സീറോ മലബാര്‍ പള്ളിക്കൂദാശ 2-ാം ഞായര്‍ മത്തായി 12: 1-21 നവംബര്‍ 10 ദൈവാലയത്തിന്റെയും സാബത്തിന്റെയും നാഥന്‍

പള്ളിക്കൂദാശക്കാലം തിരുസഭയുടെ പ്രതിഷ്ഠയുടെ അനുസ്മരണകാലമാണല്ലോ. പള്ളിയെക്കുറിച്ച്, അതായത് ദൈവാലയത്തെക്കുറിച്ചാണ് ഈ കാലത്തെ തിരുലിഖിത വായനകളില്‍ അധികവും. ആദ്യ ഞായറാഴ്ച, സജീവനായ ദൈവത്തിന്റെ പുത്രനായ മിശിഹായിലുള്ള വിശ്വാസത്തില്‍ പണിതുയര്‍ത്തപ്പെടുന്ന തിരുസഭയെക്കുറിച്ച് നമ്മള്‍ ധ്യാനിച്ചല്ലോ. രണ്ടാം ഞായറാഴ്ചത്തെ വായന, ദൈവാലയത്തിന്റെയും സാബത്തിന്റെയും നാഥനായ മിശിഹായെക്കുറിച്ചാണ് (മത്തായി 12:1-13).

യഹൂദരെ വിജാതീയരില്‍ നിന്നു വേര്‍തിരിച്ചിരുന്നത് അവരുടെ മതജീവിതമായിരുന്നു. അവരുടെ വിശ്വാസജീവിത ശൈലികളില്‍ ഒരു മുഖ്യഘടകമായിരുന്നു യഹൂദ സാബത്താചരണം. ആറു ദിവസം കൊണ്ട് സൃഷ്ടികര്‍മ്മം പൂര്‍ത്തിയാക്കിയ ശേഷം ഏഴാം ദിവസം ദൈവം വിശ്രമിച്ചതിന്റെയും ഈജിപ്തിനെ അടിമത്വത്തില്‍ നിന്നു വിമോചിപ്പിച്ചതിന്റെയും ഓര്‍മ്മയായാണ് യഹൂദര്‍ സാബത്ത് ആചരിച്ചിരുന്നത്. സാബത്ത് ദിവസം വിശ്രമിക്കാത്ത വിജാതീയരാല്‍ ചുറ്റപ്പെട്ടു ജീവിച്ചിരുന്ന യഹൂദര്‍, സാബത്ത് ആചരിച്ചിരുന്നത് ഇസ്രായേലിന്റെ ദൈവത്തോടുള്ള ഉടമ്പടിയുടെ വിശ്വസ്തതയുടെ ഭാഗമായിട്ടായിരുന്നു. സാബത്ത് വേണ്ട രീതിയില്‍ ആചരിക്കാതിരിക്കുന്നത് ദൈവശിക്ഷ വിളിച്ചുവരുത്തും എന്ന ചിന്തയും യഹൂദര്‍ക്കിടയിലുണ്ടായിരുന്നു.

ഉദാഹരണത്തിന്, ആറാം നൂറ്റാണ്ടില്‍ ബാബിലോണിയക്കാര്‍ യഹൂദരാജ്യം ആക്രമിച്ചതും, ഓർശ്ലേം നശിപ്പിച്ചതും, ഇസ്രായേല്‍ ജനം ബാബിലോണിലേയ്ക്ക് നാടുകടത്തപ്പെട്ടതുമെല്ലാം സാബത്ത് വിശുദ്ധമായി ആചരിക്കാതിരുന്നതു മൂലമാണ് എന്ന് ജറെമിയാ പ്രവാചകന്‍ അഭിപ്രായപ്പെടുന്നുണ്ട് (ജെറ. 17:19-27). ഇക്കാരണത്താല്‍, സാബത്താചരണം തികച്ചും വ്യക്തിപരവും സ്വകാര്യവുമായ ഒരു കാര്യമെന്നതിനെക്കാള്‍ ദേശീയ സുരക്ഷിതത്വത്തെ ബാധിക്കുന്ന ഒരു സംഗതിയായാണ് പരിഗണിക്കപ്പെട്ടു പോന്നിരുന്നത്. ഈശോയുടെ ശിഷ്യന്മാര്‍ സാബത്തുനിയമം പാലിക്കാത്തതിനെക്കുറിച്ച്‌ ഫരിസേയര്‍ പരാതിപ്പെടുന്നതിനുള്ള കാരണമിതാണ്.

ഒരു സാബത്ത് ദിവസം വിളവയലിലൂടെ കടന്നുപോകുന്ന ഈശോയുടെ ശിഷ്യന്മാര്‍ വിശപ്പ് മൂലം ധാന്യക്കതിരുകള്‍ പറിച്ചുതിന്നാന്‍ തുടങ്ങി. വിശപ്പടക്കാന്‍ വേണ്ടി കൈകള്‍ കൊണ്ട് കതിരുകള്‍ പറിക്കുന്നത് സാബത്തില്‍ വിലക്കപ്പെട്ടിരുന്നില്ല; അരിവാള്‍ കൊണ്ടു കൊയ്‌തെടുക്കുന്നതാണ് നിഷിദ്ധമായിരുന്നത് (നിയ. 23:25). എങ്കിലും, ശിഷ്യന്മാരുടെ ഈ പ്രവൃത്തിയെ ഫരിസേയര്‍ വ്യാഖ്യാനിച്ചത് കൊയ്ത്ത് ആയിട്ടാണ്. കൊയ്യുന്നതും മെതിക്കുന്നതും സാബത്ത് ദിവസം യഹൂദര്‍ക്ക് നിയമപ്രകാരം നിഷിദ്ധമായിരുന്നു (പുറ. 34:21). അതുകൊണ്ട് അവര്‍ ഈശോയോട് പരാതിപ്പെട്ടു പറഞ്ഞു: “കണ്ടാലും, സാബത്തില്‍ അനുവദിച്ചിട്ടില്ലാത്തത് നിന്റെ ശിഷ്യന്മാര്‍ ചെയ്യുന്നു” (മത്തായി 12:2).

ധാന്യക്കതിരുകള്‍ പറിക്കുന്നത് സാബത്ത് ലംഘനമാകുമോ എന്നതിനെപ്പറ്റി ഈശോ ഫരിസേയരുമായി സംവാദത്തിലേര്‍പ്പെടുന്നില്ല. അവിടുന്ന് ചര്‍ച്ച വേറൊരു വഴിക്ക് തിരിച്ചുവിടുകയാണ്. തങ്ങളെ വധിക്കാന്‍ തക്കംപാര്‍ത്തിരുന്ന സാവൂള്‍ രാജാവില്‍ നിന്ന് ഓടിയൊളിക്കുന്ന ദാവീദും കൂട്ടുകാരും, അവര്‍ക്ക് വിശന്നപ്പോള്‍ ജറുസലേം ദൈവാലയത്തില്‍ പ്രവേശിച്ച്, പുരോഹിതര്‍ക്കല്ലാതെ മറ്റാര്‍ക്കും ഭക്ഷിക്കാന്‍ അനുവാദമില്ലാതിരുന്ന കര്‍ത്താവിന്റെ മേശയിലെ അപ്പം ഭക്ഷിച്ചതിലേയ്ക്ക് അവരുടെ ശ്രദ്ധ തിരിച്ചുവിട്ടു കൊണ്ട് തന്റെ ശിഷ്യന്മാരുടെ പ്രവൃത്തിയെ അവിടുന്ന് ന്യായീകരിക്കുന്നു.

ദൈവാലയത്തില്‍ വിശുദ്ധ സ്ഥലത്തെ മേശയില്‍ ആഴ്ച തോറും സാബത്ത് ദിനത്തില്‍ ഇസ്രായേല്‍ ജനത്തിനു വേണ്ടി പന്ത്രണ്ട് അപ്പം ഒരുക്കിവയ്ക്കണമെന്നും അതു മാറ്റി പുതിയത് പ്രതിഷ്ഠിക്കുമ്പോള്‍ അഹറോനും അവന്റെ പുത്രന്മാരും മാത്രം വിശുദ്ധ സ്ഥലത്തു തന്നെ വച്ച് അത് ഭക്ഷിക്കണമെന്നും കര്‍ത്താവിന്റെ വ്യക്തമായ നിര്‍ദ്ദേശമുണ്ടായിരുന്നു (ലേവ്യ 24:5-9). പക്ഷേ, ഒരു പ്രത്യേക സാഹചര്യത്തില്‍ ദാവീദിനും കൂട്ടുകാര്‍ക്കും അത് ഭക്ഷിക്കുന്നതിനുള്ള അവകാശം ലഭിച്ചു. ഈ ചരിത്രസംഭവം അനസ്മരിച്ചുകൊണ്ട് ഈശോ സ്വയം ദാവീദിനോട് താരതമ്യപ്പെടുത്തുകയായിരുന്നു. അവിടുന്നാണല്ലോ ദാവീദിന്റെ യഥാര്‍ത്ഥ പിന്‍ഗാമിയായ മിശിഹാ. മിശിഹായുടെ സഹപ്രവര്‍ത്തകര്‍ എന്ന നിലയില്‍ അവിടുത്തെ ശിഷ്യന്മാര്‍ പഴയനിയമം നിഷ്‌കര്‍ഷിക്കുന്ന കടമകളില്‍ നിന്നു മുക്തരാണ്. മിശിഹായോടൊത്തുള്ള പ്രേഷിതയാത്രയിലാണല്ലോ ശിഷ്യന്മാര്‍ ധാന്യക്കതിരുകള്‍ പറിച്ചുതിന്നത്.

തന്റെ ശിഷ്യന്മാരെ ന്യായീകരിക്കാനായി ഈശോ വീണ്ടും ദൈവാലയവും പുരോഹിതരുമായി ബന്ധപ്പെട്ട മറ്റൊരു പൊതുതത്വം ഉന്നയിക്കുകയാണ്. അവിടുന്ന് ചോദിച്ചു: “സാബത്തില്‍ പുരോഹിതന്മാര്‍ സാബത്ത് ലംഘിക്കുന്നെങ്കിലും കുറ്റക്കാരായി കാണപ്പെടുന്നുണ്ടോ?.” ദൈവാലയത്തില്‍ ശുശ്രൂഷ ചെയ്യുന്നവര്‍ സാബത്ത് ദിവസം പോലും അനുദിന ബലിയര്‍പ്പണങ്ങള്‍ക്കും മറ്റുമായി പല കാര്യങ്ങളും ചെയ്യേണ്ടിവരുന്നത് നിയമലംഘനമായി പരിഗണിക്കപ്പെടുന്നില്ല. ദൈവാലയത്തില്‍ ശുശ്രൂഷ ചെയ്തിരുന്നവര്‍ക്ക് നിയമത്തില്‍ നിന്ന് ഒഴിവു ലഭിച്ചിരുന്നെങ്കില്‍, ദൈവാലയത്തെക്കാള്‍ വലിയവനായ ഈശോമിശിഹായ്ക്ക് ശുശ്രൂഷ ചെയ്യുന്ന അവിടുത്തെ ശിഷ്യന്മാര്‍ക്ക് എത്രയോ അധികമായി സാബത്ത് നിയമത്തില്‍ നിന്ന് ഒഴിവുണ്ട് എന്ന് അവിടുന്ന് സ്ഥാപിക്കുകയായിരുന്നു.

ജറുസലേം ദൈവാലയം ഇസ്രായേല്‍ ജനത്തിന്റെ ദേശീയതയുടെ പ്രതീകമായിരുന്നു. അത് അവരുടെ മതജീവിതത്തിന്റെയും ആരാധനയുടെയും കേന്ദ്രവുമായിരുന്നു. ഈ ദൈവാലയത്തിന്റെ ആദ്യരൂപം മരുഭൂമിയാത്രയ്ക്കിടയില്‍ ഇസ്രായേല്‍ ജനതയ്ക്ക് ദൈവസാന്നിധ്യത്തിന്റെ വേദിയായിരുന്ന സമാഗമകൂടാരവും, കൂടാരത്തില്‍ പ്രതിഷ്ഠിക്കപ്പെട്ടിരുന്ന വാഗ്ദാനപേടകവുമായിരുന്നു. ഇതേക്കുറിച്ചാണ് ഇന്നത്തെ ആദ്യവായനയില്‍ നമ്മള്‍ ശ്രവിച്ചത് (പുറ. 40: 1-16).

വാഗ്ദാനപേടകത്തിനുള്ളിലുണ്ടായിരുന്നത് അത്ഭുതകരമായി ദൈവം ജനത്തെ തീറ്റിപ്പോറ്റിയതിന്റെ ഓര്‍മ്മയ്ക്കായി മന്നായും, പൗരോഹിത്യശുശ്രൂഷയെ സൂചിപ്പിക്കുന്ന അഹറോന്റെ വടിയും, ഇസ്രായേലിനെ ദൈവത്തിന്റെ സ്വന്തജനമാക്കിയ സീനായ് ഉടമ്പടിയുടെ വ്യവസ്ഥകളായ പത്ത് പ്രമാണങ്ങളുമാണ് (ഹെബ്രാ. 9:4). ഈ സമാഗമകൂടാരത്തിന്റെ വികസിതരൂപമാണ് ഓര്‍ശ്ലെം ദൈവാലയവും ഇന്നത്തെ നമ്മുടെ ദൈവാലയങ്ങളും. ദൈവാലയത്തിലെ അതിവിശുദ്ധസ്ഥലമായ മദ്ബഹയിലെ ബലിപീഠമാണ് ഇന്ന് വാഗ്ദാനപേടകത്തിന്റെ സ്ഥാനത്ത്. വാഗ്ദാനപേടകത്തിലെ പ്രമാണപ്പലകകളുടെ സ്ഥാനത്ത് സുവിശേഷഗ്രന്ഥവും അഹറോന്റെ വടിയ്ക്കു പകരം മാര്‍തോമാ സ്ലീവായുമുണ്ട്. സ്വര്‍ഗീയ മന്നായായ പരിശുദ്ധ കുര്‍ബാന ബലിപീഠത്തില്‍ മാത്രമാണല്ലോ അര്‍പ്പിക്കപ്പെടുന്നത്.

മനുഷ്യനിര്‍മ്മിതമായ ദൈവാലയത്തിന്റെ പരിമിതിയെക്കുറിച്ച് പുതുതായി പണിത ഓര്‍ശ്ലെം ദൈവാലയത്തിന്റെ പ്രതിഷ്ഠാവേളയില്‍ സോളമന്‍ രാജാവ് നടത്തുന്ന പ്രാര്‍ത്ഥനയില്‍ സൂചനയുണ്ട് (രണ്ടാം വായന). ദൈവം യഥാര്‍ത്ഥത്തില്‍ ഭൂമിയില്‍ വസിക്കുമോ? അങ്ങയെ ഉള്‍ക്കൊള്ളാന്‍ സ്വര്‍ഗത്തിനും സ്വര്‍ഗ്ഗാധിസ്വര്‍ഗത്തിനും അസാധ്യമെങ്കില്‍ ഞാന്‍ നിര്‍മ്മിച്ച ഈ ഭവനം എത്ര അപര്യാപ്തം! (1 രാജാ. 8:27). ഈ പശ്ചാത്തലത്തിലാണ് “ജറുസലേം ദൈവാലയത്തെക്കാള്‍ വലിയവനാണ് താന്‍” എന്ന ഈശോയുടെ പ്രഖ്യാപനം നമ്മള്‍ മനസ്സിലാക്കേണ്ടത്. ഈ പ്രഖ്യാപനം വഴി, താനാണ് ഇസ്രായേലിന്റെ പുതിയ ദൈവാലയം അഥവാ ആരാധനാകേന്ദ്രം എന്ന് അവിടുന്ന് വ്യക്തമാക്കുകയായിരുന്നു.

പഴയനിയമ സമാഗമകൂടാരത്തിലും ഓര്‍ശ്ലെം ദൈവാലയത്തിലും ദൈവസാന്നിധ്യമുണ്ടായിരുന്നു. പക്ഷേ, ദൈവം പൂര്‍ണ്ണമായി സന്നിഹിതനായത് മനുഷ്യനായി അവതരിച്ച ഈശോമിശിഹായിലാണ്. അവിടുന്നില്‍ ദൈവസാന്നിധ്യം ഉണ്ടെന്നു മാത്രമല്ല, അവിടുന്ന് ദൈവം തന്നെയാണ്. ദൈവത്തെ മനുഷ്യരായ നമ്മള്‍ കാണുന്നത് ഈശോയിലാണ്; ദൈവത്തെ അനുഭവിക്കുന്നതും ഈശോയില്‍ത്തന്നെ. ആയതിനാല്‍ അവിടുന്ന് തന്നെ യഥാര്‍ത്ഥ ദൈവാലയം.

ഈശോമിശിഹായാകുന്ന പുതിയനിയമ ദൈവാലയത്തില്‍ ശുശ്രൂഷ ചെയ്യുന്നവരാണ് അവിടുത്തെ ശിഷ്യന്മാര്‍. സാധാരണ ദൈവജനത്തിന് അനുവദനീയമല്ലാതിരുന്നത് ദൈവാലയ ശുശ്രൂഷ ചെയ്യുന്നവര്‍ക്ക് അനുവദിച്ചു നല്കിയിരുന്നെങ്കില്‍, ഈ ശിഷ്യരുടെ പ്രവൃത്തി സാബത്ത് നിയമ ലംഘനമല്ല എന്ന് അവിടുന്ന് സമര്‍ത്ഥിക്കുന്നു. ബലിയല്ല, കരുണയാണ് ഞാന്‍ ആഗ്രഹിക്കുന്നത് എന്ന് ഹോസിയാ പ്രവാചകന്‍ പറയുന്നതിന്റെ അര്‍ത്ഥം മനസ്സിലാക്കിയിരുന്നെങ്കില്‍, നിങ്ങള്‍ നിരപരാധികളായ ശിഷ്യരെ കുറ്റം വിധിക്കുകയില്ലായിരുന്നു എന്നും അവിടുന്ന് കൂട്ടിച്ചേര്‍ത്തു. ബലയര്‍പ്പണം വേണ്ടായെന്നല്ല, കരുണയുടെ ജീവിതം നയിക്കാത്ത ബലിയര്‍പ്പണത്തിനു ഫലമില്ല എന്നാണ് ഈ പ്രവാചക വചനത്തിനര്‍ത്ഥം. കരുണയുടെ ഈ വര്‍ഷത്തില്‍ ഈശോയുടെ ഈ പ്രസ്താവനയ്ക്ക് പ്രാധാന്യമേറുന്നു. മനുഷ്യപുത്രന്‍ സാബത്തിന്റെയും നാഥനാണ് എന്ന ഈശോയുടെ പ്രഖ്യാപനം സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നതാണ്. സാബത്ത് ദൈവസ്ഥാപിതമാണ്; എന്റെ സാബത്ത് എന്നാണ് ദൈവം ഇതിനെക്കുറിച്ച്‌ പറയാറ് (പുറ. 31:13; ലേവ്യ. 19:3; ഏശ. 56:4). സാബത്തിന്റെ നാഥന്‍ എന്നു സ്വയം വിശേഷിപ്പിക്കുക വഴി സാബത്ത് സ്ഥാപിച്ച ദൈവത്തോട് തനിക്കുള്ള സമാനത ഈശോ വെളിപ്പെടുത്തുകയാണ്. എപ്രകാരമാണ് സാബത്ത് പാലിക്കേണ്ടത് എന്നു നിശ്ചയിക്കാനും തനിക്ക് അധികാരമുണ്ട് എന്നു സൂചിതം.

പിന്നീട് നമ്മള്‍ ഈശോയെ കാണുന്നത്, യഹൂദര്‍ സാബത്തില്‍ പ്രാര്‍ത്ഥനയ്ക്കായി ഒന്നിച്ചുകൂടിയിരുന്ന സിനഗോഗിലാണ്. അവിടെ കൈ ശോഷിച്ച ഒരു മനുഷ്യനുണ്ടായിരുന്നു. ഈശോയില്‍ കുറ്റം ആരോപിക്കേണ്ടതിനായി യഹൂദനേതാക്കള്‍ അവിടുത്തോടു ചോദിച്ചു: “സാബത്തില്‍ രോഗശാന്തി നല്കുന്നത് ശരിയോ?.” അവിടുത്തെ പ്രകോപിപ്പിച്ച് കൈ ശോഷിച്ചവനെ സുഖപ്പെടുത്തിക്കാനും അതുവഴി സാബത്ത് ലംഘനകുറ്റം ചുമത്താനുമായിരുന്നു അവരുടെ പദ്ധതി. ഒരിജന്റെ അഭിപ്രായത്തില്‍ ഫരിസേയര്‍ അവരുടെ ശോഷിച്ച കൈ – അതായത്, ഫലം പുറപ്പെടുവിക്കാത്ത കൈ കര്‍ത്താവിന്റെ പക്കല്‍ കൊണ്ടുവരുന്നു. “ശോഷിച്ച കൈ സുഖപ്പെടുത്തുന്നതിനേക്കാള്‍, അവരുടെ ഹൃദയകാഠിന്യം സുഖപ്പെടുത്താനാണ് അവിടുന്ന് ആഗ്രഹിച്ചത്” എന്ന് ക്രിസോസ്‌തോം അഭിപ്രായപ്പെടുന്നു. സാബത്ത് ദിനം കുഴിയില്‍ വീഴുന്ന ആടിനെ പിടിച്ചുകയറ്റാത്ത ആരുമില്ല എന്ന ഉത്തരത്തിലൂടെ, സാബത്തില്‍ നന്മ ചെയ്യുന്നത് അനുവദനീയമാണ് എന്ന് അവിടുന്ന് സ്ഥാപിക്കുന്നു. ആടിനേക്കാള്‍ എത്രയോ വിലയേറിയവനാണ് മനുഷ്യന്‍! ഇത് പറഞ്ഞതിനുശേഷം അവിടുന്ന് കൈ ശോഷിച്ചവനോട് അരുളിച്ചെയ്തു: “കൈ നീട്ടുക.” അയാള്‍ കൈ നീട്ടിയപ്പോള്‍ ഉടനെ അത് സുഖപ്പെട്ടു.

പ്രീശരുടെ പ്രതികരണം, ചോദ്യത്തിനു പിന്നിലെ അവരുടെ ഗൂഢലക്ഷ്യം വെളിവാക്കുന്നുണ്ട്. അവര്‍ പുറത്തുപോയി ഈശോയെ വധിക്കേണ്ടത് എങ്ങനെയെന്നു ഗൂഢാലോചന നടത്തി എന്നാണു സുവിശേഷകന്‍ രേഖപ്പെടുത്തുന്നത്. ഈശോയോട് ഇക്കൂട്ടര്‍ക്കുണ്ടായിരുന്ന ശത്രുതാ മനോഭാവം സുവിശേഷത്തില്‍ പലയിടങ്ങളിലും ഇതിനു മുമ്പും പ്രകടമായിട്ടുള്ളതാണ് (മത്തായി 9:3-11). അതിന്റെ പരമകാഷ്ടയാണിവിടെ കാണുന്നത്. ഫരിസേയ ചിന്തയനുസരിച്ച്, ഈശോയുടെ പ്രവൃത്തികള്‍ സാബത്തിന്റെ വ്യക്തമായ ലംഘനവും ഇസ്രായേല്‍ രാജ്യസുരക്ഷയ്ക്കുള്ള ഭീഷണിയുമാണ്. അതുകൊണ്ടാണ് അവിടുത്തെ നശിപ്പിക്കാന്‍ അവര്‍ പദ്ധതിയിടുന്നത്. ഈശോയുടെ ഈലോക ജീവിതത്തിലെ അവസാന നാളുകളില്‍ അവിടുത്തേയ്ക്കെതിരെ പുരോഹിതരും യഹൂദപ്രമുഖരുമാണല്ലോ ഒന്നിച്ചുകൂടുന്നതും കൂരിശിലേറ്റുന്നതും.

ക്രൈസ്തവരായ നമ്മെ സംബന്ധിച്ച് സാബത്ത് ദിനം ഞായറാഴ്ചയാണ്. അന്നേ ദിവസം നമ്മള്‍ ആഴ്ചയിലെ മറ്റു ദിവസങ്ങളിലെ ജോലികളില്‍ നിന്നെല്ലാം വിട്ടുമാറി ദൈവത്തിന്റെ വിശ്രമത്തിലേയ്ക്കു പ്രവേശിക്കുകയാണ്. സാബത്ത് വിശ്രമത്തിന് മുഖ്യമായും രണ്ട് ലക്ഷ്യങ്ങളാണുള്ളത്: ദൈവാരാധനയ്ക്കും ദൈവിക വ്യാപാരങ്ങള്‍ക്കുമായി സമയം കണ്ടെത്തുക, മനുഷ്യന് എല്ലാ ദിവസവും ഒരുപോലെ ജോലി ചെയ്യാന്‍ സാധ്യമല്ലാത്തതിനാല്‍ വിശ്രമത്തിന് സമയം നീക്കിവയ്ക്കുക, സാബത്തില്‍ നന്മ ചെയ്യുന്നത് അനുവദനീയമായതുകൊണ്ട് മറ്റുള്ളവര്‍ക്ക് ഉപകാരപ്പെടുന്ന ഉപവിപ്രവൃത്തികളില്‍ ഏര്‍പ്പെടുന്നത് നമ്മെ സംബന്ധിച്ച്‌ സാബത്ത് ലംഘനമല്ല, അയല്‍പക്കങ്ങളിലും ഇടവക സമൂഹത്തിലുമുള്ള രോഗികളെയും വീട് വിട്ടു പറത്തുവരാന്‍ സാധിക്കാത്ത വൃദ്ധജനങ്ങളെയും സന്ദര്‍ശിക്കാന്‍ ഞായറാഴ്ച ഉപയോഗിക്കാവുന്നതാണ്. ആഴ്ചയിലെ മറ്റു ദിവസങ്ങളിലെ ജോലിത്തിരക്കു മൂലം കുടുംബത്തിലെ തന്നെയും മറ്റംഗങ്ങളുമായി ഞായറാഴ്ച മാത്രമേ സമയം കണ്ടെത്താന്‍ സാധിച്ചെന്നു വരികയുള്ളു. അതും വളരെ പ്രധാനപ്പെട്ട കാര്യമാണ്.

ഫാ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ