സീറോ മലബാർ ഏകീകൃത കുർബാനക്രമം: പ്രസ്താവന

സീറോ മലബാർ സഭയിൽ നവീകരിച്ച വിശുദ്ധ കുർബാനക്രമവും ഏകീകൃത അർപ്പണരീതിയും 2021 നവംബർ 28 -ന് നിലവിൽ വന്നിരുന്നു. സീറോ മലബാർ മെത്രാൻ സിനഡിന്റെ തീരുമാനപ്രകാരം നിലവിൽ വന്ന ഏകീകൃത അർപ്പണരീതി നടപ്പാക്കുന്നതിൽ നിന്ന് പൗരസ്ത്യ കാനൻ നിയമത്തിലെ കാനോന 1538 ​§1 അനുസരിച്ച് ചില രൂപതകളിൽ രൂപത മുഴുവനായും ഇളവ് നല്കിയിരുന്നു. സഭയുടെ പെർമനന്റ് സിനഡ് നിയമവിരുദ്ധമായ ഈ നടപടി‌, പൗരസ്ത്യ സഭകൾക്കായുള്ള റോമിലെ കാര്യാലയത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും ആരാധനക്രമ നിയമങ്ങളിൽ നിന്ന് ഇളവ് നല്കുന്നതുമായി ബന്ധപ്പെട്ട നിയമത്തെക്കുറിച്ച് വ്യക്തത ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ഇതിനുള്ള മറുപടിയായി പൗരസ്ത്യ സഭകൾക്കായുള്ള കാര്യാലയത്തിന്റെ പ്രീഫക്ട് കർദ്ദിനാൾ ലെയണാർദോ സാന്ദ്രിയും സെക്രട്ടറി ആർച്ചുബിഷപ്പ് ജോർജോ ദിമേത്രിയോ ​ഗല്ലാറോയും 2021 ഡിസംബർ 9 -ന് ഒപ്പു വച്ച കത്ത് ഡൽഹിയിലെ അപ്പസ്തോലിക് നുൻഷിയേച്ചർ വഴി ഇന്നു രാവിലെ മേജർ ആർച്ചുബിഷപ്പിന്റെ കാര്യാലയത്തിൽ ലഭിച്ചു. അതുപ്രകാരം, കാനോന 1538 ​§1 ഉപയോ​ഗിച്ചുകൊണ്ട് സഭയുടെ സിനഡ് അം​ഗീകരിച്ചതും മേജർ ആർച്ചുബിഷപ്പ് കല്പനയായി പുറത്തിറക്കിയതുമായ സിനഡിന്റെ ആരാധനക്രമ നിയമങ്ങൾ നടപ്പാക്കുന്നതിൽ നിന്ന് ഒരു രൂപതക്കു മുഴുവനായും ഇളവു നല്കാൻ സാധ്യമല്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതുപോലെ, സിനഡ് അം​ഗീകരിച്ച ആരാധനക്രമ നിയമങ്ങൾ അനുസരിക്കുന്നതിൽ നിന്ന് ആരെയും നിരോധിക്കാൻ പാടില്ലെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

2020 നവംബർ 9 -ന് പൗരസ്ത്യ സഭകൾക്കായുള്ള കാര്യാലയം നല്കിയ കത്തിൽ കാനോന 1538 ​§1 പ്രകാരം ഒഴിവ് നല്കുന്നത് പ്രത്യേക കാരണങ്ങളുടെ അടിസ്ഥാനത്തിലും പ്രത്യേക കേസുകളി‍ലും കൃത്യമായി നിർണ്ണയിച്ചിട്ടുള്ള സമയപരിധിയിലേക്കും മാത്രമായിരിക്കണമെന്ന് നിഷ്കർഷിച്ചിരുന്നു. ഇവ കണക്കിലെടുക്കാതെയാണ് ഏതാനും രൂപതകളിൽ ഏകീകൃത അർപ്പണരീതി നടപ്പാക്കുന്നതിൽ നിന്ന് രൂപതക്കു മുഴുവനായി ഇളവ് നല്കിയതും സിനഡ് തീരുമാനമനുസരിച്ച് വിശുദ്ധ കുർബാന അർപ്പിച്ചവരെ അതിൽ നിന്നും വിലക്കിയതും.

പൗരസ്ത്യ സഭകൾക്കായുള്ള കാര്യാലയത്തിൽ നിന്ന് ലഭിച്ച പുതിയ നിർദ്ദേശങ്ങൾ അറിയിച്ചുകൊണ്ട് സഭയിലെ എല്ലാ മെത്രാന്മാർക്കും ‌മേജർ ആർച്ചുബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ് കത്തെഴുതിയിട്ടുണ്ട്. ഈ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ വിശുദ്ധ കുർബാനയുടെ ഏകീകൃത അർപ്പണരീതിയിൽ നിന്ന് ചില രൂപതകളെ പൂർണ്ണമായി ഒഴിവാക്കിയിരിക്കുന്ന നടപടി തിരുത്തുന്നതിന് മേജർ ആർച്ചുബിഷപ്പ് നിർദ്ദേശം നല്കുകയും ചെയ്തു.

10 ഡിസംബർ 2021

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.