സീറോ മലബാര്‍ നോമ്പുകാലം മൂന്നാം തിങ്കൾ മാർച്ച് 09 മാർക്കോ. 12: 28-34

എകസത്യദൈവത്തെ തിരിച്ചറിഞ്ഞു അവനിൽ വിശ്വസിച്ച്‌ അവനെ സ്നേഹിക്കുകയും തന്നെപ്പോലെ തന്നെ തന്റെ അയൽക്കാരനെ സ്നേഹിക്കുകയും ചെയ്യണമെന്നാണ് ഇന്നത്തെ വചനഭാഗം നമ്മോടു പറയുന്നത്. ഈ സുപ്രധാന കൽപനകൾ തിരിച്ചറിഞ്ഞ നിയമജ്ഞനോട് ഈശോ പറഞ്ഞത്: “നീദൈവരാജ്യത്തിൽ നിന്ന് അകലെയല്ല” എന്നാണ്.

എന്നാൽ, ഈ തിരിച്ചറിവു മാത്രം ഒരുവനെ സ്വർഗ്ഗരാജ്യത്തിൽ എത്തിക്കുന്നില്ല. മറിച്ച്‌, അറിഞ്ഞ കാര്യങ്ങൾക്കനുസൃതമായി പ്രവർത്തിക്കുന്നവൻ മാത്രമേ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുകയുള്ളൂ. നമുക്കും പലപ്പോഴും തിരിച്ചറിവുണ്ട്. എന്താണ് ശരി, എന്താണ് തെറ്റ് എന്നൊക്കെ. എന്നാൽ, ആ തിരിച്ചറിവ് നമ്മെ ശരിയായവ ചെയ്യുവാൻ പ്രേരിപ്പിക്കാറുണ്ടോ? അല്ലെങ്കിൽ നമ്മോട് ഈശോ പറയും: “നിങ്ങൾ എവിടുന്നാണെന്നു ഞാൻ അറിയുകയില്ല. അനീതി പ്രവർത്തിക്കുന്നവരേ, നിങ്ങൾ എന്നിൽ നിന്നകന്നു പോകുവിൻ” (ലൂക്ക 13:27).

അങ്ങനെ നമുക്കുണ്ടായ തിരിച്ചറിവ് നമ്മെ നന്മ പ്രവർത്തിക്കുവാൻ പ്രേരിപ്പിക്കുന്നില്ലെങ്കിൽ നമ്മുടെ സ്വർഗ്ഗരാജ്യ പ്രവേശനത്തനുള്ള ആഗ്രഹം വെറുതെയാവും. പരസ്പരം സ്‌നേഹത്തിലും സഹോദര്യത്തിലും നാം ജീവിക്കുമ്പോൾ ദൈവത്തെ പൂർണ്ണഹൃദയത്തോടെ സ്നേഹിക്കുവാൻ നമുക്ക് കഴിയും. അതുകൊണ്ടാണ് വചനം പറയുന്നത് ,”കാണപ്പെടുന്ന സഹോദരനെ സ്നേഹിക്കാത്തവന് കാണപ്പെടാത്ത ദൈവത്തെ സ്നേഹിക്കുവാൻ സാധിക്കുകയില്ല” എന്ന്.

ഈ നോമ്പുകാലത്തു മറ്റുള്ളവരെ സ്നേഹിക്കുവാനും സഹായിക്കുവാനും നമുക്ക് കിട്ടുന്ന അവസരങ്ങൾ നഷ്ടപ്പെടുത്താതിരിക്കാം. അതുവഴി ദൈവത്തെ സ്നേഹിക്കുവാനും അവനിൽ പൂർണ്ണ ആശ്രയം വച്ച് സ്വർഗ്ഗത്തെ ലക്ഷ്യം വച്ച്‌ യാത്ര ചെയ്യാനുമുള്ള കൃപയ്ക്കായി ആത്മാർത്ഥമായ പ്രാർത്ഥനയോടെ…

ഫാ. ചാക്കോ ചൂരപ്പുഴയിൽ