സീറോ മലബാര്‍ മംഗളവാർത്താക്കാലം മൂന്നാം വ്യാഴം ഡിസംബർ 16 ലൂക്കാ 7: 30-35 വിമർശനം

സ്നാപകയോഹന്നാനെയും ഈശോയെയും ഒരുപോലെ വിമർശിച്ച ഫരിസേയരോടും നിയമജ്ഞരോടുമുള്ള ഈശോയുടെ പ്രതികരണമാണ് ഇന്നത്തെ വചനഭാഗം. സ്നാപകയോഹന്നാൻ അപ്പം ഭക്ഷിക്കാത്തവനും വീഞ്ഞ് പാനം ചെയ്യാത്തവനുമായി വന്നു; ഈശോ ഭക്ഷിക്കുന്നവനും പാനം ചെയ്യുന്നവനുമായി വന്നു. ഇവർ രണ്ടുപേരെയും ഫരിസേയരും നിയമജ്ഞരും ഒരുപോലെ വിമർശിക്കുകയാണ്. എന്തു ചെയ്താലും കുറ്റം മാത്രം കാണുന്നവർ!

ഇന്നത്തെ കാലത്തും അതേ കാര്യങ്ങൾ തന്നെയാണ് ആവർത്തിച്ചു കൊണ്ടിരിക്കുന്നത്. എല്ലാവരെയും എന്തിനെയും വിമർശിക്കാൻ വേണ്ടി മാത്രമാണ് ചിലർ ഭൂമിയിൽ ജീവിക്കുന്നതു തന്നെ എന്ന് ചിലരുടെ ചെയ്തികൾ കാണുമ്പോൾ നമുക്ക് തോന്നിപ്പോകും. നമ്മളും പലപ്പോഴും അതുപോലെയാണ്. നമുക്ക് താല്പര്യമില്ലാത്ത കാര്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറാനുള്ള കാരണങ്ങൾ നമുക്ക് എപ്പോഴും കണ്ടെത്താനാകും. ചിലരെ അമിത ആത്മീയതയ്ക്കും മറ്റു ചിലരെ ആത്മീയതയില്ലാത്തതിനും നമ്മൾ വിമർശിക്കുന്നു.

ഇത്തരം സ്വഭാവം നമുക്കുണ്ടെങ്കിൽ അതിൽ നിന്നും നമ്മൾ മാറേണ്ടിയിരിക്കുന്നു. നിഷേധാത്മകതയുടെയും പരാതിയുടെയും വഴികളിലൂടെ നമ്മൾ യാത്ര ചെയ്യാതിരിക്കുക. ഈശോയുടെ, ജ്ഞാനത്തിന്റെ വഴിയിലൂടെ നമ്മൾ സഞ്ചരിക്കുക.

ഫാ.  ജി. കടൂപ്പാറയില്‍ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.