വചനജീവിതം സീറോ മലബാര്‍ ഫെബ്രുവരി 01 മത്താ. 24:34-39

ഒരാളുടെ ജീവിതത്തെക്കുറിച്ചുള്ള ദൈവഹിതം തിരുത്തിയെഴുതുക സാധ്യമാണോ? ദൈവഹിതം മാറില്ലല്ലോ – അതിനാല്‍ അത് അസാധ്യമാണ് എന്ന സാമാന്യ ഉത്തരം നാം പറയുന്നു. “ജറുസലേം ജറുസലേം… പിടക്കോഴി തന്‍റെ കുഞ്ഞുങ്ങളെ ചിറകുകള്‍ക്കുള്ളില്‍ കാത്തുകൊള്ളുന്നതുപോലെ, നിന്‍റെ സന്തതികളെ ഒരുമിച്ചുകൂട്ടുവാന്‍ ഞാന്‍ എത്രയോ പ്രാവശ്യം ആഗ്രഹിച്ചു! പക്ഷേ, നിങ്ങള്‍ വിസമ്മതിച്ചു!”

ദൈവത്തോട് എതിരിടുന്ന ജീവിതം കൊണ്ട് സ്വന്തം വിധി സ്വയം എഴുതുന്നവരുണ്ട്. പല സൂചനകളും പല മുന്നറിയിപ്പുകളും പല സംഭവങ്ങളിലൂടെയും പല വ്യക്തികളിലൂടെയും നല്‍കപ്പെട്ടിട്ടും അതിനെയെല്ലാം ബോധപൂര്‍വ്വം അവഗണിച്ച് ‘എന്നെ തല്ലണ്ടമ്മാവാ.. ഞാന്‍ നന്നാവൂല..’ എന്ന ശാഠ്യത്തില്‍ ജീവിതത്തെ അപകടങ്ങളിലേക്ക് നയിക്കുന്നവര്‍ സ്വയം വിധി എഴുതുന്നവരാണ്. ദൈവഹിതം മറ്റൊന്നായിരുന്നു. ശ്രേഷ്ഠമായ വഴിയിലേയ്ക്കുള്ള സാധ്യതകളുടെ കൂമ്പാരമേകി വളര്‍ത്തിക്കൊണ്ടുവന്ന ജീവിതമായിരുന്നു.. പക്ഷേ.. നന്മകളുടെ വഴികള്‍ക്കു മുന്നില്‍ നീ കൊടുത്ത ചില “വിസമ്മത”ങ്ങള്‍, നിനക്കുതന്നെ കുരുക്കായ് മാറുന്നു.

തിന്മകളുടെ കുത്തൊഴുക്കിനു മുന്നില്‍ ദൈവഹിതം പോലും വഴിമാറിയെന്നു വരാം. സ്വയമൊരുക്കുന്ന വാരിക്കുഴിയില്‍ സ്വയം വീണിട്ട് അത് ദൈവഹിതമെന്നു പറയരുതേ. മറുവശവും കൂട്ടിവായിക്കാം. ജീവിതത്തോട് ചേര്‍ത്തുവച്ച ചില കടുപ്പമേറിയ ദൈവഹിതങ്ങളെ നന്മകളുടെ സമ്പന്നത കൊണ്ട് തിരുത്തിയെഴുതുവാന്‍ കഴിയും. സുകൃതങ്ങള്‍ക്ക്, പ്രാര്‍ത്ഥനക്ക് അത്രമേല്‍ ശക്തിയുണ്ടല്ലോ.

വിസമ്മതങ്ങള്‍ക്കു പകരം സ്വയം (സ്വാര്‍ത്ഥം) മറക്കുന്ന, കൈയയച്ചു ചെയ്യുന്ന ചില സഹായങ്ങള്‍, താഴ്ന്നുതുടങ്ങുന്ന ജീവിതങ്ങളെ പിടിച്ചുയര്‍ത്തുന്ന നിന്‍റെ ചില ഇടപെടലുകള്‍, ഒഴുകുന്ന കണ്ണീരിനു മുന്നില്‍ നീയേകിയ ചില ആശ്വാസ-അഭയങ്ങള്‍, ആരുമല്ലാതിരുന്നിട്ടുകൂടി ചിലര്‍ക്കൊക്കെ വേണ്ടി ത്യാഗപൂര്‍വ്വം നീ ചെയ്ത പ്രാര്‍ത്ഥനകള്‍, അര്‍ഹിക്കുന്നതിനുമപ്പുറം ചില ജീവിതങ്ങളിലേക്ക് നീയേകിയ അനുഗ്രഹങ്ങള്‍..! ധ്യാനിച്ചു നോക്ക്.. നിരവധിയുണ്ട്.. ഒന്നും വെറുതെയല്ല.. എല്ലാം ദൈവത്തിന്‍റെ കണക്കുപുസ്തകത്തില്‍ ബോള്‍ഡ് ചെയ്ത് എഴുതപ്പെടുന്നുണ്ട്.. ഓരോന്നിനും ജീവിതത്തിലെ ചില ദൗര്‍ഭാഗ്യങ്ങളെ തിരുത്തുവാന്‍ പോന്ന ശക്തിയുണ്ട്.. അപ്രതീക്ഷിതമായ ഇത്തരം ദൈവത്തിന്‍റെ ഇടപെടലുകളെ ലോകം ‘ഭാഗ്യം’ എന്നു വിളിക്കുന്നു. സുകൃതങ്ങളാല്‍ ജീവിതത്തില്‍ ഭാഗ്യസമൃദ്ധി നിറയ്ക്കാം. ഇന്നാരംഭിക്കുന്ന പുതിയ മാസം – ഫെബ്രുവരി – അനുഗ്രഹീതമാകട്ടെ..

ഫാ. ജിയോ കണ്ണന്‍കുളം സി.എം.ഐ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.