സീറോ മലബാര്‍ നോമ്പുകാലം ഏഴാം തിങ്കള്‍ മാര്‍ച്ച്‌ 29 യോഹ. 11: 47-57 ഈശോയെ വധിക്കുവാന്‍ ആലോചന

ജനത്തിനു വേണ്ടിയും ചിതറിക്കിടക്കുന്ന ദൈവമക്കളെ ഒന്നിച്ചുകൂട്ടുന്നതിനുമായിട്ടായിരുന്നു യേശുവിന്റെ മരണം (52). ഈ ഭാഗത്തെക്കുറിച്ചുള്ള ഒരു പ്രസംഗത്തിനിടയില്‍ ഫ്രാന്‍സിസ് പാപ്പ പറയുകയുണ്ടായി: “എല്ലാവര്‍ക്കും വേണ്ടിയാണ് യേശു മരിച്ചത്. അത് ശരിയാണുതാനും. എങ്കിലും നമ്മള്‍ അതിനെ പൊതുവെ പറഞ്ഞവസാനിപ്പിക്കരുത്. ‘യേശു എനിക്കുവേണ്ടി മരിച്ചു എന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കണം.”

യേശു അടയാളങ്ങള്‍ ചെയ്യുന്നുവെന്നതും അവനെ ജനങ്ങള്‍ അനുഗമിക്കുന്നുവെന്നതും അങ്ങനെ ചെയ്താല്‍ റോമാക്കാര്‍ തങ്ങളെ നശിപ്പിക്കുമെന്നുമുള്ള ഭയമായിരുന്നു യേശുവിനെ കൊല്ലാന്‍ യഹൂദരെ പ്രേരിപ്പിച്ച ഘടകങ്ങള്‍. ഇത്തരം ഘടകങ്ങളാല്‍ ഒപ്പമുള്ളവരെ ഇല്ലാതാക്കുവാനുള്ള ശ്രമം നമ്മുടെ ഭാഗത്തു നിന്ന് ഉണ്ടാകാറുണ്ടോ? രണ്ട് ചിന്തകള്‍ മനസ്സിലുറപ്പിക്കാം. ഒന്ന്, യേശു ‘എനിക്ക്’ വേണ്ടിയാണ് മരിക്കുന്നത്. രണ്ട്, നന്മ ചെയ്യുന്നവരെ ഇല്ലാതാക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ടോ?

ഫാ. ജി. കടൂപ്പാറയില്‍ MCBS