സീറോ മലബാര്‍ ഏലിയാ സ്ലീവാ മൂശാക്കാലം ആറാം ശനി ഒക്ടോബര്‍ 17 യോഹ. 4: 46-54 വിശ്വാസം

ഒരുവന്റെ വിശ്വാസം ഒരു കുടുംബത്തിന്റെ മുഴുവന്‍ വിശ്വാസത്തിലേയ്ക്ക് നയിക്കുന്ന സംഭവമാണ് നമ്മള്‍ ഇന്ന് ധ്യാനിക്കുന്നത്. കാനായില്‍ വെള്ളം വീഞ്ഞാക്കിയ അത്ഭുതത്തിന്റെ പശ്ചാത്തലം ഈ അത്ഭുതത്തിനുണ്ട്. തന്റെ മകനെ ‘വന്നു സുഖപ്പെടുത്തണം’ എന്നാണ് രാജസേവകന്‍ ആവശ്യപ്പെടുന്നത്. വീണ്ടും, ‘എന്റെ മകന്‍ മരിക്കും മുമ്പ് വരേണമേ’ എന്നാണ് അയാളുടെ യാചന. പക്ഷേ, യേശു പോകാതെ സുഖപ്പെടുത്തുകയാണ്.

യേശു പറഞ്ഞ വചനം വിശ്വസിക്കുമ്പോഴാണ് (50) അവന്റെ മകന്‍ സൗഖ്യപ്പെടുന്നത്. യേശു പറഞ്ഞ വചനവും ചെയ്ത അത്ഭുതങ്ങളും അവനില്‍ വിശ്വസിക്കാന്‍ ഒരുവനെ സഹായിക്കേണ്ടിയിരിക്കുന്നു. ഒരുവന്റെ വിശ്വാസം, അവന്റെ കുടുംബവും സമൂഹവും യേശുവിലുള്ള വിശ്വാസത്തിലേയ്ക്ക് വരാന്‍ സഹായിക്കേണ്ടതാണ്. എന്റെ വിശ്വാസം കണ്ട് എന്റെ കുടുംബവും സമൂഹവും യേശുവിലുള്ള വിശ്വാസത്തിലേയ്ക്ക് വരുന്നുണ്ടോ? വിശ്വാസത്തില്‍ ആഴപ്പെടുന്നുണ്ടോ? അതോ എന്റെ ജീവിതം കണ്ട് മറ്റുള്ളവരിലുള്ള വിശ്വാസം നഷ്ടമാവുകയാണോ ചെയ്യുന്നത്?

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.