സീറോ മലബാര്‍ സിനഡ് 18 നു അവസാനിക്കും

ഇരുപത്തി ഏഴാമത് സീറോ മലബാർ സിനഡിന് തുടക്കം കുറിച്ചു. ജനുവരി ഏഴിന് സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയുടെ മുഖ്യ കാർമികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയോടെയാണ് സിനഡിന് തുടക്കം കുറിച്ചത്.

സീറോ മലബാർ സഭയിൽ 35 രൂപതകളിൽ നിന്നായി മൊത്തം 64 ബിഷപ്പുമാരാണ് ഉള്ളത്. ഇവരിൽ 57 ബിഷപ്പുമാരും ഇപ്പോൾ സിനഡിൽ പങ്കെടുക്കുകയാണ്. രൂപതാധ്യക്ഷന്മാർ, സഹായ മെത്രാന്മാർ, വിരമിച്ച മെത്രാന്മാർ തുടങ്ങിയവരാണ് സിനഡിൽ പങ്കെടുക്കുക.

ജനുവരി 7 നു തുടങ്ങിയ സിനഡ് 18 നു അവസാനിക്കും. സീറോ മലബാർ സഭയുടെ ഉന്നത സമിതിയായ മെത്രാൻ സിനഡ് വർഷത്തിൽ രണ്ടു പ്രാവശ്യം ആണ് സമ്മേളിക്കുക. ജനുവരി മാസത്തിലും ഓഗസ്റ്റ് മാസത്തിലും. സാധാരണ ഗതിയിൽ ജനുവരി മാസം സമ്മേളിക്കുന്ന സിനഡ് ഒരാഴ്ചയും ഓഗസ്റ്റ് മാസം നടക്കുന്ന സിനഡിന് രണ്ടാഴ്ചയും ദൈർഘ്യം ആണ് ഉണ്ടാവുക. എന്നാൽ പ്രളയം മൂലം കഴിഞ്ഞ ഓഗസ്റ്റ് മാസം നടക്കേണ്ടിയിരുന്ന സിനഡ് നടന്നിരുന്നില്ല. അതിനാൽ ഈ സിനഡ് രണ്ടാഴ്ച നീളും. സീറോ മലബാര്‍ സഭയെ സംബന്ധിച്ചു പൊതുവായതും പ്രധാന്യമേറിയതുമായ കാര്യങ്ങളാണ് സിനഡില്‍ ചര്‍ച്ചയ്ക്കു വിധേയമാകുക .

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.