സീറോ മലബാര്‍ ഏലിയാ സ്ലീവാ മൂശാക്കാലം എട്ടാം വെള്ളി ഒക്ടോബര്‍ 22 ലൂക്കാ 16: 1-8 ആകുലരാണോ?

ലൂക്കായുടെ സുവിശേഷത്തില്‍ 15-ാം അദ്ധ്യായത്തിലെ സുന്ദരമായ മൂന്ന് ഉപമകള്‍ക്കു ശേഷം – കാണാതെ പോയ ആട്, നാണയം, ധൂര്‍ത്തപുത്രന്‍ – 16-ാം അദ്ധ്യായത്തില്‍ അവിശ്വസ്തനായ കാര്യസ്ഥന്റെ ഉപമ നമ്മള്‍ വായിക്കുന്നു. കാര്യസ്ഥന്റെ അവിശ്വസ്തതയെ പുകഴ്ത്താനല്ല യേശു ഈ ഉപമ പറയുന്നതെന്ന് നാം മനസിലാക്കണം. മറിച്ച് ‘ഈ യുഗത്തിന്റെ മക്കളുടെ’ കൗശലത്തെക്കുറിച്ചും ബുദ്ധിയെക്കുറിച്ചും ഓര്‍മ്മിപ്പിക്കാനാണ്.

ലോകത്തിലെ കാര്യങ്ങളില്‍ വിജയിക്കാനും ലോകജീവിതം സുഖകരമാക്കാനും ഇത്രയും അദ്ധ്വാനവും ബുദ്ധിയും മനുഷ്യര്‍ ഉപയോഗിക്കുന്നെങ്കില്‍ നിത്യജീവിതം അവകാശമാക്കാന്‍ മനുഷ്യര്‍ എന്തൊക്കെ ചെയ്യേണ്ടിയിരിക്കുന്നു. ലോകത്തിലെ ജീവിതം ആഹ്ലാദകരമാക്കാന്‍ കൃത്യമായ കര്‍മ്മപദ്ധതി ആവശ്യമായതുപോലെ നിത്യജീവിതം അവകാശമാക്കാനും നമ്മള്‍ കൃത്യമായ പദ്ധതി തയ്യാറാക്കേണ്ടിയിരിക്കുന്നു. അത്തരം കാര്യങ്ങള്‍ അനുദിന ജീവിതത്തിന്റെ ഭാഗമാക്കി മാറ്റുകയാണെങ്കില്‍ നിത്യജീവനെക്കുറിച്ചും നമ്മള്‍ ആകുലരാകേണ്ട കാര്യമില്ല. നമ്മള്‍ ഇപ്പോള്‍ ആകുലരാണോ?

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.