സീറോ മലബാര്‍ ശ്ലീഹാക്കാലം ആറാം ഞായര്‍ ജൂലൈ 05 ലൂക്കാ 12:57-13:5 പശ്ചാത്താപിക്കാത്തവന്‍ നശിക്കും

റോമന്‍ ഭരണാധികാരിയായിരുന്ന പീലാത്തോസ്, ജറുസലേം നഗരത്തിനുവേണ്ടി വലിയൊരു ശുദ്ധജലസംഭരണി പണിയുവാന്‍ കല്പനയിട്ടു. പദ്ധതിയുടെ നടത്തിപ്പിന് ദേവാലയത്തിലെ നേര്‍ച്ചപ്പണം എടുത്ത് ചെലവഴിക്കുവാന്‍ അദ്ദേഹം തീരുമാനിച്ചു. തങ്ങള്‍ക്ക് ഉപകാരപ്രദമായൊരു പദ്ധതിക്കു വേണ്ടിയാണെങ്കിലും നേര്‍ച്ചപ്പണം ദൈവാരാധനയ്ക്കുള്ളതാണെന്നും അത് മറ്റു കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് ദൈവദോഷമാണെന്നും കരുതിയ യഹൂദര്‍ ഇതിനെതിരെ പ്രതിഷേധിക്കുവാന്‍ തുടങ്ങി. എന്നാല്‍, പട്ടാളശക്തി ഉപയോഗിച്ച് പീലാത്തോസ് അവരെയെല്ലാം വാളിനിരയാക്കി, നേര്‍ച്ചപ്പണം കൈക്കലാക്കി ജലസംഭരണിയുടെ പണികള്‍ ആരംഭിച്ചു. ജലസംഭരണിയുടെ പണികള്‍ നടക്കുന്നതിനിടയില്‍ പണി ചെയ്തുകൊണ്ടിരുന്ന പതിനെട്ടുപേര്‍ ഗോപുരം ഇടിഞ്ഞുവീണ് മരിക്കാനിടായാകുന്നു. ദേവാലയത്തിലെ നേര്‍ച്ചപ്പണമെടുത്തതിന് കിട്ടിയ ദൈവശിക്ഷയാണിതെന്ന്, തക്കംപാര്‍ത്തിരുന്ന യഹൂദര്‍ വ്യാഖ്യാനിക്കാന്‍ തുടങ്ങി.

ഈയൊരു വ്യാഖ്യാനത്തിന് കൂടൂതല്‍ പിന്‍ബലവും അംഗീകാരവും കിട്ടുമെന്നുള്ള ഉറപ്പോടെയാണ് ഈ രണ്ട് സംഭവങ്ങളിലേയ്ക്കും യഹൂദര്‍ ഇശോയുടെ ശ്രദ്ധ ക്ഷണിച്ചത്. എന്നാല്‍ അന്നുവരെ നിലവിലിരുന്ന എല്ലാ ചിന്താഗതികളെയും തിരിത്തിക്കുറിച്ചുകൊണ്ടാണ് ഈശോ അവരോട് സംസാരിക്കുവാന്‍ തുടങ്ങിയത്. പീലാത്തോസിന്റെ വാളിനിരയായവരും തീലോഹായിലെ ഗോപുരം ഇടിഞ്ഞുവീണു മരിച്ചവരും മറ്റെല്ലാ ഗലീലിയക്കാരെക്കാളും പാപികളായിരുന്നതുകൊണ്ടല്ല മറിച്ച്, അനുതപിക്കാന്‍ തയ്യാറല്ലെങ്കില്‍ നിങ്ങള്‍ക്കും സംഭവിക്കാനിരിക്കുന്നത് ഇതു തന്നെയാകും എന്നാണ് ഈശോ പറഞ്ഞുവയ്ക്കുന്നത്.

ഒരു വ്യക്തി ചെയ്യുന്ന പാപകര്‍മ്മത്തിന്റെ ഫലമാണ് അവന് നേരിടുന്ന ദുരിതങ്ങളും കഷ്ടതകളും യാതനകളുമെന്ന വിശ്വാസമാണ് യഹൂദരുടെയിടയില്‍ നിലനിന്നിരുന്നത്. എന്നാല്‍, ദൈവേഷ്ടമനുസരിച്ച് ജീവിക്കുവാന്‍ ശ്രമിക്കുന്ന ഏതൊരു വ്യക്തിക്കും ക്ലേശങ്ങളും ദുരിതങ്ങളും അനുഭവപ്പെടാറുണ്ടെന്നുള്ളത് ഒരു യാഥാര്‍ത്ഥ്യമാണ്. ദുരന്തങ്ങള്‍ ജീവിതത്തില്‍ ആര്‍ക്കും സംഭവിക്കാം. അവയ്ക്ക് ഇരയാകുന്നവര്‍ ഹതഭാഗ്യരാകണമെന്നില്ല. ജീവിച്ചിരിക്കുന്ന മറ്റാളുകളെക്കാള്‍ നിര്‍ഭാഗ്യവാന്മാരോ, ദുഷ്ടരോ, പാപികളോ ആയതിനാലുമല്ല അവ സംഭവിക്കുന്നത്. കാലത്തിന്റെ ഇത്തരത്തിലുള്ള സൂചനകള്‍ സ്വന്തം ജീവിതത്തിന്റെ നവീകരണത്തിന് സഹായിക്കണം എന്ന് ഓര്‍മ്മപ്പെടുത്തുകയാണ് ഈശോ ചെയ്യുന്നത്.

എല്ലാ ദുരിതങ്ങളും പാപത്തിന്റെ ഫലമല്ലെന്നും എന്നാല്‍ പാപഫലം ദുരിതം തന്നെയാണെന്നും ഈശോ വ്യക്തമാക്കി. പാപം ചെയ്യുക എന്നുപറഞ്ഞാല്‍ ഈശോയെ ജീവിതത്തില്‍ നിന്ന് തിരസ്‌കരിക്കുകയാണ്. സ്വന്തം ജീവിതത്തില്‍ ഈശോയ്ക്ക് പകരം സ്വാര്‍ത്ഥതയെയും സ്ഥാനമാനങ്ങളെയും പ്രതിഷ്ഠിക്കുമ്പോള്‍ അനുഭവപ്പെടുന്ന ശൂന്യതാബോധവും നിരാശയും സമാധാനമില്ലായ്മയുമാണ് ഒരു മനുഷ്യന് അനുഭവിക്കാവുന്നതില്‍വച്ച് ഏറ്റവും വലിയ പീഡനവും ക്ലേശവും. ഇന്നത്തെ പ്രശ്നങ്ങള്‍ക്കുള്ള കാരണം പന്ത്രണ്ടാം പീയൂസ് പാപ്പയുടെ വാക്കുകളില്‍ പറഞ്ഞാല്‍ പാപബോധമില്ലായ്മയാണ്. പാപം ശരീരത്തെയും ആത്മാവിനെയും കാര്‍ന്നുതിന്നുന്ന മാരകരോഗമാണ്. പാപബോധമില്ലായ്മയാണ് പാപത്തിന് നാം നല്‍കുന്ന ഏറ്റവും വിഷം കൂടിയ വളം.

മെര്‍ലിന്‍ ക്രോരോഴ്‌സ് ‘തടവറയില്‍ നിന്ന് പുകഴ്ചയിലേക്ക്’ എന്ന ഗ്രന്ഥത്തില്‍ ഇങ്ങനെ കുറിക്കുന്നു: ”അത്ഭുതങ്ങളില്‍ ഏറ്റവും വലുത് ഇതാ, ഒരാള്‍ക്കൂടി ക്രിസ്തുവിനെ സ്വീകരിച്ച് നിത്യജീവന് അവകാശിയായിത്തീര്‍ന്നിരിക്കുന്നുണ്ട് എന്നതാണ്.” എങ്കില്‍ നമുക്ക് ഇങ്ങനെ കൂട്ടിച്ചേര്‍ക്കാന്‍ കഴിയും ദുരന്തങ്ങളില്‍ ഏറ്റവും വലുത് ക്രിസ്തുവിനെ ധിക്കരിച്ചുകൊണ്ട് ഒരാള്‍ പാപത്തില്‍ മരിക്കുന്നതാണ്. അതുകൊണ്ട് ഈശോ നമ്മോട് പറയുന്നു അനുതപിക്കുന്നില്ലെങ്കില്‍ നിങ്ങളും അതുപോലെ നശിക്കും. അപരന്റെ ദൈന്യതകളൊക്കെ അവരുടെ പാപഫലങ്ങളാണെന്ന് വിധിച്ച് സ്വയം നീതികരിക്കാന്‍ ശ്രമിക്കാതെ ആത്മപരിശോധനയ്ക്കുള്ള അവസരങ്ങളും മാനസാന്തരത്തിനുള്ള മുന്നറിയിപ്പുകളുമായി വിലയിരുത്താനാണ് ഈശോ ആവശ്യപ്പെടുന്നത്. നിങ്ങള്‍ എന്തുകൊണ്ട് ശരിയായി വിധിക്കുന്നില്ല? എന്ന ചോദ്യം ഒരിക്കല്‍ക്കൂടി പ്രസക്തമാകുകയാണിവിടെ. ”നിങ്ങള്‍ നിങ്ങളെത്തന്നെയാണ് വിധിക്കേണ്ടിയിരുന്നത്” എന്ന ആഹ്വാനം ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. നാം നശിക്കാതിരിക്കാന്‍ വേണ്ടി നമ്മെത്തന്നെ ന്യായീരിക്കുന്നത് അവസാനിപ്പിക്കുകയും എളിമയില്‍ അനുതപിക്കുകയും ചെയ്യണമെന്ന മുന്നറിയിപ്പും ഈശോ നല്‍കുന്നുണ്ട്.

സ്വന്തം പാപങ്ങളെക്കുറിച്ച് പശ്ചാത്തപിച്ച് ദൈവത്തിങ്കലേയ്ക്ക് നമ്മള്‍ തിരിയണം. പശ്ചാത്താപത്തിന്റെ വഴിയിലൂടെ ഈശോ നമ്മില്‍ ഓരോരുത്തരിലും പ്രവര്‍ത്തിക്കാന്‍ അനുവദിക്കണം. ദൈവത്തിങ്കലേയ്ക്ക് തിരിയുന്ന ഓരോ വ്യക്തിയും ദൈവോന്മുഖമായ ഒരു ജീവിതം നയിക്കുകയും സ്‌നേഹത്തില്‍ വളര്‍ന്ന് നന്മയുടെ ഫലങ്ങള്‍ പുറപ്പെടുവിക്കുകയും വേണം. സമയോചിതമായ മാനസാന്തരത്തിനു മാത്രമേ നിത്യനാശത്തില്‍ നിന്ന് നമ്മെ രക്ഷിക്കാന്‍ സാധിക്കുകയുള്ളൂ. മറ്റുള്ളവരുടെ ദുരന്തങ്ങള്‍ കാണുമ്പോള്‍ നാം നമ്മിലേയ്ക്കു തന്നെ തിരിയണം. നമ്മുടെ സ്ഥിതി മറ്റുള്ളവരുടേതില്‍ നിന്നും വ്യത്യസ്തമാണോ എന്ന് ചിന്തിക്കുന്നതും ഉചിതമായിരിക്കും. നഷ്ടപ്പെട്ട നാളുകളെയോര്‍ത്ത് നാം നിരാശരാകേണ്ടതില്ല. ദൈവം ക്ഷമാപൂര്‍വ്വം പാപിയുടെ മാനസാന്തരത്തിനായി കാത്തിരിക്കുന്നു.

പുഴയോരത്തെ വൃക്ഷം പോലെ ഫലം ചൂടിനില്‍ക്കാന്‍, നന്മയുടെ ഇത്തിരിവെട്ടമായി മലമുകളില്‍ തെളിഞ്ഞുനില്‍ക്കാന്‍ ഇനിയും എന്തൊക്കെയാണ് നാം ചെയ്യേണ്ടത്. വിത്തുവിതച്ചിട്ട് കാത്തുനില്‍ക്കുന്ന ദൈവത്തിന്റെ സ്വപ്നങ്ങള്‍ എപ്രകാരമാണ് നമ്മുടെ ചെറുജീവിതത്തിലൂടെ സാര്‍ത്ഥകമാകുക. ഈ ലോകവും നമ്മുടെ ചുറ്റുപാടുകളും സംഭവങ്ങളുമൊക്കെ നല്‍കുന്ന മുന്നറിയിപ്പുകളുടെ പാഠം ഉള്‍ക്കൊള്ളാന്‍ നമുക്കു ലഭിക്കുന്ന അനവധി സാധ്യതകളെ പ്രയോജനപ്പെടുത്താന്‍, നമ്മില്‍ പ്രതീക്ഷ തരുന്ന നമ്മുടെ സഹജരുടെ ആശങ്കകള്‍ സത്യമാകാന്‍ നാം സ്വീകരിക്കേണ്ട ശൈലീമാറ്റത്തെപ്പറ്റിയുള്ള ഓര്‍മ്മപ്പെടുത്തലാണ് ഈ സുവിശേഷം. അതിന് സാധിക്കുന്നില്ലെങ്കില്‍ പലരും നമ്മെ നോക്കി നെടുവീര്‍പ്പിടും ‘പാഴായിപ്പോയ ജന്മം’ എന്ന്. ഫലം നല്‍കുന്നില്ലെങ്കില്‍ പിന്നെയെന്തിന് അത്തിവൃക്ഷം? ചുറ്റുമുള്ളവരെക്കാള്‍ മെച്ചമാകാനല്ലെങ്കില്‍ പിന്നെ നീ എന്തിന് ക്രിസ്ത്യാനിയായി..? പശ്ചാത്താപത്തിലൂടെ ക്രിസ്തുവില്‍ ഒന്നായിത്തീര്‍ന്ന് ലോകത്തിന് നന്മയുടെ ഫലങ്ങള്‍ നല്‍കാന്‍ ദൈവം നമ്മെ അനുഗ്രഹിക്കട്ടെ. ദൈവകൃപ നമ്മുടെ കൂടെ ഉണ്ടാകട്ടെ, ആമ്മേന്‍.

ബ്ര. മാത്യു മൂന്നുപീടികയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.