സീറോമലബാര്‍ സിനഡ് ആരംഭിച്ചു

സീറോമലബാര്‍സഭയുടെ ഇരുപത്തിയൊന്‍പതാമതു സിനഡിന്റെ രണ്ടാം സമ്മേളനം മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി തിരിതെളിച്ച് ഉദ്ഘാടനം ചെയ്യുന്നു. കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍, മെത്രാന്‍ സിനഡ് സെക്രട്ടറിയും എറണാകുളം - അങ്കമാലി അതിരൂപതയുടെ മെത്രാപോലീത്തന്‍ വികാരിയുമായ മാര്‍ ആന്റണി കരിയിലും സമീപം.

സീറോമലബാര്‍സഭയുടെ ഇരുപത്തിയൊന്‍പതാമതു സിനഡിന്റെ രണ്ടാം സമ്മേളനം മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ നേതൃത്വത്തില്‍ ആരംഭിച്ചു. ഓണ്‍ലൈനായാണു സിനഡ് സമ്മേളനം നടക്കുന്നത്. ആഗസ്റ്റ് 16ന് തിങ്കളാഴ്ച വൈകുന്നേരം പരിശുദ്ധാത്മാവിന്റെ കൃപാവരങ്ങള്‍ യാചിച്ചുകൊണ്ട് ആരംഭിച്ച സമ്മേളനത്തില്‍ മേജര്‍ ആര്‍ച്ച്ബിഷപ് തിരി തെളിക്കുകയും സഭയുടെ സിനഡ് സമ്മേളനം ആരംഭിച്ചതായി ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു.

ഭാരതത്തിനകത്തും വിദേശ രാജ്യങ്ങളിലുമായി സേവനം ചെയ്യുന്നവരും വിരമിച്ചവരുമായ 62 മെത്രാപ്പോലീത്താമാരും മെത്രാന്മാരുമാണ് സിനഡില്‍ പങ്കെടുക്കുന്നത്. തിരുവല്ല അതിരൂപതയുടെ അധ്യക്ഷനായ ആര്‍ച്ച്ബിഷപ് തോമസ് മാര്‍ കുറിലോസ് പ്രാരംഭ ധ്യാനചിന്തകള്‍ പങ്കുവച്ചു.

തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ സീറോമലബാര്‍സഭയ്ക്കു ദൈവം നല്‍കിയ അനുഗ്രഹങ്ങളെയോര്‍ത്തു മേജര്‍ ആര്‍ച്ച്ബിഷപ് ദൈവത്തിനു നന്ദി പറഞ്ഞു. കോവിഡ് വ്യാപനം ഭാരതത്തിലും വിശേഷിച്ച് കേരളത്തിലും നിയന്ത്രണാതീതമായി തുടരുന്നത് ഏറെ ആശങ്കാജനകമാണെന്ന് തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രസ്താവിച്ചു.

കോവിഡിനെതിരായ പോരാട്ടത്തില്‍ സര്‍ക്കാരിന്റെ നിര്‍ദേശങ്ങളോട് സകലരും സര്‍വ്വാത്മനാ സഹകരിക്കണമെന്ന് കര്‍ദിനാള്‍ ആവശ്യപ്പെട്ടു. കോവിഡുമൂലം ജീവത്യാഗം ചെയ്തവരെ സിനഡ് പ്രാര്‍ത്ഥനാപൂര്‍വ്വം അനുസ്മരിച്ചു. സീറോമലബാര്‍ മെത്രാന്‍സിനഡിലെ അംഗമായിരുന്ന ബിഷപ് പാസ്റ്റര്‍ നീലങ്കാവില്‍ കോവിഡ് മൂലം മരണമടഞ്ഞതിലുള്ള അനുശോചനവും പ്രാര്‍ത്ഥനയും കര്‍ദിനാള്‍ പങ്കുവച്ചു.

സീറോമലബാര്‍ സഭയുടെ ചരിത്രത്തില്‍ തങ്കലിപികളില്‍ രേഖപ്പെടുത്തുന്ന സിനഡാണ് ഇന്ന് ആരംഭിക്കുന്നതെന്ന് മാര്‍ ആലഞ്ചേരി ചൂണ്ടിക്കാട്ടി. വിശുദ്ധ കുര്‍ബ്ബാന ഏകീകൃത രീതിയില്‍ അര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ നല്‍കിയ തിരുവെഴുത്തിന് കര്‍ദിനാള്‍ തിരുസിംഹാസനത്തിന് നന്ദി പറഞ്ഞു. മാര്‍പാപ്പായുടെ നിര്‍ദ്ദേശം വിധേയത്വത്തോടെ അനുസരിക്കാന്‍ സഭയ്ക്കു മുഴുവനുമുള്ള കടമയെക്കുറിച്ച് മേജര്‍ ആര്‍ച്ച്ബിഷപ് പ്രത്യേകം അനുസ്മരിച്ചു.

നവീകരിച്ച കുര്‍ബ്ബാനക്രമത്തിന് പൗരസ്ത്യതിരുസംഘവും മാര്‍പാപ്പയും നല്‍കിയ അംഗീകാരത്തിനും മാര്‍ ആലഞ്ചേരി കൃതജ്ഞത രേഖപ്പെടുത്തി. ആഗസ്റ്റ് 27നാണ് സിനഡ് സമാപിക്കുന്നത്. സിനഡിന്റെ ദിവസങ്ങളില്‍ മുന്‍കൂട്ടി നിശ്ചയിച്ചതനുസരിച്ച് വിവിധ വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്നതാണ്.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.