രതീകമായ മേല്‍ത്തരം വീഞ്ഞായി മാറി. ചുരുക്കിപ്പറഞ്ഞാല്‍ യേശു ആ ഭവനത്തില്‍ വന്നുകഴിഞ്ഞപ്പോള്‍ ആ കുടുംബത്തിലുണ്ടായിരുന്ന സകല കുറവുകളും നിറവുകളായി മാറി.

അതുകൊണ്ട് നാം ഒരോരുത്തരും നമ്മുടെ കുടുംബങ്ങളിലേക്കും ജീവിതസാഹചര്യങ്ങളിലേക്കും ജോലിമേഖലകളിലേക്കും രക്ഷകനായ യേശുവിനെ ക്ഷണിക്കണം. അപ്പോള്‍ നമ്മുടെ ജീവിതവും മേല്‍ത്തരമെന്ന് മറ്റുള്ളവര്‍ വിധിയെഴുതും.

ഫാ. അജോ ജോസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.