സീറോ മലബാര്‍ ഉയിര്‍പ്പ് ആറാം തിങ്കള്‍ മെയ്‌ 18 മത്തായി 23: 23-28 കാപട്യത്തിന്റെ മുഖംമൂടി അണിഞ്ഞവര്‍

കാപട്യത്തിന്റെ മുഖംമൂടിയണിഞ്ഞവരെ നോക്കി ഈശോ പറയുകയാണ്: “നിങ്ങൾക്കു ദുരിതം! നിങ്ങൾ പുറമേ ഒന്ന് കാണിക്കുകയും ഉള്ളിൽ വേറൊന്നു വിചാരിക്കുകയും ചെയ്യുന്നു.” പച്ചയായ മനുഷ്യനാകുവാനുള്ള ക്ഷണമാണ് ഇന്ന് ഈശോ നമുക്കു നൽകുന്നത്. നന്മയുടെ ഉറവിടമായ ദൈവത്തിൽ നിന്ന് നന്മയും സ്നേഹവും ഉൾക്കൊണ്ടു കൊണ്ട് സ്നേഹത്തിന്റെ പുതിയ മുഖമാകുവാനുള്ള വിളിയാണ് ഓരോ ക്രൈസ്തവനും ലഭിച്ചിരിക്കുന്നത്. അശുദ്ധമായ ഹൃദയത്തോടെ വിശുദ്ധമായവ കൈകാര്യം ചെയ്യുവാൻ നമുക്കാവില്ല.

ആദിമ ക്രൈസ്തവസമൂഹത്തിൽ വിശുദ്ധർ എന്നാണ് അവർ പരസ്പരം അഭിസംബോധന ചെയ്തിരുന്നതുപോലും. കാരണം, വിശുദ്ധമായ കൂദാശകൾ വഴി അവർ ദൈവീകവിശുദ്ധിയിലേയ്ക്ക് വളർന്നുകൊണ്ടിരിക്കുന്ന വിശുദ്ധരുടെ സമൂഹമായി മാറി. അതിനാൽ അവരുടെ പ്രവർത്തനങ്ങളും അവരുടെ ആന്തരീക വിശുദ്ധിയുടെ അടയാളമായിരുന്നു. അവർ തങ്ങൾക്കുള്ളതെല്ലാം വിറ്റ് ദരിദ്രര്‍ക്കു വിതരണം ചെയ്തു. അതിനാൽ തന്നെ അവരുടെയിടയിൽ ആരും പട്ടിണി കിടന്നിരുന്നില്ല. ഇതുപോലെ തങ്ങളുടെ ഉള്ളിൽ അവർ സ്വീകരിച്ച മിശിഹായുടെ വിശുദ്ധി അവർ അവരുടെ ജീവിതത്തിലെ എല്ലാ മേഖലകളിലും തങ്ങളുടെ പ്രവർത്തനങ്ങൾ വഴി വെളിപ്പെടുത്തി.

ഇന്ന് നമ്മുടെ മുമ്പിലെ വെല്ലുവിളിയും ഇതു തന്നെയാണ്. ദൈവവിശ്വാസികൾ എന്ന പേരിൽ എന്താണ് ഞാൻ എന്റെ ജീവിതത്തിൽ ചെയ്യുന്നത്? മറ്റുള്ളവരെ കാണിക്കുവാൻ നന്മ ചെയ്യുന്നുണ്ടെങ്കിലും എന്റെ മനസ്സ് മറ്റുള്ളവരുടെ നന്മയാണോ ആഗ്രഹിക്കുന്നത്. അപരനെ രക്ഷിക്കണം എന്ന പൂർണ്ണ ആഗ്രഹത്തോടെയാണോ അവനു ഞാൻ സഹായം ചെയ്യുന്നത്? ആത്മാർത്ഥമായ ഒരു ആത്മപരിശോധനയ്ക്കായി ഈശോ നമ്മെ ഒരുക്കുകയാണിവിടെ. ഇന്നത്തെ ലോകസാഹചര്യങ്ങളിൽ മിശിഹായുടെ ശിഷ്യൻ എന്ന നിലയിൽ എന്താണ് എനിക്ക് ചെയ്യുവാൻ സാധിക്കുന്നത്അത് പൂർണ്ണമനസ്സോടെദൈവസ്നേഹത്താൽ നിറഞ്ഞ്‌ ചെയ്തുകൊണ്ട് യഥാർത്ഥ ക്രിസ്തുശിഷ്യനാകുവാനും വിശുദ്ധരുടെ ഗണത്തിലേയ്ക്ക് ചേർക്കപ്പെടുവാനുമുള്ള കൃപയ്ക്കായി ആത്മാർത്ഥമായ പ്രാർത്ഥനയോടെ…

ഫാ. ചാക്കോ ചൂരപ്പുഴയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.