സീറോ മലബാർ ആഗസ്റ് 15 യോഹ 2: 1- 12 മാതാവിന്റെ സ്വര്‍ഗ്ഗാരോപണത്തിരുനാള്‍

ഒരിക്കല്‍ ഒരു ഗുരുവിന്റെ പക്കല്‍ അദേഹത്തിന്റെ ശിഷ്യന്‍ സംശയവുമായി ചെന്നു. ”ദൈവം എല്ലായിടത്തുമുണ്ടല്ലോ, പിന്നെ എന്തിനാണ് എല്ലാവരും ദൈവാലയത്തില്‍ പോകുന്നത്. ശിഷ്യന്റെ ചോദ്യത്തിന് ഗുരു ഉത്തരം നല്‍കിയത് ഒരു മറുചോദ്യമുന്നയിച്ചുകൊണ്ടായിരുന്നു.

”കാറ്റ് എല്ലായിടത്തുമുണ്ടല്ലോ. എന്നിട്ടും മരത്തണലിലെ കാറ്റുകൊള്ളാന്‍ പിന്നെ നാമെന്തിനാ ശ്രമിക്കുന്നത്? ശരിയാ. ഈ പ്രപഞ്ചം മുഴുവന്‍ നിറഞ്ഞുനില്‍ക്കന്ന പലതരത്തിലുള്ള കാറ്റിനേക്കാളും, ടെക്‌നോളജിയുടെ സഹായത്തോടെ കൃത്രിമമായി നിര്‍മ്മിച്ചെടുക്കുന്ന എ.സി.യുടെയും ഫാനിന്റെയും കാറ്റിനേക്കാളും ശുദ്ധതയും, കുളിര്‍മ്മയും ഉണര്‍വ്വും പകരാന്‍ കഴിവുള്ളതാണ് ഒരു മരത്തണല്‍ നമുക്ക് പ്രദാനം ചെയ്യുന്ന ഇളംകാറ്റ്.  ഇതുപോലെ തന്നെയാണ്, തിന്മനിറഞ്ഞ, കോലാഹലങ്ങള്‍ നിറഞ്ഞ, ചന്തസ്ഥലവും നിരന്തരം പ്രാര്‍ത്ഥനകളും ആരാധനയുമൊക്കെ നടക്കുന്ന ദൈവാലയവും തമ്മിലുള്ള വേര്‍തിരിവ്. പ്രപഞ്ചം മുഴുവന്‍ ദൈവസാന്നിധ്യത്തിന്റെ ഇടങ്ങളും കാണുന്നതൊക്കെയും ദൈവര്‍ശനങ്ങളും കേള്‍ക്കുന്നതെല്ലാം ദൈവസ്വലങ്ങളുമായി മാറുന്നതുവരെ അതായത് നാമെല്ലാവരും ഓരോ ദൈവാലയമായി മാറുന്നതുവരെ ഈ പ്രപഞ്ചത്തിന് ദേവാലയങ്ങള്‍ ആവശ്യമാണ്.

എല്ലായിടത്തും, എല്ലാവരിലും ദൈവസാന്നിധ്യം ദര്‍ശിച്ച് സ്വന്തം ഹൃദയത്തിലും ഉദരത്തിലും ദൈവത്തിന് വാസം ചെയ്യാന്‍ ഇടമൊരുക്കിയ, പൂര്‍ണ്ണമായും ദൈവാലയമായി മാറിയ നസ്രത്തിലെ ആ കൊച്ചുപെണ്‍കുട്ടിയെ ദൈവം സ്വര്‍ഗ്ഗത്തില്‍ തന്റെ നിത്യമായ ആലയത്തില്‍ ഏറ്റവും മഹനീയമായ സ്ഥാനം നല്‍കി ഉയര്‍ത്തിയതിന്റെ പാവന സ്മരണ തിരുസഭ ഇന്ന് ആഘോഷപൂര്‍വ്വം കൊണ്ടാടുന്നു. സന്തോഷത്തിന്റെ ഈ വേളയില്‍ ഏവര്‍ക്കും ഏറെ സ്‌നേഹത്തോടും പരി. കന്യമറിയത്തിന്റെ സ്വര്‍ഗ്ഗാരോപണത്തിരുന്നാളിന്റെ മംഗളങ്ങള്‍ നേരുന്നു.

സ്വര്‍ഗ്ഗം വിട്ട് ഭൂമിയിലേക്കിറങ്ങിവന്ന ദൈവകുമാരന് വസിക്കാന്‍ തന്റെ ഉദരത്തെ സ്വര്‍ഗ്ഗമാക്കിത്തീര്‍ത്തവള്‍ക്ക് ഇന്ന് സ്വര്‍ഗ്ഗത്തെ പൂര്‍ണ്ണമായി നല്‍കിക്കൊണ്ട് അവിടുന്ന് അമ്മയെ സ്വര്‍ഗ്ഗത്തിന്റെയും ഭൂമിയുടേയും രാജ്ഞിയായി ഉയര്‍ത്തിയിരിക്കുന്നു. ആ അമ്മയുടെ മക്കളായ നാമോരുരുത്തരും ഏറെ സന്തോഷിക്കേണ്ട പുണ്യസുദിനമാണിന്ന്. എന്തുകൊണ്ടെന്നാല്‍ ഈ ഭൂമിയിലായിരിക്കുന്ന നമുക്ക് ഏറെ എളുപ്പത്തില്‍ സ്വര്‍ഗ്ഗത്തിലെത്തിച്ചെരാനുള്ള വഴികാട്ടിയും അതിലുപരി ഒരു ഏറ്റവും നിര്‍മ്മലമായ മാതൃസ്‌നേഹത്തോടെ നമ്മെ സ്വര്‍ഗ്ഗത്തിനനുയോജ്യരായി വളര്‍ത്തുകയും ചെയ്യുന്ന പരി.കന്യകമറിയത്തിന്റെ സ്വര്‍ഗ്ഗത്തിലെ ജന്മദിനമാണ് ഇന്ന് എന്നതില്‍ നമുക്കാനന്ദിക്കാം.

പരി. അമ്മയുടെ സ്വര്‍ഗ്ഗാരോപണത്തിരുന്നാള്‍ ആഘോഷപൂര്‍വ്വം കൊണ്ടാടുന്ന ഈ വേളയില്‍ പരി. അമ്മയ്ക്ക് എന്നോടും നിന്നോടും ചോദിക്കുവാന്‍ ഒരു കാര്യമേയുള്ളൂ. അതിപ്രകാരമാണ്. തന്റെ പുത്രന്‍ കുരിശിലെ ബലിയാല്‍ സ്വര്‍ഗരാജ്യമെന്ന വലിയ വിലകൊടുത്ത് സ്വന്തമാക്കിയതുമായ ആ അമൂല്യനിധി നമുക്കും സ്വന്തമാക്കേണ്ടേ? ഒരുപക്ഷേ നമ്മള്‍ ചോദിച്ചേക്കാം ഈ ലോകത്തില്‍ ജീവിക്കുന്ന എനിക്ക് ഈ ലോകത്തിന്റേതായ എല്ലാ ബന്ധനങ്ങളുടെയുമിടയില്‍ എങ്ങനെ ഇതു സാധിക്കും എന്ന്? സ്‌നേഹമുള്ളവരേ, നാമൊക്കെ ഇന്ന് ജീവിക്കുന്ന ഈ ലോകത്തില്‍ത്തന്നെ ദൈവത്തിനായി മാത്രം ജീവിതം മാറ്റിവച്ച ദൈവത്തില്‍ മാത്രം ദൃഷ്ടിയുറപ്പിച്ച് ജീവിച്ച പരി. അമ്മ തന്നെ നമ്മെ പഠിപ്പിച്ചുതരും എങ്ങനെ നമുക്ക് ഈ സ്വര്‍ഗ്ഗം നേടാമെന്ന്. തന്റെ ശരീരത്തെ പൂര്‍ണ്ണമായും ദൈവാലയമാക്കി മാറ്റിയവളാണ് പരി. അമ്മ. തന്റെ ജനനം മുതല്‍ മരണം വരെ അവളുടെ ഹൃദയത്തിലും മനസ്സിലും ദൈവം മാത്രമായിരുന്നു. കുഞ്ഞുനാള്‍മുതല്‍ ദൈവാലയത്തില്‍ വസിച്ച ആ കൊച്ചുപെണ്‍കുട്ടി തന്റെ ശരീരത്തെയും മനസിനെയും മറ്റൊരു ദൈവാലയമാക്കി മാറ്റിയപ്പോള്‍ ദൈവദൂതന്‍ അവളുടെയടുക്കല്‍ വന്നു ചോദിച്ചു. ദൈവകുമാരന് വന്നുപിറക്കാന്‍ ഒരിടം തരാമോ? മറ്റാര്‍ക്കുംവേണ്ടി മാറ്റിവയ്ക്കപ്പെടാത്ത പരിശുദ്ധമായ സ്ഥലം.

ഇതുപോലെ നമ്മുടെ ജീവിതത്തിലും ആ ദൈവത്തിന് വസിക്കാന്‍ പരിശുദ്ധവും നിര്‍മ്മലവും മറ്റാര്‍ക്കും വേണ്ടി സമര്‍പ്പിക്കപ്പെടാത്ത ഒരു ഹൃദയം നാം മാറ്റിവച്ചിട്ടുണ്ടെങ്കില്‍ എങ്കില്‍ നാമും സ്വര്‍ഗ്ഗരാജ്യത്തില്‍നിന്ന് ഏറെ അകലെയല്ല.
രണ്ടാമതായി മറിയം ചെയ്തത്, തന്റെ ജീവിതത്തിലുടനീളം ദൈവസ്വരത്തിന് കാതോര്‍ത്ത്, ദൈവവചനത്തെ ഹൃദയത്തില്‍ സംഗ്രഹിച്ച്, അത് ധ്യാനപൂര്‍വ്വം തന്റെ ജീവിതമാക്കിത്തീര്‍ത്തപ്പോള്‍ അവള്‍ക്ക് തന്റെ ജീവിതത്തില്‍നിന്നും പാപത്തെയും പാപസാഹചര്യങ്ങളെയും പടിയിറക്കുവാന്‍ സാധിച്ചു. അവളുടെ ഹൃദയത്തെ പുണ്യങ്ങളാല്‍ അലങ്കരിച്ചപ്പോള്‍ അവളുടെ ഉദരത്തില്‍ ദൈവം വന്നു വസിച്ചു.
ഇന്ന് നമ്മുടെയും അനുദിന ജീവിതത്തില്‍ ഓരോ നിമിഷങ്ങളിലും ദൈവസ്വരത്തിന് കാതോര്‍ക്കുവാന്‍, ദൈവവചനം വായിക്കുവാനും അവ ഹൃദയത്തില്‍ സംഗ്രഹിച്ച് കേട്ടവചനത്തെ ആധാരമാക്കി ജീവിതത്തെ രൂപപ്പെടുത്തുവാന്‍ നാം അവസരം ഒരുക്കാറുണ്ടോ? അങ്ങനെയെങ്കില്‍ അമ്മയുടെ ജീവിതത്തില്‍ അവള്‍ നേടിയെടുത്ത കൃപാവരപൂര്‍ണ്ണതിയില്‍ നാമും വളരും. നമുക്ക് നമ്മുടെ ഹൃദയങ്ങളെ ഒരു പുനര്‍വിചിന്തനത്തിന് വിധേയമാക്കാം.

പരി. അമ്മയില്‍ വന്ന് വസിച്ച പരി.ആത്മാവാണ് രക്ഷകന്റെ അമ്മയാകുവാന്‍ തക്കവിധത്തില്‍ കൃപാവരങ്ങള്‍ നല്‍കി ദൈവത്തിന് ഏറ്റവും അനുയോജ്യമായ വാസസ്ഥലമായി മറിയത്തെ ഉയര്‍ത്തിയത്. നമ്മിലും പരി. ആത്മാവിന്റെ നിറവ് പൂര്‍ണ്ണമാകുമ്പോള്‍, അവിടുത്തെ ശക്തിയാല്‍ നിറഞ്ഞു കഴിയുമ്പോള്‍ നാമും ഇപ്രകാരം ദൈവസ്‌നേഹത്തിലും ദൈവീക പുണ്യങ്ങളിലും വളരും. ഉത്ഭവ പാപമേശാതെ ജനിച്ച അമ്മ തന്റെ ജീവിതത്തിലുടനീളം കര്‍മ്മപാപത്തിന്റെ എല്ലാവിധ മാലിന്യങ്ങളില്‍നിന്നും തന്റെ ശരീരത്തെയും മനസിനെയും കാത്തുസൂക്ഷിച്ചു. മാമ്മോദീസായിലൂടെ ദൈവമക്കളുടെ സ്ഥാനത്തേക്കുയര്‍ത്തപ്പെട്ട നമുക്കും പുണ്യപൂര്‍ണ്ണമായ ജീവിതത്തിലൂടെ നമ്മുടെ ഹൃദയത്തെയും മനസ്സിനെയും ശരീരത്തെയും ദൈവത്തിന് നിര്‍മ്മലമായ വാസസ്ഥലമായി ഒരുക്കുവാന്‍, അങ്ങനെ ഈ കൊച്ചുജീവിതത്തില്‍ സ്വര്‍ഗ്ഗത്തെ ലക്ഷ്യമാക്കി ജീവിക്കുവാന്‍ നമുക്ക് സാധിക്കട്ടെ. അപ്പോള്‍ ദൈവം നമ്മില്‍ വസിക്കും. നാമോരോരുത്തരും കണ്ടുമുട്ടുന്നവരില്‍ ദൈവസാന്നിധ്യം ചൊരിയുന്ന ദൈവാലയങ്ങളായി മാറും. കൃപാവര പൂരിതയായ പരി. അമ്മയില്‍ നിറഞ്ഞുനിന്ന പരി.ആത്മാവിന്റെ നിറവില്‍ നമുക്കും ഇന്നു മുതല്‍ അമ്മയുടെ മധ്യസ്ഥത തേടി പ്രാര്‍ത്ഥിക്കാം. ഓര്‍ക്കുക പരി. കന്യകമറിയം എന്നും നമുക്ക് ഉത്തമ മധ്യസ്ഥയാണ്. തന്റെ പുത്രനോട് ചേര്‍ന്നു നില്‍ക്കുന്നവരെ അവള്‍ ഏത് ആവശ്യങ്ങളിലും ഓടിയെത്തി ആശ്വാസമേകുന്ന മാതൃവാത്സല്യത്തിനുടമയാണവിടുന്ന്.

കുരിശിന്‍ ചുവട്ടില്‍വച്ച് തന്റെ പുത്രന്‍ തന്റെ അരുമശിഷ്യനെ മകനായി നല്‍കിയതുമുതല്‍ അവള്‍ നമുക്ക് അമ്മയും അതിനുമപ്പുറം ഇന്ന് സ്വര്‍ഗ്ഗത്തില്‍ എല്ലാ ആധ്യാത്മിക വരങ്ങളുടെയും ഉറവിടവും സൂക്ഷിപ്പുകാരിയുമായി സ്വര്‍ഗ്ഗത്തിന്റെയും ഭൂമിയുടെയും രാജ്ഞിയായി നമ്മെ ഓരോരുത്തരേയും കാത്തിരിക്കുന്നു. അമ്മയോടൊപ്പം നിത്യാനന്ദമനുഭവിക്കുവാന്‍ അമ്മയോട് നമുക്കും പ്രാര്‍ത്ഥിക്കാം. അമ്മേ എന്നേയും സ്വര്‍ഗ്ഗത്തില്‍ ചേര്‍ക്കണമേ.
ആമേന്‍

ബ്രദര്‍ സുരേഷ് പട്ടേട്ട്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.