സീറോ മലബാര്‍ ശ്ലീഹാക്കാലം മൂന്നാം വെള്ളി ജൂണ്‍ 11 മത്തായി 11: 28-29 തിരുഹൃദയ തിരുനാള്‍

തിരുഹൃദയ തിരുനാള്‍ നമ്മള്‍ ആഘോഷിക്കുകയാണ്. ജീവിതത്തിന്റെ ക്ലേശങ്ങളിൽപെട്ടുഴലുന്ന നമുക്ക് ഏറ്റവും വലിയ ആശ്വാസമാണ് “അദ്ധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം” (മത്തായി 11: 28-29) എന്ന ഈശോയുടെ വാക്യങ്ങൾ. പക്ഷേ, ആശ്വാസം തേടി നമ്മൾ ഈശോയുടെ പക്കലേയ്ക്കാണോ പോകുന്നത് എന്നത് ചിന്തനീയമാണ്.

ചില വ്യക്തികളിലേയ്ക്കും സാഹചര്യങ്ങളിലേയ്ക്കും ആശ്വാസം തേടിപ്പോകുന്നത് പലപ്പോഴും ചെന്നവസാനിക്കുന്നത് അപകടത്തിലാണ്. എത്രയോ ഉദാഹരണങ്ങളാണ് നമുക്കു ചുറ്റും. ഈശോയിലേയ്ക്ക് നയിക്കാത്ത വ്യക്തികളിലേയ്ക്കും സാഹചര്യങ്ങളിലേയ്ക്കും ഒരിക്കലും ആശ്വാസം തേടിപ്പോകരുത്. അത് എത്ര വലുതായി തോന്നിയാലും.

വി. മര്‍ഗരീത്താ മറിയത്തിന് നല്‍കിയ വെളിപാടിന്റെ വെളിച്ചത്തിലാണ് ആഗോളസഭയില്‍ ഈ തിരുനാള്‍ ആചരിക്കുവാന്‍ തുടങ്ങിയത്. 1873 മെയ് എട്ടാം തീയതി പിയൂസ് ഒമ്പതാമൻ പാപ്പാ തിരുഹൃദയത്തോടുള്ള ഭക്തി സഭയില്‍ ഔദ്യോഗികമായി അംഗീകരിച്ചു. 1899-ല്‍ ലെയോ 13-ാമന്‍ മാര്‍പാപ്പ എല്ലാ രൂപതകളിലും തിരുഹൃദയ തിരുനാള്‍ ആചരിക്കുവാൻ ലോകമെമ്പാടുമുള്ള ബിഷപ്പുമാർക്ക് നിർദ്ദേശം നൽകി. ഈശോയുടെ ഹൃദയത്തോട് നമ്മുടെ ഹൃദയങ്ങളെ നമുക്ക് ചേര്‍ത്തുവയ്ക്കാം.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.