വചനജീവിതം സീറോ മലബാര്‍ ജനുവരി 19 മാര്‍ക്കോ. 1:21-28

പ്രിയപ്പെട്ട സുഹൃത്തൊക്കെ ആയിരിക്കും പക്ഷേ, അവരിലെ ഒരു കുറവ് ചൂണ്ടിക്കാണിച്ചു നോക്ക്. തനിസ്വഭാവമറിയാം. നിന്‍റെ നേരെ ചോദിക്കും: നീ എന്തിനാ എന്‍റെ കാര്യത്തില്‍ ഇടപെടുന്നത്? നിന്‍റെ കാര്യം നോക്കിയാല്‍ പോരേ? ഇതേ കാര്യം തന്നെയല്ലേ അശുദ്ധാത്മാവ് ഈശോയോടും അലറിയത്! “നീ എന്തിന് എന്‍റെ കാര്യത്തില്‍ ഇടപെടുന്നു” എന്ന്.

ഉള്ളില്‍ തിന്മയുടെ പിടിപാട് ശക്തമായുണ്ടെങ്കില്‍ ആര് നല്ലത് പറഞ്ഞുതന്നാലും, ആര് നിന്നെ തിരുത്തിയാലും അവരോടെല്ലാം നീ കയര്‍ത്തുസംസാരിക്കും. കാരണം, നീ ശരികളിലൂടെ വളരുന്നത് അംഗീകരിക്കാന്‍ കഴിയാത്തത് നിന്റെ ഉള്ളിലെ തിന്മയ്ക്കു മാത്രമാണ്. ഉളില്‍ ദൈവികമായ പ്രസാദവരത്തിന്‍റെ കുളിര്‍മ്മയുണ്ടെങ്കില്‍ തിരുത്തലുകൾക്കു മുന്നിൽ പ്രസാദാത്മകതയോടെ നിലകൊള്ളാൻ നമുക്ക് കഴിയും- തിരുത്തൽ നൽകുന്നവരോട് ആദരവ് തോന്നുകയും ചെയ്യും.

ഓരോ ദിവസവും എത്രയോ പേർ വാക്കാലും ചില കണ്ണുരുട്ടലുകൾ കൊണ്ടുപോലും തിരുത്തൽ നൽകുന്നു. അവർ അരുതെന്ന് പറയുമ്പോഴും എന്നിലെ അരുതായ്മയെ അകറ്റി വെളിച്ചത്തിലേക്ക് നയിക്കുന്ന ഗുരുവായി അവർ മാറുന്നുണ്ട്. ഗുരുവിനു മുന്നിൽ ചൊല്ലുന്ന ‘യെസ്’ ആണ് എന്റെ ആത്മത്തിന്  തെളിച്ചമേകുന്നത്.

നിത്യഗുരുവിനു മുന്നിൽ അരുതുകളുടെ അശുദ്ധാത്മാക്കളെ ആട്ടിപ്പായിച്ചപ്പോൾ ഒരു മനുഷ്യൻ ജിവൻ നേടി-ജീവിതത്തിന്റെ രുചിയറിഞ്ഞു. ആ രുചിക്കൂട്ടിലേക്ക് നടന്നടുക്കാൻ തിരുവചനത്തിന്റെ ശക്തിയും വിശുദ്ധ കുരിശിന്റെ കൂട്ടും വിശുദ്ധ കുർബാനയുടെ സാന്നിധ്യവും മാത്രംമതി.

ഫാ. ജിയോ കണ്ണന്‍കുളം സി.എം.ഐ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.