അഭയാകേസുമായി ബന്ധപ്പെട്ട അപവാദ പ്രചരണങ്ങള്‍ അവസാനിപ്പിക്കണം: സീറോമലബാര്‍ സിനഡ്

അഭയാകേസിലെ കോടതിവിധിയിലെ ചില നിരീക്ഷണങ്ങളെ ക്രൈസ്തവസഭയെ അധിക്ഷേപിക്കാനുള്ള മാര്‍ഗ്ഗമായി ചില മാധ്യമങ്ങളും പ്രസ്ഥാനങ്ങളും ദുരുപയോഗിക്കുന്നതില്‍ സീറോമലബാര്‍ സഭയുടെ സിനഡ് ആശങ്ക രേഖപ്പെടുത്തി. സിസ്റ്റര്‍ അഭയയുടെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടതുപോലും സഭയാണെന്ന സത്യം മറച്ചുവെച്ചുകൊണ്ടാണ് ഈ അപവാദ പ്രചരണം എന്നത് ദു:ഖകരമാണ്. സഭയില്‍ സമര്‍പ്പിത ജീവിതം നയിച്ചിരുന്ന സിസ്റ്റര്‍ അഭയയുടെ ആത്മാവിനും അവരുടെ കുടുംബത്തിനും നീതി ലഭിക്കണമെന്ന് ആരേക്കാളുമാഗ്രഹിക്കുന്നത് സഭയാണ്. ഈ ലക്ഷ്യത്തോടെ സഭ സ്വീകരിച്ച നിലപാടുകളെ അവഗണിക്കാനും നിക്ഷിപ്ത താല്പര്യങ്ങളോടെ സഭയെ സമൂഹമധ്യത്തില്‍ അധിക്ഷേപിക്കാനുമാണ് ചില തല്പര കക്ഷികള്‍ ശ്രമിക്കുന്നത്.

അഭയാകേസില്‍ സി.ബി.ഐ കോടതി പുറപ്പെടുവിച്ച വിധിയെ രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമുള്ള സമൂഹം എന്നനിലയില്‍ സഭ സ്വീകരിക്കുന്നു. എന്നാല്‍ വിധിയുടെ ഉള്ളടക്കത്തെക്കുറിച്ച് പരിണത പ്രജ്ഞരായ ന്യായാധിപന്മാരും ഫോറന്‍സിക് വിദഗ്ധരും കുറ്റാന്വേഷണ മേഖലയില്‍ പ്രാവീണ്യമുള്ളവരും പരസ്യമായി പ്രകടിപ്പിച്ചിട്ടുള്ള വ്യത്യസ്ഥാഭിപ്രായങ്ങള്‍ ഗൗരവമായി പരിഗണിക്കേണ്ടതാണ്. ഇക്കാര്യത്തില്‍ കേരളത്തിലെ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ നിലപാടിനോട് ചേര്‍ന്നാണ് സീറോമലബാര്‍ സഭയും ചിന്തിക്കുന്നത്. നിക്ഷിപ്ത താല്പര്യങ്ങളെപ്രതി നിരപരാധികള്‍ ശിക്ഷിക്കപ്പെടുകയും യഥാര്‍ത്ഥ പ്രതികള്‍ രക്ഷപെടുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാകരുത്. മേല്‍ക്കോടതികളുടെ വിധിതീര്‍പ്പില്‍ വസ്തുതകളുടെ നിജസ്ഥിതി കൂടുതല്‍ വ്യക്തമാകുമെന്ന് സഭയ്ക്ക് പ്രതീക്ഷയുണ്ട്.

അഭയാകേസിനോടനുബന്ധിച്ച് സ്വന്തം അഭിപ്രായം പറയാനുള്ള വ്യക്തികളുടെ സ്വാതന്ത്ര്യം മാനിക്കുമ്പോള്‍ തന്നെ സ്വകാര്യ വെളിപാടുകളെന്ന നിലയില്‍ സഭയുടെ നാമത്തില്‍ അഭിപ്രായങ്ങള്‍ പറയുന്നതില്‍നിന്ന് ഉത്തരവാദിത്വപെട്ടവര്‍ സ്വയം മാറിനില്ക്കണം. ഇത്തരം ചിന്താഗതിയോട് സഭ യോജിക്കുന്നില്ല. ഇത്തരം പ്രസ്താവനകളെ വിശ്വാസികളും പൊതുസമൂഹവും അവഗണിക്കണമെന്നും സീറോമലബാര്‍ സഭയുടെ മെത്രാന്‍ സിനഡ് അഭ്യര്‍ത്ഥിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.