സീറോ മലബാര്‍ നോമ്പുകാലം നാലാം തിങ്കള്‍ മാര്‍ച്ച്‌ 16 യോഹ. 5: 1-18 ഈശോ നല്‍കുന്ന സൗഖ്യം

സ്വന്തം ജീവിതപരാധീനതകൾക്ക് അപരനെ പഴിക്കുന്ന ഒരു സമൂഹത്തിന്റെ പ്രതിനിധിയാണ് ബേത്സഥാ കുളക്കരയിലെ തളർവാതരോഗി. മിശിഹാ അവനോട് ഒരു കാര്യമേ ചോദിച്ചുള്ളൂ: “സുഖം പ്രാപിക്കാൻ നിനക്ക് ആഗ്രഹം ഉണ്ടോ?” എന്ന്. എന്നാൽ, അവന്റെ മറുപടി നമ്മെ അതിശയിപ്പിക്കുന്നതാണ്. അവൻ 38 വർഷങ്ങളായി കാത്തുകിടന്നിട്ടും ആരും അവനെ സഹായിക്കാത്തതിന്റെ പരിഭവം അവൻ കർത്താവിന്റെ മുമ്പില്‍ അഴിച്ചിടുകയാണ്.

നമ്മുടെ ജീവിതത്തിൽ നാമും ഇതേ പോലെയാണോ പെരുമാറുന്നത്? നമ്മുടെ ഹൃദയവാതിലിൽ മുട്ടുന്നവൻ, നമ്മുടെ മുറിവേറ്റ ഹൃദയത്തിന്റെ മുറിവുണക്കാൻ വരുന്നവൻ എന്നോടും ചോദിക്കുന്ന ചോദ്യം ഇതാണ്: “സുഖം പ്രാപിക്കാൻ നിനക്ക് ആഗ്രഹം ഉണ്ടോ?” നിന്റെ ഉത്തരം എന്താണ്? കർത്താവിൽ നിന്നും സൗഖ്യം നേടുവാനായി ആഗ്രഹം ഉണ്ടെന്നാണോ? അതോ എനിക്ക് അനുഗ്രഹം ഇന്നുവരെ ലഭിക്കാത്തതിന്റെ ദോഷം അപരനിൽ കെട്ടിവയ്ക്കുവാനാണോ ഞാൻ പരിശ്രമിക്കുന്നത്.

നമ്മുടെ ഈ കൊച്ചു ജീവിതത്തിൽ നമുക്ക് മറ്റുള്ളവരെ കുറ്റപ്പെടുത്താതിരിക്കാം. സ്വന്തം കുറവുകളുടെ കാരണം മറ്റുള്ളവരാണെന്നു പറയാതിരിക്കാം. അങ്ങനെ അനുഗ്രഹിക്കാനായി കടന്നുവരുന്ന കർത്താവിനോട് ചേര്‍ന്നുനിന്ന് അവൻ നൽകുന്ന രക്ഷയിൽ നമുക്കും പങ്കാളികളാകാം. ലോകം മുഴുവനും ഭീതിപരത്തുന്ന കൊറോണ വൈറസിൽ നിന്നും മനുഷ്യകുലത്തെ മുഴുവൻ രക്ഷിക്കുവാനായി ഈശോയോട് ഹൃദയം നുറുങ്ങി അപേക്ഷിക്കാം. മിശിഹായുടെ തിരുരക്തത്തിന്റെ സംരക്ഷണത്തിന് നമ്മെത്തന്നെ വിട്ടുകൊടുത്തു കൊണ്ട് എല്ലാ മക്കളെയും സുരക്ഷിതരും രോഗവിമുക്തരുമാക്കുവാനായുള്ള പ്രാത്ഥനയോടെ…

ഫാ. ചാക്കോ ചൂരപ്പുഴയിൽ