സീറോ മലബാര്‍ പള്ളിക്കൂദാശക്കാലം ഒന്നാം ഞായര്‍ നവംബര്‍ 03 വിശ്വാസമാകുന്ന പാറമേല്‍ പണിയപ്പെട്ട സഭ

പത്രോസ് ശ്ലീഹായുടെ വിശ്വാസപ്രഖ്യാപനവും അതിന് മറുപടിയെന്നോണം ഈശോ പത്രോസിനെ പുതിയ ദൈവാലയമായ തിരുസഭയുടെ അടിസ്ഥാനശിലയായി പ്രഖ്യാപിക്കുന്നതുമാണ് പള്ളിക്കൂദാശ കാലത്തിലെ ആദ്യ ഞായറാഴ്ചത്തെ സുവിശേഷഭാഗം (മത്തായി 16:13-20). വി. മത്തായി അറിയിച്ച സുവിശേഷത്തിന്റെ കേന്ദ്രഭാഗത്താണ് ഈ രംഗം നമ്മള്‍ കാണുന്നത്. ഇതുവരെ വിവരിച്ച കാര്യങ്ങളുടെ പരമകാഷ്ഠയും ഇനി വിവരിക്കാനിരിക്കുന്ന കാര്യങ്ങളുടെ മുന്‍രൂപവും ഇവിടെ ദര്‍ശിക്കാവുന്നതാണ്.

ഗലീലി തടാകത്തില്‍ നിന്ന് ഏകദേശം മുപ്പതോളം കിലോമീറ്റര്‍ വടക്കോട്ടു നടന്നാണ് ഈശോയും ശിഷ്യരും കേസറിയാ ഫിലിപ്പിയിലെത്തിയത്. യോര്‍ദ്ദാന്‍ നദിയുടെ പ്രഭവസ്ഥാനം ഈ പ്രദേശത്തു നിന്ന് പുറപ്പെടുന്ന അരുവിയാണ്. വിഗ്രഹാരാധനയ്ക്ക് പേരുകേട്ട ഒരു വിജാതീയ ദേശമായിരുന്നു അത്. റോമന്‍ ചക്രവര്‍ത്തിയായിരുന്ന അഗസ്റ്റസ് സീസറാണ് യൂദാ രാജാവായിരുന്ന ഹോറോദേസിന് ഈ പ്രദേശം നല്കിയത്. ഹോറോദേസിന്റെ കാലശേഷം രാജ്യം മൂന്നായി വിഭജിക്കപ്പെട്ടപ്പോള്‍ അയാളുടെ പുത്രന്മാരിലൊരാളായ ഫിലിപ്പ് ഈ പ്രദേശത്തിന്റെ ഭരണാധികാരിയായി. ഫിലിപ്പാണ് ഈ പട്ടണം നവീകരിച്ച് സീസറിന്റെ ബഹുമാനാര്‍ത്ഥം പ്രതിഷ്ഠിച്ച് കേസറിയാ ഫിലിപ്പി എന്നു പേരിട്ടത്. ഈ വിജാതീയദേശത്തു വച്ച് പത്രോസ് ഈശോയെ ദൈവപുത്രനായ മിശിഹായായി ഏറ്റുപറയുന്നത് ഭാവിയില്‍, യഹൂദരെക്കാള്‍ വിജാതീയരാണ് അവിടുത്തെ സ്വീകരിക്കാനും വിശ്വസിക്കാനുമിരിക്കുന്നത് എന്നതിന്റെ സൂചനയാണ്.

ഈശോയെ തിക്കിത്തിരക്കിയിരുന്ന ജനക്കൂട്ടത്തില്‍ നിന്നും, അവിടുത്തെ വാക്കില്‍ കുടുക്കുന്നതിനായി തക്കം പാര്‍ത്തിരുന്ന യഹൂദാനേതാക്കന്മാരില്‍ നിന്നും സ്വതന്ത്രമായ ഈ അവസരത്തില്‍ ഈശോ തന്റെ ശിഷ്യന്മാരോട് സുപ്രധാനമായ ഒരു ചോദ്യം ചോദിക്കുന്നു: “മനുഷ്യപുത്രനായ ഞാന്‍ ആരാണ് എന്നാണു ജനങ്ങള്‍ പറയുന്നത്?” തന്നെപ്പറ്റി ജനത്തിന്റെ അഭിപ്രായമെന്താണ് എന്നാണ് അവിടുത്തെ ചോദ്യത്തിനര്‍ത്ഥം. ഈശോ ആരാണ് എന്നതിനെക്കുറിച്ച് ജനത്തിന് വ്യത്യസ്ത അഭിപ്രായമാണുണ്ടായിരുന്നത്. ഹോറോദേസിനെപ്പോലുള്ള ചിലര്‍ (മത്തായി 14:2), ‘യോഹന്നാന്‍ മാംദാന മരിച്ചവരില്‍ നിന്ന് ഉയിര്‍ത്തതാണ് ഈശോ’ എന്നു കരുതിയിരുന്നു. മറ്റു ചിലരെ സംബന്ധിച്ച് ‘അവസാന നാളുകളില്‍ വരുമെന്ന് പ്രവചിക്കപ്പെട്ടിരുന്ന ഏലിയായാണ് ഈശോ.’ വേറെ ചിലര്‍ക്ക് ‘ഈശോ ജറെമിയാ’ ആണ്. കാരണം, ചില സന്ദര്‍ഭങ്ങളില്‍ ഈശോയുടെ പ്രബോധനം പ്രവാചകനായ ജറെമിയായുടെ വാക്കുകളെ അനുസ്മരിപ്പിക്കുന്നവായായിരുന്നു (മത്തായി 11:19; ജെറ 6:16). ഈ അഭിപ്രായങ്ങളിലല്ലാം പൊതുവായി കാണുന്ന കാര്യം, ജനം ഈശോയെ പ്രവാചകഗണത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു എന്നതാണ്. ദൈവത്തിന്റെ വക്താക്കളും ദൈവവചനത്തിന്റെ സംവാഹകരുമായ പ്രവാചകരെപ്പോലെ ഈശോയും ജനത്തെ സംബന്ധിച്ച ദൈവഹിതം വ്യക്തമാക്കുകയും അനുതാപത്തിന്റെ ആവശ്യകതയെക്കുറിച്ചു പ്രസംഗിക്കുകയും ദൈവികശക്തിയുടെ അടയാളങ്ങളായി അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. ഈശോയുടെ ജറുസലേം പ്രവേശനവേളയിലും നസറത്തില്‍ നിന്നുള്ള പ്രവാചകനായാണ് ജനം അവിടുത്തെ അവതരിപ്പിക്കുന്നത് (മത്തായി 21:11). ദുഷ്ടലക്ഷ്യങ്ങളോടെ മാത്രം ഈശോയെ സമീപിച്ചിരുന്ന യഹൂദ മതനേതാക്കന്മാരെക്കാള്‍ എത്രയോ മെച്ചമാണ് സാധാരണജനം എന്നു ക്രിസോസ്‌തോം അഭിപ്രായപ്പെടുന്നു.

ഈശോ ജനക്കൂട്ടത്തിന്റെ അഭിപ്രായം കൊണ്ടു തൃപ്തനായില്ല; അവിടുത്തേക്ക് അറിയേണ്ടിയിരുന്നത് തന്റെ ശിഷ്യന്മാര്‍ തന്നെപ്പറ്റി എന്തു മനസ്സിലാക്കി എന്നതായിരുന്നു. അതുകൊണ്ട് അവിടുന്നു തുടര്‍ന്നു ചോദിച്ചു: “എന്നാല്‍ ഞാന്‍ ആരാണ് എന്നാണു നിങ്ങള്‍ പറയുന്നത്?” ഈശോ കൊടുങ്കാറ്റ് ശമിപ്പിച്ച് പ്രകൃതിയുടെ മേലുള്ള ദൈവികാധികാരം തെളിയിച്ച അവസരത്തില്‍, ശിഷ്യന്മാര്‍ക്ക് അവിടുത്തെക്കുറിച്ചുള്ള അഭിപ്രായം അവര്‍ പ്രകടമാക്കിയതാണ്. അപ്പോള്‍ അവര്‍ ആശ്ചര്യപ്പെട്ടു ചോദിച്ചു: “കാറ്റും കടലും പോലും അനുസരിക്കുന്ന ഇവന്‍ ആരാണ്?” (മത്തായി 8:27). ഈശോ വെള്ളത്തിനു മീതെ നടന്ന് ദൈവികമഹത്വം പ്രകാശിതമാക്കിയപ്പോള്‍ അവര്‍ അവിടുത്തെ ആരാധിച്ചുകൊണ്ട് “നീ സത്യമായും ദൈവപുത്രനാകുന്നു” (മത്തായി 14:33) എന്ന് ഏറ്റുപറഞ്ഞതുമാണ്. ഈശോ നേരിട്ട് അവരോട് തന്നെക്കുറിച്ചുള്ള അഭിപ്രായം ചോദിക്കുന്നത് ഇതാദ്യമായാണ്.

ശിഷ്യരുടെ പ്രതിനിധിയായി ശെമയോന്‍ കേപ്പായാണ് മറുപടി നല്കിയത്. അദ്ദേഹം പറഞ്ഞു: “നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ മിശിഹായാണ്.” രണ്ടു കാര്യങ്ങളാണ് ഈശോയെക്കുറിച്ച് പത്രോസ് ഏറ്റുപറഞ്ഞത്. ഒന്ന്, അവിടുന്ന് ദൈവപുത്രനാണ്; രണ്ട്, അവിടുന്ന് പഴയനിയമത്തില്‍ വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന മിശിഹായാണ്. മിശിഹാ അഥവാ ക്രിസ്തു എന്ന പദത്തിനര്‍ത്ഥം അഭിഷിക്തന്‍ എന്നാണ്. ഇസ്രായേല്‍ ചരിത്രത്തില്‍ മൂന്ന് ഗണത്തില്‍പ്പെട്ടവരാണ് അഭിഷിക്തരായി പരിഗണിക്കപ്പെട്ടിരുന്നത്: പുരോഹിതര്‍, രാജാക്കന്മാര്‍, പ്രവാചകര്‍. കാരണം, ഈ മൂന്നു കൂട്ടരെയും അഭിഷേകം ചെയ്താണ് അധികാരത്തിലേറ്റിയിരുന്നത്. ഭാവി രക്ഷകനെക്കുറിച്ചു ദൈവം നല്കിയ വാഗ്ദാനങ്ങള്‍ക്ക് പുരോഹിത, പ്രവാചക, രാജകീയ സ്വഭാവങ്ങളുണ്ടായിരുന്നു. പഴയനിയമം മുഴുവന്‍ – മോശയുടെ നിയമവും പ്രവാചകന്മാരും – മിശിഹായെക്കുറിച്ചാണ് പ്രതിപാദിക്കുന്നത് എന്ന് ഉത്ഥിതനായ കര്‍ത്താവ് എമ്മാവൂസിലേയ്ക്കു പോയ ശിഷ്യന്മാരെ ബോദ്ധ്യപ്പെടുത്തുന്നത് ലൂക്കായുടെ സുവിശേഷത്തില്‍ നമ്മള്‍ വായിക്കുന്നുണ്ടല്ലോ (ലൂക്കാ 24:26-27).

ദൈവം ദാവീദ് രാജാവുമായി ചെയ്ത ഉടമ്പടിയാണ് (2 സാമു. 7,:12-14) മിശിഹായെക്കുറിച്ചുള്ള പഴയനിയമ വാഗ്ദാനങ്ങളില്‍ പ്രധാനപ്പെട്ടത്. ദാവീദിന്റെ സിംഹാസനം എന്നേക്കും നിലനിൽക്കും, വരുവാനിരിക്കുന്ന ദാവീദിന്റെ പിന്‍ഗാമി ദൈവത്തിന്റെ പുത്രന്‍ കൂടിയായിരിക്കും എന്നിവയായിരുന്നു ആ ഉടമ്പടിയുടെ ഉള്ളടക്കം. പരിശുദ്ധ റൂഹായുടെ ആവാസത്താല്‍ പരിശുദ്ധ കന്യകയില്‍ നിന്നു ജനിച്ച നസ്രായന്‍ ഈശോയാണ് യഥാര്‍ത്ഥ ദൈവപുത്രന്‍. ദാവീദിന്റെ മറ്റൊരു പിന്‍ഗാമിയ്ക്കും ഈ ദൈവപുത്രസ്ഥാനം അവകാശപ്പെടാനാവില്ല.

പത്രോസിന്റെ വിശ്വാസപ്രഖ്യാപനം ഈശോ അംഗീകരിക്കുന്നു എന്നതിന്റെ തെളിവാണ് തുടര്‍ന്ന് പത്രോസ് ശ്ലീഹായോടുള്ള അവിടുത്തെ സംഭാഷണം. അവിടുന്ന് പറഞ്ഞു: “യോനായുടെ പുത്രനായ ശെമയോനേ, നീ ഭാഗ്യവാന്‍.” പത്രോസിന്റെ ഭാഗ്യമടങ്ങിയിരിക്കുന്നത്, ഈശോയെ സംബന്ധിച്ച ഈ മിശിഹാ രഹസ്യത്തിലേയ്ക്കുള്ള ഉള്‍ക്കാഴ്ച സ്വര്‍ഗീയപിതാവില്‍ നിന്നു നേരിട്ടു ലഭിച്ചു എന്നതിലാണ്. മാംസമോ രക്തമോ – അതായത്, ഏതെങ്കിലും മനുഷ്യവ്യക്തിയോ അല്ല ഇത് പത്രോസിന് വെളിപ്പെടുത്തിയത്. വിശ്വാസം ദൈവത്തിന്റെ ദാനമാണ്. ദൈവപിതാവ് മനസ്സായാലല്ലാതെ, പരിശുദ്ധാരൂപിയുടെ സഹായമില്ലാതെ ആര്‍ക്കും ഈശോ ദൈവപുത്രനായ മിശിഹായാണെന്ന് വിശ്വസിച്ച് എറ്റുപറയുക സാധ്യമല്ല. ഈശോ ദൈവപുത്രനും പഴയനിയമത്തില്‍ വാഗ്ദാനം ചെയ്യപ്പെട്ട മിശിഹായുമാണ് എന്ന് വിശ്വസിക്കുകയാണല്ലോ നിത്യജീവന്‍ പ്രാപിക്കാനുള്ള ഏകവഴി (യോഹ. 20:31).

തുടര്‍ന്ന് ഈശോ പത്രോസിനോട് സുപ്രധാനമായ ഒരു പ്രഖ്യാപനം നടത്തുകയാണ്: “നീ കേപ്പാ – പാറ – ആകുന്നു.” രക്ഷാകര പദ്ധതിയില്‍ തന്നോടു സഹകരിക്കാന്‍ വിളിക്കുന്നവര്‍ക്ക് ദൈവം പുതിയ പേര് നല്കുന്നത് നമ്മള്‍ പഴയനിയമത്തില്‍ കാണുന്നുണ്ട്. ഉദാഹരണത്തിന് അബ്രാം അബ്രാഹമായി; സാറായി സാറാ ആയി; യാക്കോബ് ഇസ്രായേലായി. മിശിഹായിലുള്ള രക്ഷാകരപദ്ധതിയുടെ പൂര്‍ത്തീകരണത്തില്‍ ശെമയോന്‍ പത്രോസിന് നിര്‍ണ്ണായകമായ പങ്കുണ്ട് എന്ന സൂചനയാണ് ഈ പുതിയ പേര് സൂചിപ്പിക്കുന്നത്. പിന്നീട് ശെമയോന്‍ അറിയപ്പെട്ടിരുന്നത് ഈ പുതിയ പേരോടു കൂടിയാണ് (യോഹ. 1:42; 1 കോറി 1:12; 3:22; 9:5; 15:5; ഗലാ. 1:18; 2:9.11:14).

ഈശോ തുടര്‍ന്നു: “ഈ കേപ്പാമേല്‍ – പാറമേല്‍ – എന്റെ സഭ ഞാന്‍ പണിയും.” സഭ എന്ന പ്രയോഗം ഈശോ ആദ്യമായി ഉപയോഗിക്കുന്നത് ഈ സന്ദര്‍ഭത്തിലാണ്. പഴയനിയമത്തില്‍ ദൈവജന സമൂഹത്തെ സൂചിപ്പിക്കാനുപയോഗിച്ചിരുന്ന ‘കഹാല്‍ യാഹ്‌വേ’ (നിയ. 9:10; ജോഷ്വാ 8:35; 1 രാജാ. 8:65) എന്ന പദത്തില്‍ നിന്നാണ് സഭ എന്നര്‍ത്ഥമുള്ള ‘എക്ലേസിയ’ എന്ന പുതിയനിയമ ഗ്രീക്കുപദം അര്‍ത്ഥം സ്വീകരിക്കുന്നത്. സഭയെ ഒരു ഭവനത്തോടാണ് ഈശോ ഉപമിക്കുന്നത്. ഈ ഭവനത്തിന്റെ അടിത്തറയായി അവിടുന്ന് നശ്ചയിച്ചിരിക്കുന്നത് ശ്ലീഹന്മാരെയാണ്. അതിന് അവരെ യോഗ്യരാക്കുന്നത് മിശിഹായോടൊത്തുള്ള അവരുടെ ജീവിതവും അവിടുന്നിലുള്ള പാറ പോലെ ഉറച്ച വിശ്വാസവുമാണ്.

ദാവീദിനു ലഭിച്ച വാഗ്ദാനത്തില്‍, വരുവാനിരിക്കുന്ന മിശിഹാ ദൈവത്തിന് ഒരാലയം പണിയും എന്ന ആശയവുമുണ്ടായിരുന്നു (2 സാമു. 7:13). ഈശോ, മിശിഹായാണ് എന്ന പത്രോസിന്റെ ഏറ്റുപറച്ചിലില്‍ ഈശോ ഈ ആലയം പണിയും എന്ന പ്രതീക്ഷ അന്തര്‍ലീനമാണ്. താന്‍ പണിയുന്ന ദൈവാലയത്തിന്റെ സ്വഭാവം വ്യക്തമാക്കുന്നതാണ് സഭ പണിയുന്നതിനെക്കുറിച്ചുള്ള ഈശോയുടെ വാക്കുകള്‍. വാഗ്ദാനമാണിവിടെ പൂര്‍ത്തിയാകുന്നത്. ഈശോയില്‍ വിശ്വസിക്കുന്നവരുടെ സമൂഹമായ തിരുസഭയെ ദൈവത്തിന്റെ ആലയം എന്ന് പുതിയനിയമത്തില്‍ പലയിടങ്ങളിലും വിശേഷിപ്പിക്കുന്നുണ്ടല്ലോ (1 കോറി 3:16-17; 2 കോറി 6:16; എഫേ. 2:19-22; 1 പത്രോസ് 2:4-6).

കേപ്പായാകുന്ന പാറമേല്‍ മിശിഹാ പണിയുന്ന ആലയത്തിനെതിരെ പാതാളവാതിലുകള്‍ പ്രബലപ്പെടുകയില്ല എന്നുകൂടി ഈശോ കൂട്ടിച്ചേര്‍ത്തു. സാത്താനും നാരകീയശക്തികള്‍ക്കും മേല്‍ പത്രോസിനും ശ്ലീഹന്മാര്‍ക്കും അവിടുന്ന് നല്കുന്ന അധികാരത്തെയാണിത് സൂചിപ്പിക്കുന്നത്. ‘സ്വര്‍ഗരാജ്യത്തിന്റെ താക്കോല്‍ നിനക്കു ഞാന്‍ തരും. നീ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗത്തിലും കെട്ടപ്പെട്ടിരിക്കും. നീ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗത്തിലും അഴിക്കപ്പെട്ടിരിക്കും’ എന്ന ഈശോയുടെ പ്രസ്താവന വിരല്‍ചൂണ്ടുന്നതും ഇതേ ദിശയിലാണ്. ഭവനത്തിന്റെ അധികാരിയാണല്ലോ താക്കോല്‍ സൂക്ഷിപ്പുകാരന്‍. ഭൂമിയിലെ സ്വര്‍ഗരാജ്യമായ തിരുസഭയുടെ ദൃശ്യഅധികാരി പത്രോസ്ശ്ലീഹായും അദ്ദേഹത്തിന്റെ പിന്‍ഗാമികളായ മാര്‍പാപ്പാമാരുമാണ്. ശ്ലീഹന്മാരുടെ തലവന്‍ എന്ന നിലയിലാണ് പത്രോസിന് പ്രാമുഖ്യം. മാര്‍പാപ്പാ ലോകമെമ്പാടുമുള്ള മെത്രാന്മാരോട് ചേര്‍ന്നാണ് കര്‍ത്താവിന്റെ സഭയെ നയിക്കുന്നത്. കെട്ടാനും അഴിക്കാനുമുള്ള അധികാരം സൂചിപ്പിക്കുന്നത് പാപമോചനാധികാരത്തെയാണ്. ശ്ലീഹന്മാരുടെ പിന്‍ഗാമികളുടെ കൈവയ്പു വഴിയാണല്ലോ എക്കാലവും തിരുസഭയില്‍ പാപമോചനാധികാരം നിലനിൽക്കുന്നത്.

ഫാ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.