സീറോ മലബാര്‍ നോമ്പുകാലം ഏഴാം ബുധന്‍ ഏപ്രില്‍ 08 യോഹ. 12: 27-33 ജീവിതബലി

തന്റെ ജീവിതബലി പൂർത്തിയാക്കേണ്ട സമയമായി എന്ന തിരിച്ചറിവ് മിശിഹായെ ആത്മാവിൽ അസ്വസ്ഥനാക്കുകയാണ്. മാനുഷികമായ ബലഹീനതയാൽ ഗത്സമെനില്‍, കഴിയുമെങ്കിൽ ഈ പാനപാത്രം എന്നിൽ നിന്ന് അകറ്റേണമേ, എങ്കിലും എന്റെ ഇഷ്ടമല്ല അങ്ങയുടെ ഇഷ്ടം നിറവേറട്ടെ എന്നു പ്രാർത്ഥിക്കുന്ന ഈശോ വേദനയുടെ അഗ്നിപരീക്ഷയിലൂടെ കടന്നുപോകുന്ന നമുക്കെല്ലാവർക്കും ദൈവഹിതം നിറവേറ്റുവാനായുള്ള പ്രചോദനം നൽകുന്നു. തീക്ഷ്ണമായ പ്രാർത്ഥനയ്ക്ക് സ്വർഗത്തിൽ നിന്നും ഉടനെ ഉത്തരം ലഭിക്കുന്നതായി ഇന്നത്തെ വചനഭാഗത്തിൽ നിന്നും നമുക്ക് മനസ്സിലാക്കുവാൻ സാധിക്കും. എന്നാൽ, മിശിഹായുടെ പ്രാർത്ഥനയുടെ ഉത്തരം സഹനങ്ങളെ മാറ്റിനിർത്തിക്കൊണ്ടുള്ള മഹത്വപ്പെടുത്തൽ അല്ലായിരുന്നു. മറിച്ച്, പിതാവിന്റെ ഇഷ്ടം സ്വന്തം ജീവിതത്തിൽ പരിപൂര്‍ണ്ണമായി നിറവേറ്റിക്കൊണ്ട് പീഢാസഹനങ്ങളിലൂടെ കടന്നുപോകുവാനും കുരിശിൽ ജീവനർപ്പിക്കുവാനും അങ്ങനെ പിതാവിനെ മഹത്വപ്പെടുത്തുവാനുമായിരുന്നു.

ആ കുരിശിൽ ഉയർത്തപ്പെടുമ്പോളാണ് പിതാവിങ്കലേയ്ക്ക് അനേകർ ആകർഷിക്കപ്പെടുന്നത്. കുരിശിൽ വിരിയുന്ന പനിനീർ പുഷ്പമാകാനുള്ള വിളി സ്വീകരിച്ച് നമുക്കും മുന്നേറാം. നമ്മുടെ ജീവിതത്തിലെ ക്ലേശങ്ങളും ബുദ്ധിമുട്ടുകളുമെല്ലാം കർത്താവിന്റെ കുരിശിനോട് ചേർത്തുവയ്ക്കാം. എന്റെ ജീവിതത്തിൽ എന്നോട് അകാരണമായി ക്രൂരമായി പെരുമാറിയവരെയും, എന്റെ പേരിനെ കളങ്കപ്പെടുത്തുവാൻ ശ്രമിച്ചവരെയും, എന്റെ സമ്പത്തും നല്ല ജീവിതസാഹചര്യങ്ങളുമെല്ലാം നശിപ്പിക്കാൻ ശ്രമിക്കുന്നവരെയും, എന്റെ ജീവനു തന്നെ ഭീഷണിയാകുന്നവരെയുമെല്ലാം ഓർത്ത് നമുക്കു പ്രാർത്ഥിക്കാം. അങ്ങനെ എല്ലാം ക്ഷമിക്കുന്നവനായ പിതാവിന്റെ ഇഷ്ടം നമ്മുടെ ജീവിതത്തിലും നിറവേറ്റിക്കൊണ്ട് നമുക്കും കുരിശിൽ ഉയർത്തപ്പെടാം. അനേകരുടെ മനസാന്തരത്തിനും ദൈവത്തിങ്കലേയ്ക്കു‌ള്ള ആകർഷണത്തിനും കാരണമാകുന്ന ഒരു സഹനബലി ഈ വലിയ ആഴ്ചയിൽ അർപ്പിക്കുവാൻ നമുക്ക് സാധിക്കട്ടെ എന്ന ആത്മാർത്ഥമായ പ്രാർത്ഥനയോടെ…

ഫാ. ചാക്കോ ചൂരപ്പുഴയിൽ