സീറോ മലബാര്‍ ഏലിയാ സ്ലീവാ മൂശാക്കാലം രണ്ടാം ബുധൻ സെപ്റ്റംബര്‍ 08 മത്തായി 1: 1-16 പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവിത്തിരുനാള്‍

പരിശുദ്ധ അമ്മയുടെ ജനനത്തിരുനാളില്‍ വംശാവലിയുടെ വചനഭാഗമാണ് നമ്മള്‍ ധ്യാനിക്കേണ്ടത്. അനേകം തലമുറകളിലൂടെ, വ്യക്തികളിലൂടെ, കുടുംബങ്ങളിലൂടെ, സ്ഥലങ്ങളിലൂടെ കടന്നുവരുന്ന ദൈവഹിതത്തെയാണ് നമ്മള്‍ ഇവിടെ കാണുന്നത്. ഒന്നും യാദൃശ്ചികമല്ല, എല്ലാം ദൈവത്തിന്റെ പദ്ധതിയനുസരിച്ചാണ് നയിക്കപ്പെടുന്നത് എന്നുള്ള സന്ദേശം നമ്മള്‍ ഇവിടെ കാണുന്നു.

ഒറ്റ നോട്ടത്തില്‍ ഒന്നിനും അര്‍ത്ഥവും അടിസ്ഥാനവുമുള്ളതായി നമുക്ക് തോന്നില്ല. എന്നാല്‍ പിന്നീട് നോക്കുമ്പോള്‍ എല്ലാറ്റിന്റെയും പിന്നില്‍ മറഞ്ഞിരിക്കുന്ന ദൈവികപദ്ധതി കാണാന്‍ നമുക്ക് സാധിക്കും; സാധിക്കണം. അബ്രാഹത്തിലൂടെ, ദാവീദിലൂടെ കടന്ന് യൗസേപ്പിലൂടെയും മറിയത്തിലൂടെയും എത്തിനില്‍ക്കുന്നത് ഈശോയിലാണ്. എല്ലാം ചെന്നെത്തി നില്‍ക്കേണ്ടത് യേശുവിലേയ്ക്കാണ് എന്ന സൂചനയും ഇവിടെയുണ്ട്. മാതാവിലൂടെ യേശുവിലേയ്ക്ക് എന്നാണല്ലോ നമ്മള്‍ പറയുന്നത്. പരിശുദ്ധ അമ്മയുടെ ജനനത്തിലൂടെ ദൈവത്തിന് കൃത്യമായ പദ്ധതി ഉണ്ടായിരുന്നതുപോലെ നമ്മുടെ ഓരോരുത്തരുടെയും ജനനത്തിലൂടെ ദൈവത്തിന് കൃത്യമായ പദ്ധതിയുണ്ട് എന്ന് നമുക്ക് വിശ്വസിക്കാം.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.