സീറോ മലബാര്‍ ഉയിര്‍പ്പ് നാലാം ശനി മെയ്‌ 09 മര്‍ക്കോ. 6: 1-6 അനുഗ്രഹങ്ങൾ

മിശിഹാ ചെയ്ത എല്ലാ നല്ല കാര്യങ്ങളും കാണുകയും അവന്റെ അത്ഭുതങ്ങളെക്കുറിച്ച് വ്യക്തമായ അറിവുണ്ടായിരിക്കുകയും ചെയ്തിരുന്ന അവന്റെ സ്വന്തം നാട്ടുകാർ എന്നാൽ, ഈശോയെ അംഗീകരിക്കാൻ തയ്യാറാകുന്നില്ല. ഈശോയുടെ കുടുംബത്തെയും ബന്ധുക്കളെയുമെല്ലാം അറിയാമെന്നു പറഞ്ഞുകൊണ്ട് ഒരു അവഗണനാ മനോഭാവത്തോടു കൂടെ അവനെ സമീപിക്കുന്ന ഒരു കൂട്ടം ആൾക്കാരെ മർക്കോസ് സുവിശേഷകൻ പരിചയപ്പെടുത്തുകയാണ്.

ആ ജനക്കൂട്ടത്തിൽ പലപ്പോഴും നമ്മളും കാണാറില്ലേ എന്നതാണ് ഇന്നത്തെ ധ്യാനവിഷയം. ഇന്ന് നാം മിശിഹായെ നേരിട്ടുകാണുന്നില്ല എങ്കിലും അവന്റെ തിരുസഭയേയും പ്രതിപുരുഷന്മാരെയും കണ്ടുകൊണ്ട് ഇവരെയും ഇവരുടെ കുടുംബമഹിമയേയും എല്ലാം എനിക്കറിയാം എന്ന് ഞാൻ ഒരിക്കലെങ്കിലും പറഞ്ഞിട്ടുണ്ടോ? പലപ്പോഴും നമുക്ക് ലഭിക്കേണ്ടിയിരുന്ന ദൈവീക കൃപകളെയും അനുഗ്രഹങ്ങളെയും തടഞ്ഞുനിർത്തുന്നത് നമ്മുടെ ഈ മനോഭാവവും ഇതിനോട് ഒത്തുപോകുന്ന പ്രവർത്തനരീതികളുമാണ്.

അവരോടൊപ്പം ജീവിച്ച ഈശോയിൽ ദൈവപുത്രനെ കാണുവാൻ സാധിക്കാത്ത ജനതയ്ക്കുവേണ്ടി വളരെ കുറച്ച് അത്ഭുതങ്ങൾ മാത്രം ചെയ്ത ഈശോ പറയുന്നു, ‘നമ്മോടു കൂടെ ആയിരിക്കുന്നവരിൽ ദൈവത്തെയും ദൈവത്തിന്റെ പ്രവർത്തനങ്ങളെയും കാണുകയും അംഗീകരിക്കുകയും ചെയ്താൽ മാത്രമേ നമ്മുടെ ജീവിതത്തിലും ദൈവീക ഇടപെടലുകൾ ഉണ്ടാവുകയുള്ളൂ’ എന്ന്. കാരണം, ദൈവം പ്രവർത്തിക്കുന്ന വഴികളാണ് സഭയും സഭാനേതൃത്വവും. അവരിലൂടെ ദൈവം നമുക്കായി അനേകം അനുഗ്രഹങ്ങൾ ഒരുക്കിവച്ചിരിക്കുന്നു. നമ്മുടെ ഇടവകയേയും വൈദീകരെയും സന്യസ്തരെയും അത്മായപ്രേഷിതരെയും ദൈവം തന്റെ കൃപ നമുക്കായി നൽകുവാനുള്ള മാർഗ്ഗങ്ങളായി നമ്മുടെ ഇടയിൽ നിന്നുതന്നെ ഉയർത്തിക്കൊണ്ടു വന്നിരിക്കുന്നതാണ്. അതിനാൽ ഇവരിലെല്ലാം എനിക്കായുള്ള ദൈവീകപദ്ധതികളെ കണ്ടുകൊണ്ട് ദൈവത്തിന്റെ ഇഷ്ടം നിറവേറ്റുന്ന നല്ല മക്കളായി ജീവിക്കുവാനുള്ള കൃപയ്ക്കായി ആത്മാർഥമായ പ്രാർത്ഥനയോടെ…

ഫാ. ചാക്കോ ചൂരപ്പുഴയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.