സീറോ മലങ്കര ഏപ്രിൽ 17 മത്തായി 10: 40-42 സമ്മാനം

ഫാ. ഫിലിപ്പ് പുലിപ്ര

ദൈവരാജ്യ പ്രഘോഷകരെ ശുശ്രൂഷിക്കുന്നവർക്ക് ദൈവം വാഗ്ദാനം ചെയ്യുന്ന സമ്മാനത്തെക്കുറിച്ച് ഈ വചനം ഉറപ്പു തരുന്നു. ശിഷ്യനെ ശുശ്രൂഷിക്കുന്നത് ഗുരുവിനെ സേവിക്കുന്നതിനു തുല്യമാണെന്നുള്ള വലിയ പ്രബോധനവുമായി യേശു വലിയ വെളിച്ചവും വീശുന്നു. ഗുരുവും ശിഷ്യനും തുല്യമായി ചെയ്യുന്ന ശുശ്രൂഷയും അവർ തമ്മിലുള്ള ഐക്യത്തെക്കുറിച്ചും ഇവിടെ പ്രതിപാദിക്കുന്നു.

‘അയയ്ക്കപ്പെട്ടവനെ ബഹുമാനിക്കുമ്പോൾ അയച്ചവനെ നമസ്കരിക്കുന്നു’വെന്ന ഭാരതീയപാരമ്പര്യം ഇവിടെ ഓർമ്മിക്കപ്പെടുന്നു. ഇത് ക്രിസ്തുശിഷ്യർക്ക് വലിയ ആത്മധൈര്യം നൽകുന്നു. ക്രിസ്തു പിതാവിനാൽ അയയ്ക്കപ്പെട്ടു. യേശുവിന്റെ ജീവിതം മുഴുവൻ പിതാവിനു വേണ്ടിയായിരുന്നു. പിതാവിന്റെ മഹത്വമായിരുന്നു പുത്രന്റെ ലക്ഷ്യം. പുത്രനെ സ്നേഹിക്കുന്നവർ പിതാവിനെ ബഹുമാനിക്കുന്നു. ശിഷ്യരെ ശുശ്രൂഷിക്കുന്നവൻ ഗുരുവിനെ മാനിക്കുന്നു.

ധൈര്യമായി സുവിശേഷം പ്രഘോഷിക്കുവാൻ സുവിശേഷത്തിന്റെ വക്താക്കളാകുവാൻ ശിഷ്യർ ഒരുക്കപ്പെടുന്നു. സുവിശേഷത്തിനു വേണ്ടി ക്രിസ്തുനാമത്തിനായി ആയുസ്സും ആരോഗ്യവും ഉഴിഞ്ഞുവച്ച് തോളിൽ സഞ്ചിയും കയ്യിൽ വേദപുസ്തകവും ഹൃദയം നിറയെ ക്രിസ്തുസ്നേഹവുമായി ഊരുചുറ്റുന്നവരെ ശുശ്രൂഷിക്കാം, മാനിക്കാം, സ്നേഹിക്കാം, വലിയ സമ്മാനം നേടാം.

ഫാ. ഫിലിപ്പ് പുലിപ്ര

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.