സീറോ മലങ്കര നവംബർ 19 ലൂക്കാ 13: 22-30 ഇടുങ്ങിയ വാതിൽ

ലൂക്കോസിന്റെ സുവിശേഷത്തിൽ യേശു എപ്പോഴും ജെറുസലേം ലക്ഷ്യമാക്കിയുള്ള യാത്രയിലാണ്. പോകുന്ന വഴിയിൽ ദൈവരാജ്യം പ്രസംഗിക്കുകയും, രോഗികളെ സൗഖ്യമാക്കുകയും, പിശാചുക്കളെ പുറത്താക്കുകയും ചെയ്യുന്നു. യേശുവിന്റെ ഭൗമീകയാത്ര അന്തിമ മഹത്വീകരണത്തോടെ ജെറുസലേമിൽ പൂർത്തിയാവുന്നു. ക്രിസ്തുവിന്റെ യാത്ര അവസാനിക്കുന്ന ജറുസലേമിൽ നിന്നാണ് ക്രിസ്തീയ സമൂഹത്തിന്റെ യാത്ര ആരംഭിക്കുന്നത് (അപ്പസ്‌തോല പ്രവൃത്തികൾ ആ ചരിത്രമാണ് വിവരിക്കുന്നത്).

രക്ഷ പ്രാപിക്കാൻ ആഗ്രഹിക്കുന്ന എല്ലാവരോടും “ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കാൻ” യേശു ഉദ്‌ബോധിപ്പിക്കുന്നു. എന്താണ് ഇടുങ്ങിയ വാതിൽ? ഒരു ഒളിമ്പിക് സ്വർണ്ണ മെഡലിന്റെ മഹത്വത്തിനായി തീവ്രമായ അച്ചടക്കത്തോടെ പരിശീലനം നടത്തുന്ന കായികാഭ്യാസിയുടെ പാത, ഒരു വലിയ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥി വിജയിക്കാനായി വ്യക്തിപരമായ സുഖം ത്യജിച്ചുകൊണ്ടു നടത്തുന്ന പ്രചരണത്തിന്റെ പാത, പ്രധാനപ്പെട്ട പരീക്ഷയിൽ വിജയിക്കാൻ ഒരു വിദ്യാർത്ഥി ഉറക്കൊമൊഴിച്ചിരുന്നു പഠിക്കുന്ന പാത… ഇവയെല്ലാം ഇടുങ്ങിയ പാതകളാണ്. നശ്വരമായ കിരീടങ്ങൾക്കു വേണ്ടി ഇത്രമാത്രം ത്യാഗം സഹിക്കാമെങ്കിൽ എന്തുകൊണ്ട് അനശ്വര സൗഭാഗ്യം നേടുന്നതിലേയ്ക്ക് പുണ്യത്തിന്റെയും ത്യാഗത്തിന്റെയും സ്നേഹത്തിന്റേതുമായ “ഇടുങ്ങിയ പാത” നമുക്ക് തിരഞ്ഞെടുത്തുകൂടാ!

വിജ്ഞാനിയായ സോക്രട്ടീസ് പറയുന്നു: “ആത്മശോധന നടത്താത്ത ജീവിതം അർത്ഥശൂന്യമാണ്‌.” ഒരിക്കലും മരിക്കില്ലെന്നു കരുതി ജീവിക്കുന്ന ഒരുപാട് പേരുണ്ട്. അതുപോലെ തന്നെ ഒരിക്കലും ജീവിക്കാൻ സാധിച്ചില്ലലോ എന്നു കരുതി മരിക്കുന്നവരുമുണ്ട്. നിത്യജീവിതത്തെ ഗൗരവമായി നാം എടുക്കുന്നെങ്കിൽ ക്രിസ്തുവിന്റെ വഴി അനുദിനം പിന്തുടരേണ്ടതാണ്. നമ്മുടെ ഹൃദയകവാടത്തിന്റെ വാതിൽ ക്രിസ്തുവിനായി പൂർണ്ണമായും തുറക്കുന്നത് സ്വർഗ്ഗത്തിന്റെ വാതിൽ നമുക്കായി വേഗം തുറന്നുകിട്ടുന്നതിന് സഹായിക്കും. ഇക്കാര്യത്തിൽ വിശുദ്ധന്മാരെയും, ക്രിസ്തീയ രക്തസാക്ഷികളെയും നമുക്ക് മാതൃകയാക്കാം. “കർത്താവേ, രക്ഷ പ്രാപിക്കുന്നവർ ചുരുക്കമോ?” എന്ന് യേശുവിനോടു ചോദിച്ച ചോദ്യം അല്പം വ്യതിയാനം വരുത്തി നമുക്കും ചോദിക്കാം: “കർത്താവേ, രക്ഷ പ്രാപിക്കുന്നവരുടെ കൂട്ടത്തിൽ ഞാനും ഉണ്ടാവുമോ?”

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍