സീറോ മലബാർ സഭയിലെ വിശുദ്ധ വാരാചരണം: ആലഞ്ചേരി പിതാവിന്റെ സർക്കുലർ

സീറോ മലബാർ സഭയിലെ വിശുദ്ധ വാരാചരണം: ആലഞ്ചേരി പിതാവിൻ്റെ സർക്കുലർ

ഈശോയില്‍ ഏറ്റവും സ്നേഹമുള്ള സഹോദരീ സഹോദരന്മാരേ,

ലോകം മുഴുവന്‍ പടര്‍ന്നുപിടിച്ച കൊറോണ വൈറസ് ബാധയുടെ ആഘാതത്തിലാണല്ലോ നാമെല്ലാവരും. ഈ വലിയ ദുരന്തത്തില്‍നിന്ന് നമ്മെയും ലോകം മുഴുവനെയും രക്ഷിക്കണമേയെന്ന് കാരുണ്യവാനായ ദൈവത്തോടുള്ള നമ്മുടെ പ്രാര്‍ത്ഥന തുടരാം. ദുഃഖപൂര്‍ണമായ ഈ പശ്ചാത്തലത്തിലാണ് വിശുദ്ധവാരാചരണം നടക്കേണ്ടത്. നമ്മുടെ കര്‍ത്താവിന്‍റെ പെസഹാരഹസ്യങ്ങളാണല്ലോ ഈ ആഴ്ചയില്‍ നാം അനുസ്മരിക്കുന്നത്. ലോകരക്ഷയ്ക്കുവേണ്ടി പീഡസഹിച്ച ഈശോയുടെ സഹനങ്ങളോട് ചേര്‍ന്ന് നമുക്കും ദൈവപിതാവിനോട്  കരുണയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കാം.

കൊറോണ വൈറസിന്‍റെ വ്യാപനം തടയുന്നതിനും അതുവഴി മറ്റുള്ളവരുടെയും നമ്മുടെയും സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനും വേണ്ടി പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്ന ഇരുപത്തിയൊന്ന് ദിവസത്തെ ലോക് ഡൗണിന്‍റെയും സംസ്ഥാന സര്‍ക്കാരും ജില്ലാ ഭരണ കൂടങ്ങളും നിയമപാലകരും നല്‍കുന്ന നിര്‍ദ്ദേശങ്ങളുടെയും അടിസ്ഥാനത്തില്‍ ഈ വര്‍ഷത്തെ വിശുദ്ധവാരാചരണം പരിമിതപ്പെടുത്തേണ്ടിയിരിക്കുന്നു. ഈ സാഹചര്യത്തില്‍, പൗരസ്ത്യസഭകള്‍ക്കായുള്ള വത്തിക്കാന്‍ കാര്യാലയം നല്‍കിയിരിക്കുന്ന മാര്‍ഗനിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലും ആവശ്യമായ ആലോചനകള്‍ക്കു
ശേഷവും സീറോമലബാര്‍സഭയിലെ രൂപതകളില്‍ വിശുദ്ധവാരാചരണവുമായി ബന്ധപ്പെട്ട് നല്‍കിയിരിക്കുന്ന ഈ നിര്‍ദ്ദേശങ്ങള്‍ ഏവരും പാലിക്കേണ്ടതാണ്.

  1. വൈറസ് വ്യാപനത്തെ ചെറുക്കുന്നതിനുവേണ്ടി നിലവിലുള്ള നിയന്ത്രണങ്ങളുടെ ഭാഗമായി ഈ വര്‍ഷത്തെ തിരുക്കര്‍മങ്ങള്‍ വിശ്വാസികളുടെ പങ്കാളിത്തമില്ലാതെയാണ് നടത്തേണ്ടത്.
  2. . അഭിവന്ദ്യ പിതാക്കന്മാര്‍ കത്തീഡ്രല്‍ ദൈവാലയങ്ങളിലും ബഹു. വൈദികര്‍ ഇടവക ദൈവാലയങ്ങളിലും അവശ്യംവേണ്ട ശുശ്രൂഷകരുടെ മാത്രം (5 പേരില്‍ കൂടാതെ) പങ്കാളിത്തത്തോടെയാണ് തിരുക്കര്‍മങ്ങള്‍ നടത്തേണ്ടത്.
  3. സാധിക്കുന്നിടത്തോളം കത്തീഡ്രല്‍ ദൈവാലയങ്ങളില്‍നിന്നോ അതാത് ഇടവകകളില്‍നിന്നോ വിശുദ്ധവാര തിരുക്കര്‍മങ്ങള്‍ലൈവ് ആയി വിശ്വാസികള്‍ക്കു വേണ്ടി സംപ്രേഷണം ചെയ്യേണ്ടതാണ്.
  4. ഓശാന ഞായറാഴ്ച വൈദികന്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കുമ്പോള്‍ അന്നത്തെ
    തിരുക്കര്‍മത്തില്‍ പങ്കെടുക്കുന്നവര്‍ക്കുവേണ്ടി മാത്രം കുരുത്തോലകള്‍ (ലഭ്യമെങ്കില്‍) ആശീര്‍വ്വദിച്ചാല്‍ മതിയാകും. അന്ന് മറ്റുള്ളവര്‍ക്ക് കുരുത്തോല വിതരണം നടത്തേണ്ടതില്ല.
  5. വി. മൂറോന്‍ കൂദാശ വിശുദ്ധവാരത്തില്‍ നടത്തേണ്ടതില്ല. പിന്നീട് ഒരു ദിവസം നടത്താവുന്നതാണ് (ഉദാ. പന്തക്കുസ്താ തിരുനാളിനോടനുബന്ധിച്ച്).
  6. പെസഹാവ്യാഴാഴ്ചയിലെ കാല്‍കഴുകല്‍ ശുശ്രൂഷ ഒഴിവാക്കേണ്ടതാണ്.
  7. പെസഹാവ്യാഴാഴ്ച ഭവനങ്ങളില്‍ നടത്താറുള്ള അപ്പംമുറിക്കല്‍ ശുശ്രൂഷ ഓരോ ഭവനത്തിലുമുള്ളവര്‍ക്കു മാത്രമായി പരിമിതപ്പെടുത്തേണ്ടതാണ്. കുടുംബകൂട്ടായ്മ അടിസ്ഥാനത്തിലോ ബന്ധുവീടുകള്‍ ഒന്നിച്ചുചേര്‍ന്നോ നടത്താറുള്ള അപ്പംമുറിക്കല്‍ പൂര്‍ണമായും ഒഴിവാക്കേണ്ടതാണ്.
  8. പീഡാനുഭവവെള്ളിയാഴ്ചയുള്ള ക്രൂശിതരൂപ/സ്ലീവാചുംബനവും പുറത്തേയ്ക്കുള്ള കുരിശിന്‍റെ വഴിയും പരിഹാരപ്രദക്ഷിണവും നടത്താന്‍ പാടില്ല. ഈ ദിവസത്തെ തിരുക്കര്‍മങ്ങള്‍ ആവശ്യമെങ്കില്‍ കുരിശിന്‍റെ പുകഴ്ചയുടെ തിരുനാള്‍ ദിവസം (സെപ ്തംബര്‍ 14 ന്) നടത്താവുന്നതാണ്.
  9. വലിയ ശനിയാഴ്ചയിലെ തിരുക്കര്‍മങ്ങള്‍ നടത്തുമ്പോള്‍ ജനങ്ങള്‍ക്ക് നല്കാന്‍ വേണ്ടി വെള്ളം വെഞ്ചരിക്കേണ്ടതില്ല. പിന്നീടൊരവസരത്തില്‍ ജനങ്ങള്‍ക്ക് വെള്ളം വെഞ്ചരിച്ച് നല്‍കാവുന്നതാണ്.
  10. ഉയിര്‍പ്പുതിരുനാളിന്‍റെ കര്‍മങ്ങള്‍ രാത്രിയില്‍ നടത്തേണ്ടതില്ല. പകരം അന്നു രാവിലെ വി. കുര്‍ബാനയര്‍പ്പിച്ചാല്‍ മതിയാകും.
  11. വിശുദ്ധവാരത്തിലെ ദിവസങ്ങള്‍ പ്രാര്‍ത്ഥനയുടെ ദിവസങ്ങളാക്കി മാറ്റുന്നതിന് നമ്മുടെ കുടുംബങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. എല്ലാവരും ഒരുമിച്ച് കുടുംബ പ്രാര്‍ത്ഥനകള്‍ സജീവമായി നടത്തണം. വിശുദ്ധവാരത്തിലെ ഓരോ ദിവസത്തിനും യോജിച്ച ബൈബിള്‍ ഭാഗങ്ങള്‍ അന്നത്തെ കുടുംബപ്രാര്‍ത്ഥനയുടെ ഭാഗമായി വായിക്കേണ്ടതാണ്. യാമപ്രാര്‍ത്ഥനകള്‍, കുരിശിന്‍റെ വഴി, കരുണകൊന്ത എന്നിവ കുടുംബാംഗങ്ങള്‍ ഒരുമിച്ച് ചൊല്ലുന്നത് വിശുദ്ധവാരത്തിന്‍റെ ചൈതന്യം നിലനിര്‍ത്തുന്നതിന് സഹായിക്കും. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഈ പരിമിതികളെല്ലാം ദൈവഹിതമാണെന്ന് മനസ്സിലാക്കിക്കൊണ്ട ് നമ്മുടെ കര്‍ത്താവിന്‍റെ രക്ഷാകരരഹസ്യങ്ങളുടെ അനുഭവം കഴിവതും സ്വന്തമാക്കുവാന്‍ നമുക്ക് പരിശ്രമിക്കാം. കാരുണ്യവാനായ കര്‍ത്താവ് നമ്മെയും സഭയെയും ലോകം മുഴുവനെയും അനുഗ്രഹിക്കട്ടെ.

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി