സീറോ മലബാര്‍ നോമ്പുകാലം നാലാം ചൊവ്വ മാര്‍ച്ച്‌ 17 യോഹ. 5:19-237 പിതാവിന്റെ മഹത്വം

പുത്രനെ ആദരിക്കുന്നവൻ അവനെ അയച്ചവനെ ആദരിക്കുന്നു. പുത്രനിൽ വിശ്വസിക്കുന്നവൻ അവനെ അയച്ച പിതാവിൽ വിശ്വസിക്കുന്നു. കാരണം, പുത്രൻ തന്റെ പ്രവർത്തനങ്ങൾ വഴി പിതാവിനെ ലോകത്തിന് കാണിച്ചുകൊടുക്കുകയും പിതാവിന്റെ മഹത്വം ഭൂമിയിൽ പ്രകടമാക്കുകയും ചെയ്തു. ഈശോ ഈ ലോകത്തിലേയ്ക്കു‌ വന്നതുതന്നെ പിതാവിന്റെ ഇഷ്ടം നിറവേറ്റാനായിട്ടായിരുന്നു. കാലിത്തൊഴുത്തിലെ ജനനം മുതൽ കാൽവരിയിലെ മരണം വരെ പിതാവിന്റെ ഇഷ്ടം മാത്രം നോക്കി പിതാവിനെ മഹത്വപ്പെടുത്തിയവനെ പിതാവ് മഹത്വപ്പെടുത്തുന്നതാണ് രക്ഷാകരചരിത്രത്തിന്റെ മർമ്മം.

അതിനാൽത്തന്നെ പുത്രനിൽ  വിശ്വസിക്കുന്ന ഏതൊരുവനും രക്ഷ പ്രാപിക്കുവാനായി, പിതാവ് പുത്രന് എല്ലാ അധികാരവും കൊടുത്തിരിക്കുകയാണ്. മരണത്തിൽ നിന്നുപോലും നമ്മെ രക്ഷിക്കുവാൻ കഴിവുള്ള കർത്താവിന് നാം എന്തു സ്ഥാനമാണ് നമ്മുടെ ജീവിതത്തിൽ കൊടുക്കുന്നത്. നാം സ്വയം നമ്മുടെ മഹത്വം അന്വേഷിക്കുമ്പോൾ ദൈവത്തിന് നമ്മുടെ ജീവിതത്തിൽ അർഹമായ സ്ഥാനം നാം കൊടുക്കാറുണ്ടോ? നാം ലോകത്തിലെ പല നേതാക്കളെയും അഭിനേതാക്കളെയും കായികതാരങ്ങളെയും അനുകരിക്കുവാൻ ശ്രമിക്കുന്നതിനിടയിൽ നമ്മെ ഇഹലോകത്തിലും പരലോകത്തിലും സഹായിക്കുവാൻ കഴിയുന്ന ഏകസത്യദൈവത്തെ നാം അവഗണിക്കുകയാണോ ചെയ്യുന്നത്?

നമുക്ക് നമ്മുടെ ജീവിതങ്ങളെ നേരായ വഴിയിലൂടെ യാത്ര ചെയ്യുവാനായി ശീലിപ്പിക്കാം. നശ്വരമായവയെ ഉപേക്ഷിച്ച് അനശ്വരമായവയുടെ പിന്നാലെ പോകാം. അങ്ങനെ പുത്രന്റെ അധികാരത്തിനു വിധേയരായി പിതാവ് പുത്രനു നൽകുന്ന മഹത്വത്തിന്റെ അവകാശികളാകുവാനായി നമുക്കും പരിശ്രമിക്കാം. ഈ നശ്വരമായ ലോകത്തിൽ അനശ്വരമായതിനെ ലക്ഷ്യം വച്ചു നേരായ വഴിയിലൂടെ യാത്ര ചെയ്യാനുള്ള കൃപയ്ക്കായുള്ള  ആത്മാർഥമായ പ്രാർത്ഥനയോടെ…

ഫാ. ചാക്കോ ചൂരപ്പുഴയിൽ