പ്രളയ ബാധിതര്‍ക്ക് 1.13 കോടി രൂപയുടെ സഹായം കൈമാറും എന്ന് സീറോ മലബാര്‍ സിനഡ്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1.13 കോടി രൂപ കൂടി സീറോ മലബാര്‍ സഭ സംഭാവനയായി കൈമാറും. കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ സമ്മേളിക്കുന്ന സിനഡിലാണ് ഇക്കാര്യം തീരുമാനിച്ചത്.

കേരളം നേരിട്ട പ്രളയത്തെ അതിജീവിക്കാന്‍ സീറോ മലബാര്‍ സഭ ക്രിയാത്മകമായ പങ്കു വഹിച്ചെന്നു സിനഡ് വിലയിരുത്തി. പ്രളയക്കെടുതി നേരിട്ട വിവിധ പ്രദേശങ്ങളിലെ ഏറ്റവും അര്‍ഹരായവര്‍ക്കു ജാതിമതഭേദമെന്യേ ഈ തുക ലഭ്യമാക്കിയതിനെ സിനഡ് അഭിനന്ദിച്ചു. സഭയിലെ വിവിധ രൂപതകളും സന്യാസസമൂഹങ്ങളും ചേര്‍ന്നു 188 കോടിയില്‍പരം രൂപ സമാഹരിച്ചുവെന്നു സിനഡില്‍ അവതരിപ്പിച്ച കണക്കുകള്‍ വ്യക്തമാക്കി.

മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ സമാപന സന്ദേശത്തോടെ സഭയുടെ ഇരുപത്തേഴാമത്തെ സിനഡ് ഇന്നു സമാപിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.