സീറോ മലബാർ ഏലിയാ സ്ലീവാ മൂശാക്കാലം ആറാം ഞായർ ഒക്ടോബർ 03 മത്തായി 15: 21-28 വലിയ വിശ്വാസം

തുടർച്ചയായ അപേക്ഷയാണ് കാനാൻകാരിയെ ‘വലിയ വിശ്വാസത്തിന്റെ ഉടമ’ എന്ന് വിശേഷിപ്പിക്കാൻ ഈശോയെ പ്രേരിപ്പിച്ചത്. തന്റെ മകളെ പിശാച് ക്രൂരമായി ബാധിച്ചിരിക്കുന്നു എന്ന അവളുടെ ആദ്യ അപേക്ഷക്ക് ഈശോ ഒരു വാക്കു പോലും ഉത്തരം പറഞ്ഞില്ല (23). പിന്നീട് അവൾ പിന്നാലെ വന്ന് നിലവിളിച്ചപ്പോൾ നൽകിയ ഉത്തരം, താൻ ഇസ്രായേൽ മക്കൾക്കു വേണ്ടി വന്നവനാണെന്നായിരുന്നു. തന്നെ സഹായിക്കണമെന്ന് വീണ്ടും അവള്‍ അപേക്ഷിച്ചപ്പോൾ നിഷേധാത്മകമായ മറുപടിയായിരുന്നു ലഭിച്ചതെങ്കിലും നിരാശയാകാതെ അവൾ വീണ്ടും അപേക്ഷിക്കുകയാണ്. അവിടെ യേശു, അവൾ ആഗ്രഹിച്ചത് നൽകുകയും വിശ്വാസത്തെ പ്രകീർത്തിക്കുകയും ചെയ്തു.

മൂന്നു വട്ടം നിഷേധിച്ചിട്ടും തുടർച്ചയായി അപേക്ഷിക്കാൻ മനസു കാണിച്ച അവളുടെ വിശ്വാസം വലുതു തന്നെയാണ്. പ്രാർത്ഥനയിൽ ചോദിക്കുമ്പോഴേ ലഭിക്കാതെ വരുമ്പോൾ നിരാശരാകുന്ന ആളുകളാണ് നമ്മൾ. പ്രാർത്ഥന കേൾക്കുന്നില്ല എന്നു തോന്നുമ്പോഴും പ്രാർത്ഥിച്ചതിന്റെ നേർവിപരീതം സംഭവിക്കുമ്പോഴും പ്രാർത്ഥിച്ചുകൊണ്ടേയിരിക്കുക. കാനാൻകാരിയാണ് അതിന് മാതൃക.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.