സീറോ മലബാര്‍ ഉയിര്‍പ്പുകാലം ഒന്നാം വ്യാഴം ഏപ്രില്‍ 25 മര്‍ക്കോ. 16:15-20 അയയ്ക്കപ്പെടുന്നവര്‍

ശിഷ്യഗണത്തിന് ഈശോ നല്‍കിയ പ്രേഷിതദൗത്യമാണ് നമ്മുടെ ഇന്നത്തെ ധ്യാനവിഷയം. ഇപ്രകാരമാണ് അത് ആരംഭിക്കുന്നത്: ‘നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍’ (15). ലോകം മുഴുവനും പോയി സകലസൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവാനാണ് ഈശോയുടെ ആഹ്വാനം.

നമ്മള്‍ ഓരോരുത്തരും അവിടുത്തെ ശിഷ്യരാണ്. ഈശോയുടെ ഈ ആഹ്വാനം എത്രമാത്രം സ്വന്തം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുവാന്‍ നമുക്ക് സാധിച്ചിട്ടുണ്ട്. ‘ലോകം’ മുഴുവനും പോകാനാണ് അവിടുത്തെ ആഹ്വാനം. ഏതാണ് നിന്റെ ലോകം? അത് നാം ജീവിക്കുന്ന ഇടമാണ്. ഒരുപക്ഷെ, നിന്റെ വീടും തൊഴില്‍സ്ഥലവും മാത്രമായിരിക്കാം ‘നിന്റെ ലോകം.’ ആ ‘ലോകം’ മുഴുവനിലും ആ ലോകത്തുള്ള എല്ലാവര്‍ക്കും മുമ്പിലും സുവിശേഷം ആകാന്‍ നിനക്ക് സാധിക്കുന്നുണ്ടോ? ഏതാണ് എന്റെ ലോകം?

ഫാ. ജി. കടൂപ്പാറയില്‍ എം.സി.ബി.എസ്.