ഐക്യവും ഐക്യരൂപ്യവും സുപ്രധാനമാണ്: വത്തിക്കാന്‍ സ്ഥാനപതി

സീറോമലബാര്‍ സഭയുടെ സിനഡു സമ്മേളനത്തിന്റെ രണ്ടാം ദിവസത്തില്‍ മാര്‍പാപ്പയുടെ ഇന്ത്യയിലെ സ്ഥാനപതിയായ ആര്‍ച്ച്ബിഷപ് ലിയോ പോള്‍ ദോ ജിറേല്ലി സിനഡിനെ അഭിസംബോധന ചെയ്തു. കോവിഡ് മഹാമാരിയെ നേരിടുന്നതില്‍ സീറോമലബാര്‍ സഭ നല്‍കുന്ന മാതൃകാപരമായ നേതൃത്വത്തെ ആര്‍ച്ച്ബിഷപ് അഭിനന്ദിച്ചു. അജപാലന, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളില്‍ സീറോമലബാര്‍ സഭയുടെ പ്രവര്‍ത്തനങ്ങള്‍ സാര്‍വ്വത്രിക സഭയ്ക്കുതന്നെ ശക്തിപകരുന്നതാണ്.

പൗരസ്ത്യ സഭകള്‍ തങ്ങളുടെ തനതു പാരമ്പര്യങ്ങള്‍ പാലിച്ചുകൊണ്ട് സാര്‍വ്വത്രിക സഭാകൂട്ടായ്മയില്‍ തുടരുമ്പോഴാണ് സഭ സജീവമാകുന്നത്. സഭയുടെ ഐക്യത്തിന് ആരാധനാക്രമത്തിലെ ഐക്യരൂപ്യം അനിവാര്യമാണ്. ഈ വിഷയത്തില്‍ ഫ്രാന്‍സീസ് മാര്‍പാപ്പ നല്‍കിയ നിര്‍ദേശം നടപ്പിലാക്കാന്‍ സിനഡിന് ഉത്തരവാദിത്തം ഉണ്ടെന്ന് വത്തിക്കാന്‍ സ്ഥാനപതി ഓര്‍മ്മിപ്പിച്ചു. മാര്‍പാപ്പയുടെ തീരുമാനം നടപ്പിലാക്കുന്നത് സഭയുടെ ഐക്യത്തെ ബാധിക്കാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതല്‍ സഭയില്‍ ആവശ്യമാണ്.

ഇതിനായി സഭയിലെ മെത്രാന്മാരും വൈദീകരും ഒരുമനസ്സോടെ ദൈവജനത്തോട് ചേര്‍ന്ന് ചിന്തിക്കണം. നിഷിപ്ത താല്‍പര്യങ്ങളോടെയുള്ള സമ്മര്‍ദ്ദ തന്ത്രങ്ങള്‍ സഭയുടെ അരൂപിക്കു ചേര്‍ന്നതല്ല. സഭയോടൊത്ത് ചിന്തിക്കുന്നതിലൂടെയാണ് സഭയുടെ കൂട്ടായ്മ സാധ്യമാകുന്നതെന്ന് ആര്‍ച്ച്ബിഷപ് ഓര്‍മ്മിപ്പിച്ചു. സഭയുടെ നിര്‍ദേശങ്ങളെ സമൂഹമാധ്യമങ്ങളിലൂടെ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ച് ഇഴയ്ക്കുന്നത് തിരുസഭയുടെ മുഖം വികൃതമാക്കാന്‍ മാത്രമെ ഉപയോഗപ്പെടുകയുള്ളൂ.

മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി വത്തിക്കാന്‍ സ്ഥാനപതിക്ക് ഊഷ്മളമായ സ്വാഗതം ആശംസിച്ചു. പുതിയ ശുശ്രൂഷയില്‍ എല്ലാ സഹകരണവും പ്രാര്‍ത്ഥനയും മേജര്‍ ആര്‍ച്ച്ബിഷപ് വാഗ്ദാനം ചെയ്തു. സിനഡിന്റെ സെക്രട്ടറിയായ മെത്രാപ്പോലീത്തന്‍ വികാരി മാര്‍ ആന്റണി കരിയില്‍ വത്തിക്കാന്‍ സ്ഥാനപതിക്ക് കൃതജ്ഞത അര്‍പ്പിച്ചു സംസാരിച്ചു. വത്തിക്കാന്‍ സ്ഥാനപതിയുടെ പ്രഭാഷണത്തിനു ശേഷം ആരാധനാക്രമത്തെ ആധാരമാക്കിയുള്ള ചര്‍ച്ചകള്‍ക്ക് സിനഡില്‍ തുടക്കംകുറിച്ചു.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.