സീറോ മലബാര്‍ നോമ്പുകാലം ഏഴാം ഞായര്‍ ഏപ്രില്‍ 05 മത്തായി 21: 1-17 യഥാർത്ഥ ഫലം

ആളുകളും ആരവങ്ങളുമില്ലാതെ ലോകത്തിന്റെ നാഥന് ഓശാന പാടുന്ന ഈ സുദിനത്തിൽ ഒരു വിശ്വാസിയുടെ ജീവിതത്തിലെ മൂന്നു പ്രധാന തലങ്ങളെക്കുറിച്ചാണ് ഇന്നത്തെ വചനഭാഗം നമ്മോടു പറയുന്നത്. ഒന്നാമതായി വിശ്വാസത്തിന്റെ വഴിയേ നടക്കുവാനായി നാം തുടങ്ങുമ്പോൾ പ്രവാചകന്മാരുടെ പ്രവചങ്ങൾ പൂർത്തിയാക്കി ജെറുസലേമിലേയ്ക്ക് രാജകീയമായി കടന്നുചെല്ലുന്ന ഈശോയുടെ അനുഭവം നമുക്കുമുണ്ടാകും. ആയിരങ്ങൾ ഓശാന പാടുവാനും പുകഴ്ത്തുവാനും അനുഗമിക്കുവാനുമെല്ലാം ഉണ്ടാകും. എന്നാൽ, അതേ ആളുകൾ ഇവനെ ക്രൂശിക്കുക എന്ന് അലറിവിളിക്കുന്നവരാകാൻ അധികസമയം ആവശ്യമില്ല എന്ന് തിരിച്ചറിഞ്ഞ് എളിമയിലും വിനയത്തിലും ദൈവഭയത്തിലും ജീവിക്കുവാൻ നമുക്കാവണം.

രണ്ടാമതായി, ജറുസലേമിൽ പ്രവേശിച്ച ഈശോ ദേവാലയത്തിലേയ്ക്കാണ് പോകുന്നത്, രാജകൊട്ടാരത്തിലേയ്ക്കല്ല. അവിടെ ദേവാലയത്തിൽ നടന്നുവന്നിരുന്ന എല്ലാ തെറ്റായ പ്രവർത്തനങ്ങളും ദൈവാരാധനയിൽ നിന്നും ആളുകളുടെ ശ്രദ്ധ തിരിച്ചിരുന്ന എല്ലാ കച്ചവടങ്ങളും ഈശോ നിർത്തിക്കുന്നു. അതുവരെ ഈശോയ്ക്ക് ഓശാന പാടിയവർ അവനെതിരെ നിൽക്കുവാനായി ഇത് ഒരു പരിധിവരെ കാരണമായി. അവരുടെ പൂർവ്വീകർ മുതൽ ചെയ്തുവന്നിരുന്ന ദൈവാരാധനയ്ക്ക്‌ വിരുദ്ധമായ കച്ചവടങ്ങൾ ഈശോ കാരണം നിർത്തേണ്ടിവന്നു. അത് അവർക്കുണ്ടാക്കിയ സാമ്പത്തികനഷ്ടം അവരെ, ദൈവപുത്രനെപ്പോലും തള്ളിപ്പറയുവാൻ പ്രേരിപ്പിച്ചു.

നമ്മുടെ ജീവിതത്തിലും ദൈവഹിതം നിറവേറ്റുവാനായിഎന്തെങ്കിലും തരത്തിലുള്ള സാമ്പത്തികമോ, ശാരീരികമോ ആയ നഷ്ടങ്ങൾ ഏറ്റെടുക്കാൻ നാം തയ്യാറാവാറുണ്ടോ? നമ്മുടെ ജോലിക്കുള്ള സമയമോ, വിനോദത്തിനുള്ള സമയമോ വേണ്ടെന്നുവച്ച് എന്റെ സ്വർഗ്ഗീയപിതാവിന്റെ സന്നിധിയിൽ ആയിരിക്കുവാനായി ഞാൻ പരിശ്രമിക്കാറുണ്ടോ? അവസാനമായി വചനം പറയുന്നു: ദൈവഹിതം നിറവേറ്റാതെ, നമ്മുടെ ജീവിതത്തിൽ യഥാർത്ഥ ഫലം പുറപ്പെടുവിക്കാതെ, നമുക്ക് മുന്നോട്ട് ഒന്നും നേടുവാൻ സാധിക്കുകയില്ല. ഫലം നൽകാത്ത അത്തിവൃക്ഷത്തെ ഈശോ ശപിക്കുകയും അത് ഉണങ്ങിപ്പോവുകയും ചെയ്തു. നമ്മുടെ ജീവിതത്തിലും വെറും ആഘോഷങ്ങളുടെയും ഘോഷയാത്രകളുടെയും പുറംമോടിയണിഞ്ഞു വിശ്വാസത്തിൽ ആഴപ്പെടാതെ നാം മുന്നോട്ടു പോയാൽ നമ്മുടെ ഹൃദയമാകുന്ന ദൈവാലയങ്ങൾ വെറും കച്ചവടസ്ഥലങ്ങളായിത്തീരും. യഥാർത്ഥമായ ദൈവാനുഭവത്തിന്റെ കേന്ദ്രങ്ങളാകേണ്ട ദൈവാലയങ്ങളെ ഈശോനാഥൻ തിരസ്കരിക്കും.

ജീവിതത്തിൽ നന്മയുടെ ഫലം ചൂടാനാവാതെ സ്വാർത്ഥതയുടെയും ജഡീകമോഹങ്ങളുടെയും കളകൾ നിറഞ്ഞാൽ മിശിഹായുടെ ശാപവാക്കുകൾ നമ്മുടെ ജീവിതത്തെയും ഉണക്കിക്കളയും. അതിനാൽ, ഈ ഓശാന ആചരണം ആത്മാവാകുന്ന ദൈവാലയത്തിലേയ്ക്കു‌ള്ള എന്റെ രാജകീയപ്രവേശനമാകട്ടെ. ആ ദൈവാലയത്തിനുള്ളിലെ അശുദ്ധികളെ ദൂരെയകറ്റി വിശുദ്ധമായ ഹൃദയത്തോടെ എന്റെ ദൈവത്തിന് ആരാധനയും സ്തുതിയും അർപ്പിക്കുവാൻ എനിക്കാവട്ടെ. അങ്ങനെ എന്റെ ജീവിതത്തിൽ പ്രവേശിക്കുന്ന ദിവ്യനാഥനെ ഓശാന പാടി സ്വീകരിക്കുവാനും എന്റെ ജീവന്റെ ഫലം കാഴ്ചയായി അർപ്പിക്കുവാനും എനിക്കാവട്ടെ എന്ന ആത്മാർത്ഥമായ പ്രാർത്ഥനയോടെ…

ഫാ. ചാക്കോ ചൂരപ്പുഴയിൽ