സീറോ മലബാർ ഏലിയാ സ്ലീവാ മൂശാക്കാലം അഞ്ചാം ബുധന്‍ ഒക്‌ടോബർ 09 ലൂക്കാ 11: 24-26 അശുദ്ധാത്മാവിന്‍റെ തിരിച്ചുവരവ്

ഹൃദയമാകുന്ന വീട്, തിന്മകളെയെല്ലാം പുറത്താക്കി അടിച്ചും സജ്ജീകരിച്ചുമിട്ടാൽ മാത്രം പോരാ, നന്മകളാൽ നിറയ്ക്കണം എന്ന് വ്യക്തമാക്കുകയാണ് ഇന്നത്തെ വചനം. ശൂന്യമായ ഇടങ്ങൾ നിറയേണ്ടതുണ്ട്. നന്മയാൽ അവയെ നിറച്ചില്ലങ്കിൽ തിന്മകളാൽ അവ നിറയും എന്ന സൂചനയാണ് ഇവിടെ നല്‍കുന്നത്.

ഓരോ കുമ്പസാരത്തിനും ശേഷം നമ്മുടെ മനസ് തിന്മകളിൽ നിന്ന് മുക്തമാകുന്നു. പിന്നീട്, ഒന്നും ചെയ്യാതിരുന്നാൽ ഒരുപക്ഷേ, നമ്മുടെ ആത്മീയാവസ്ഥ പഴയതിലും മോശമാകാം. എന്നാൽ, വചനം വായിച്ചു തുടങ്ങിയാൽ, അനുദിനവും വിശുദ്ധ കുർബാനയിൽ പങ്കെടുത്തു തുടങ്ങിയാൽ, നല്ല കാര്യങ്ങൾ പറയുകയും കേൾക്കുകയും ചെയ്താൽ, ഇടവേളകളിൽ ബാല്യത്തിൽ പഠിച്ച സുകൃതജപങ്ങൾ നിശബ്ദമായി ഉരുവിട്ടു തുടങ്ങിയാലൊക്കെ നമ്മൾ നന്മയാൽ നിറയും. പിന്നീട് തിന്മയ്ക്ക് നമ്മെ കീഴ്പ്പെടുത്താൻ സാധിക്കില്ല. അങ്ങനെ നമ്മുടെ അവസ്ഥ ആദ്യത്തേതിനേക്കാൾ മെച്ചപ്പെട്ടിരിക്കും.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.