11-ാം ശമ്പള കമ്മീഷന്റെ ശുപാര്‍ശകള്‍ സംബന്ധിച്ച് സീറോ മലബാര്‍ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ പുറത്തിറക്കിയ പ്രസ്താവന

11-ാം ശമ്പള കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിനു നല്‍കിയ ശുപാര്‍ശകളില്‍ ന്യൂനപക്ഷാവകാശങ്ങളെ ഹനിക്കുന്നതും എയ്ഡഡ് സംവിധാനത്തെ തകര്‍ക്കുന്നതുമായ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെട്ടത് തികച്ചും പ്രതിഷേധാര്‍ഹമാണ്. എയ്ഡഡ് നിയമനങ്ങള്‍ പി.എസ്.സി -ക്കു വിടുന്നതോ അതിനായി പ്രത്യേക ബോര്‍ഡ് രൂപീകരിക്കുന്നതോ അംഗീകരിക്കാന്‍ സാധിക്കില്ല.

ഇന്ത്യന്‍ ഭരണഘടന 29, 30 അനുച്ഛേദങ്ങള്‍ പ്രകാരം ന്യൂനപക്ഷങ്ങള്‍ക്ക് വിദ്യാഭാസാവകാശങ്ങള്‍ നല്‍കിയിരിക്കുന്നത് അവരുടെ തനതായ സംസ്‌കാരവും പാരമ്പര്യവും ആചാരരീതികളും തലമുറകളിലേക്ക് പകര്‍ന്നുകൊടുക്കുന്നതിനും അങ്ങനെ അവ സംരക്ഷിക്കപ്പെടുന്നതിനും വേണ്ടിയാണ്. അതിനാല്‍ തന്നെ അദ്ധ്യാപകരുടെയും ഇതര ജീവനക്കാരുടെയും നിയമനത്തില്‍ മാനേജുമെന്റിന്റെ അവകാശ അധികാരങ്ങള്‍ നഷ്ടപ്പെടുത്തുന്ന ഏതൊരു നടപടിയെയും ശക്തിയുക്തം എതിര്‍ക്കുന്നതാണ്.

മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമായി കേരളത്തിന്റെ വിദ്യാഭാസ പുരോഗതിക്ക് കാരണമായിത്തീരുന്നത് പൊതുവിദ്യാഭ്യാസ മേഖലയില്‍ നിലനില്‍ക്കുന്ന എയ്ഡഡ് സംവിധാനമാണ്. സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ അദ്ധ്യയന നിലവാരം ഉയര്‍ത്തുവാനും സംരക്ഷിക്കുവാനും എയ്ഡഡ് സ്ഥാപനങ്ങള്‍ക്കു സാധിക്കുന്നത് സ്‌കൂളുകളുടെയും അദ്ധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും മേല്‍ മാനേജുമെന്റിന് നിയന്ത്രണാധികാരം ഉള്ളതുകൊണ്ടാണ്. ഇതു നഷ്ടപ്പെട്ടാല്‍ വിദ്യാഭ്യാസ സംവിധാനത്തിന്റെ നിലവാരത്തകര്‍ച്ചയായിരിക്കും പരിണിതഫലം. കേരളത്തിലെ സ്വകാര്യ വിദ്യാഭ്യാസ ഏജന്‍സികളെ സര്‍ക്കാരിന്റെ സഹായം കൈപ്പറ്റുന്നവരായി മാത്രം കണക്കാക്കരുത്.

തങ്ങള്‍ക്ക് സ്വന്തമായിട്ടുള്ളതും വിവിധ രീതിയില്‍ ഉപയോഗയോഗ്യവുമായ സ്ഥലവും കെട്ടിടവും സര്‍ക്കാരിന്റെ ഉത്തരവാദിത്വമായ പൊതുവിദ്യാഭ്യാസത്തിനു വേണ്ടി മാറ്റിവയ്ക്കുകയും വര്‍ഷം തോറും ലക്ഷക്കണക്കിനു രൂപ പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ക്കായി സ്വന്തമായി ചെലവഴിക്കുകയും ചെയ്താണ് ഇവര്‍ വിദ്യാലയങ്ങളെ സംരക്ഷിച്ചുപോരുന്നത്. പല എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിമൂലം സര്‍ക്കാര്‍ ആവശ്യപ്രകാരം തന്നെ ആരംഭിച്ചിട്ടുള്ളവയാണ്.

എയ്ഡഡ് വിദ്യാലയങ്ങള്‍ സര്‍ക്കാരും സ്വകാര്യ വിദ്യാഭ്യാസ ഏജന്‍സികളും തമ്മിലുള്ള പരസ്പര സഹായത്തിന്റെയും സഹകരണത്തിന്റെയും മേഖലയാണ് എന്ന യാഥാര്‍ത്ഥ്യം വിസ്മരിച്ചു കൊണ്ടും ചരിത്രത്തെയും ഭരണഘടനാ തത്വങ്ങളെയും അവഗണിച്ചു കൊണ്ടുമുള്ള ചര്‍ച്ചകളിലും തീരുമാനങ്ങളിലും നയരൂപീകരണങ്ങളിലും നിന്ന് സര്‍ക്കാരുകളും അനുബന്ധ സമിതികളും പിന്‍മാറേണ്ടതാണ്.

സീറോ മലബാര്‍ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ സെപ്തംബര്‍ 4, ശനിയാഴ്ച ഓണ്‍ലൈനില്‍ അടിയന്തരമായി വിളിച്ചുചേര്‍ത്ത യോഗത്തില്‍ ചെയര്‍മാന്‍ ആര്‍ച്ചുബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, കണ്‍വീനര്‍ ബിഷപ് മാര്‍ തോമസ് തറയില്‍, കേരളത്തിലെ 13 സീറോ മലബാര്‍ രൂപതകളില്‍ നിന്നുള്ള വൈദികരും അത്മായരുമടങ്ങുന്ന പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. സര്‍ക്കാരിന്റെ തുടര്‍ തീരുമാനങ്ങള്‍ക്കനുസൃതമായി പ്രതിഷേധ നടപടികള്‍ സ്വീകരിക്കാനും ന്യൂനപക്ഷാവകാശങ്ങളെക്കുറിച്ചും ആനുകൂല്യങ്ങള്‍ സംബന്ധിച്ചും സഭാംഗങ്ങളില്‍ കൂടുതല്‍ ബോധവല്‍ക്കരണം നടത്താനും യോഗം തീരുമാനിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.