സീറോ മലബാര്‍ സഭയുടെ വിശ്വാസപരിശീലന അദ്ധ്യയനവര്‍ഷം ഉദ്ഘാടനം ചെയ്തു

സീറോ മലബാര്‍ സഭയുടെ വിശ്വാസപരിശീലന അദ്ധ്യയന വര്‍ഷം മെയ്‌ മാസം 29-ന് സഭയുടെ തലവനും പിതാവുമായ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. കത്തോലിക്കാ ചാനലുകളായ ശാലോം, ഷെക്കയ്‌നാ, ഗുഡ്‌നസ് എന്നിവയിലൂടെ സംപ്രേഷണം ചെയ്യപ്പെട്ട ഉദ്ഘാടനസന്ദേശത്തില്‍ വിശ്വാസത്തെക്കുറിച്ചുള്ള അറിവില്‍ പരിപോഷിപ്പിക്കപ്പെടുക, കൗദാശിക ജീവിതത്തില്‍ ആഴപ്പെടുക, ഈശോയുടെ വ്യക്തിത്വത്തില്‍ വളരുക, പ്രാര്‍ത്ഥനാജീവിതത്തിലുള്ള പരിശീലനം നേടുക, സമൂഹത്തില്‍ ക്രിസ്തുവിന് സാക്ഷ്യം നല്‍കാന്‍ കുട്ടികളെ പ്രാപ്തരാക്കുക മുതലായ ദര്‍ശനങ്ങളാണ് വിശ്വാസപരിശീലനത്തിലൂടെ സഭ ലക്ഷ്യമിടുന്നതെന്ന് മേജര്‍ ആര്‍ച്ചുബിഷപ്പ് പറഞ്ഞു.

ദൈവവചനം പങ്കുവയ്ക്കുന്നതിലൂടെ ഈശോയെ വ്യക്തിജീവിതത്തില്‍ സാക്ഷ്യപ്പെടുത്താന്‍ കുഞ്ഞുങ്ങളെ പ്രാപ്തരാക്കുകയാണ് വിശ്വാസപരിശീലനത്തിലൂടെ നാം ചെയ്യുന്നതെന്ന് വിശ്വാസപരിശീലന കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് ഉദ്ഘാടനസമ്മേളനത്തില്‍ നല്‍കിയ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. ടിവി ചാനലുകള്‍ ഈ ഉത്തരവാദിത്വം ഏറ്റെടുക്കുന്നത് അഭിനന്ദനാര്‍ഹമാണെന്ന് അദ്ദേഹം അറിയിച്ചു.

കോവിഡ് 19-ന്റെ പശ്ചാത്തലത്തില്‍ കത്തോലിക്കാ ടെലിവിഷന്‍ ചാനലുകളുടെ സഹായത്തോടെ കേരളത്തിലെ വിവിധ രൂപതാ മതബോധന കേന്ദ്രങ്ങളുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ ക്ലാസ്സുകള്‍ നടത്തുവാനാണ് പദ്ധതിയിട്ടിരിക്കുന്നതെന്ന് കമ്മീഷന്‍ സെക്രട്ടറി ഫാ. തോമസ് മേല്‍വെട്ടത്ത് അറിയിച്ചു. കിഡ്‌സ് വിഭാഗം മുതല്‍ 12-ാം ക്ലാസ്സ് വരെയുള്ള പുസ്തക പാഠാവലികളാണ് ഇത്തരത്തില്‍ വീഡിയോ ഫോര്‍മാറ്റില്‍ തയ്യാറാക്കിയിട്ടുള്ളത്.

ജൂണ്‍ 6-ന് വിശ്വാസപരിശീലന വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ക്കും അദ്ധ്യാപകര്‍ക്കുമുള്ള ഓറിയന്റേഷന്‍ ക്ലാസ്സുകള്‍ നടക്കുന്നു. ജൂണ്‍ 7 മുതല്‍ വിവിധ സമയക്രമങ്ങളില്‍ മൂന്നു ടിവി ചാനലുകളിലൂടെയും വിശ്വാസപരിശീലന ക്ലാസ്സുകള്‍ സംപ്രേഷണം ചെയ്യുമെന്നും ഇംഗ്ലീഷ് വിശ്വാസപരിശീലന ക്ലാസ്സുകള്‍ ജൂണ്‍ 21 മുതല്‍ സംപ്രേഷണം ആരംഭിക്കുമെന്നും സെക്രട്ടറി ഫാ. തോമസ് മേല്‍വെട്ടത്ത് അറിയിച്ചു.

ഉദ്ഘാടനസമ്മേളനത്തിന് വിശ്വാസപരിശീലന കമ്മീഷന്‍ സെക്രട്ടറി ഫാ. തോമസ് മേല്‍വെട്ടത്ത് സ്വാഗതവും സി. ജിസ് ലറ്റ് എം.എസ്.ജെ നന്ദിയും പറഞ്ഞു. സീറോ മലബാര്‍ മീഡിയ കമ്മീഷന്‍ സെക്രട്ടറി ഫാ. അലക്‌സ് ഓണംപള്ളി, സി. പുഷ്പ എം.എസ്.ജെ, ബ്രദര്‍ അലക്‌സ് വി.സി., കുര്യക്കോസ് തെക്കേപുറത്തുതടത്തില്‍ എന്നിവര്‍ ഉദ്ഘാടന പടിപാടിക്ക് നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.