വചനജീവിതം സീറോ മലബാര്‍ ഫെബ്രുവരി 23 മത്തായി 11:20-24

ഓരോ ജീവിതത്തെയും ഓരോ പട്ടണങ്ങള്‍ക്കു സമമായി വിലയിരുത്താനാകും. ഒരുപാട് അനുഭവങ്ങളും സംഭവങ്ങളും വ്യക്തികളും ഓര്‍മ്മകളും നിറഞ്ഞുനില്‍ക്കുന്ന പട്ടണങ്ങള്‍. ചില പട്ടണങ്ങള്‍ പെട്ടെന്നു വളരുന്നു. ചിലത് പെട്ടെന്ന് തകരുന്നു. കാരണങ്ങള്‍ പലതാകാം. കൊടുക്കല്‍-വാങ്ങലുകള്‍ പട്ടണത്തിന്‍റെ പൊതുസ്വഭാവമാണ്.

ഏതു ജീവിതത്തിനാണ് ഒറ്റയ്ക്കു നിലനില്‍ക്കാനാകുന്നത്? ആര്‍ക്കാണ് ആരോടും ഒന്നിനോടും മമതയില്ലാതെ മുന്നേറാനാകുന്നത്? എല്ലാം അനുഗ്രഹത്തിന്‍റെ ഒരുക്കപ്പെട്ട വഴികള്‍ തന്നെയല്ലേ. സംഭവിച്ചതും ഇനിയുള്ളതുമൊക്കെ… ദൈവീകസംരക്ഷണത്തിന്‍റെ ചില പൊതിയലുകളെ ഇന്നും എത്ര ഊഷ്മളതയോടെയാണ് ഓര്‍മ്മിക്കുക! ഇതിനെയാണ് വിശ്വാസത്തിന്‍റെ കാഴ്ചപ്പാട് എന്നു വിശേഷിപ്പിക്കുന്നത്.

ഈശോയ്ക്ക് ആ പട്ടണങ്ങളോട് പറയാനുണ്ടായിരുന്നതും അതു തന്നെയായിരുന്നു. ഇത്രയേറെ കരുതലേകിയിട്ടും അത്ഭുതങ്ങള്‍ക്കു സാക്ഷികളായിട്ടും എന്തേ നിങ്ങള്‍ പിന്തിരിഞ്ഞു നടക്കുന്നു? കൊറാസിനും ബെത്സയ്ദായുമൊക്കെ എന്‍റെ ജീവിതത്തില്‍ ഇടയ്ക്കിടെ വന്നു ഭവിക്കുന്നല്ലോ എന്നോര്‍ക്കുമ്പോള്‍! കൈനീട്ടി സ്വീകരിച്ച നന്മകളെ നന്ദിയോടെ ദൈവതിരുമുമ്പിലര്‍പ്പിക്കാന്‍ കഴിയാതെ വരുമ്പോള്‍ സ്വയം അത്തരം പട്ടണമായി എന്‍റെ ജീവിതവും മാറുന്നു എന്നത് നൊമ്പരത്തോടെ തിരിച്ചറിയേണ്ടതല്ലേ.

നന്ദിപറഞ്ഞു പ്രാര്‍ത്ഥിക്കാനും സ്വീകരിച്ചവയെ ഓര്‍ത്ത് സന്തോഷത്തോടെ ജീവിക്കാനും കഴിഞ്ഞാല്‍ ബത്സയ്ദായില്‍ നിന്നും അനുഗ്രഹത്തിന്‍റെ പുത്തന്‍ പട്ടണത്തിലേയ്ക്ക് എന്‍റെ ജീവിതവും വഴിമാറും. പട്ടണത്തിന് പുതുമയുണ്ട്. മാറ്റങ്ങള്‍ അവിടെ സാധാരണമാണ്. എങ്കില്‍, ഈ ജീവിതത്തിനും അതാകാമല്ലോ. മനോഭാവങ്ങളെ മാറ്റാന്‍ കഴിയുക എന്നതാണ് ജീവിതത്തില്‍ അനുഭവിക്കാവുന്ന വലിയൊരു പുതുമ. ‘ഞാന്‍ ഇങ്ങനെയാണ്; എനിക്കിതേ പറ്റൂ’ എന്ന പതിവുപല്ലവിയില്‍ നിന്നും ഒന്നു മാറ്റിപ്പിടിക്കാന്‍, ‘എനിക്കിങ്ങനെയും പറ്റും, ഞാന്‍ ഇങ്ങനെയുമാണ്’ എന്ന് സ്വയം ബോധ്യപ്പെട്ട് മനോഭാവങ്ങളില്‍ രൂപമാറ്റം സാധ്യമാക്കിയാല്‍ ഈശോ ഈ പട്ടണത്തെ നോക്കിപ്പറയും, അനുഗ്രഹീതമായ പട്ടണമേ… നീ അനുഗ്രഹമായി മുന്നേറുക എന്ന്.

ഫാ. ജിയോ കണ്ണന്‍കുളം സി.എം.ഐ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.