സീറോ മലബാർ ശ്ലീഹാക്കാലം രണ്ടാം വെള്ളി ജൂൺ 04 യോഹ. 6: 45-50 വിശ്വസിക്കുന്നവന് നിത്യജീവന്‍

“പിതാവില്‍ നിന്ന് ശ്രവിക്കുകയും പഠിക്കുകയും ചെയ്തവരെല്ലാം എന്റെ അടുക്കല്‍ വരുന്നു” (45).

എന്താണ് നമ്മള്‍ പിതാവില്‍ നിന്ന്  ശ്രവിക്കുകയും പഠിക്കുകയും ചെയ്യുന്നവ? വി. ഫ്രാന്‍സിസ് അസീസി, തന്റെ സഹസന്യാസികളെ പ്രസംഗിക്കാനായി അയച്ചപ്പോള്‍ പറഞ്ഞതായി പറയപ്പെടുന്ന ഒരു കാര്യമുണ്ട്: “നിങ്ങള്‍ പോകുന്ന ഇടങ്ങളിലെല്ലാം നിങ്ങള്‍ ദൈവരാജ്യം പ്രസംഗിക്കുക – ചില സാഹചര്യങ്ങളില്‍ മാത്രം വാക്കുകള്‍ ഉപയോഗിക്കുക!” എന്നുവച്ചാല്‍ എല്ലാ പ്രഘോഷണവും വാക്കുകള്‍ കൊണ്ടല്ല എന്നര്‍ത്ഥം.

ദൈവം നമ്മെ എല്ലായ്പ്പോഴും പഠിപ്പിക്കുന്നത്‌ വാക്കുകള്‍ കൊണ്ടല്ല. നമ്മുടെ ജീവിതത്തില്‍ അനുദിനം നമ്മള്‍ അനുഭവിക്കുന്ന വേദന നിറഞ്ഞതും സങ്കടം നിറഞ്ഞതുമായ സാഹചര്യങ്ങളിലൂടെ ദൈവം നമ്മെ പഠിപ്പിക്കുകയാണ്. അത്തരം സാഹചര്യങ്ങളില്‍ ദൈവത്തില്‍ നിന്ന് ശ്രവിക്കാന്‍ നമുക്ക് സാധിക്കുന്നുണ്ടോ എന്നതാണ് നമ്മള്‍ നമ്മളോട് ചോദിക്കേണ്ട ചോദ്യം! പിതാവില്‍ നിന്ന് ശ്രവിക്കാനും പഠിക്കാനും നമ്മള്‍ തുടങ്ങേണ്ടിയിരിക്കുന്നു…

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.