സുറിയാനി ക്രിസ്ത്യാനികളായ സ്ത്രീകള്‍ക്ക് പൊട്ട് കുത്താമോ?

തമാശച്ചോദ്യമാണെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ ചില ലേഖനങ്ങള്‍ അയച്ചുതരുന്നതും ചോദ്യങ്ങള്‍ പലരില്‍ നിന്നുയരുന്നതും കണ്ടപ്പോള്‍ സീരിയസാണെന്ന് മനസ്സിലായി. ഇത്തരം പ്രചരണങ്ങളുടെ ഉത്ഭവത്തെക്കുറിച്ചും കാരണത്തെക്കുറിച്ചും സംസാരിച്ചാല്‍ വല്ലാതെ വിസ്താരപ്പെടുമെന്ന ഭയത്താല്‍ ചോദ്യത്തിലേക്ക് മാത്രം ഒതുങ്ങുന്നു.

ഉത്തരം ലളിതമാണ്, പൊട്ടുകുത്തുന്നതില്‍ നിന്ന് കത്തോലിക്കാസഭയോ ക്രൈസ്തവവിശ്വാസമോ ദൈവകല്പനകളോ വിശുദ്ധഗ്രന്ഥമോ ആരെയും തടഞ്ഞിട്ടില്ല.

അപ്പോകലിപ്റ്റിക് സാഹിത്യശൈലിയില്‍എഴുതപ്പെട്ടിരിക്കുന്ന വെളിപാട് ഗ്രന്ഥത്തിന്‍റെ അക്ഷരാര്‍ത്ഥത്തിലുള്ള വ്യാഖ്യാനവും അതിന്‍റെ ഭാവനാവത്കരണവുമാണ് ഈ വാദഗതിക്ക് ആധാരമായി അയച്ചുകിട്ടിയ ലേഖനത്തിലുള്ളത്. എന്നാല്‍, ഇത്തരം വാദഗതികള്‍ അടിസ്ഥാനമില്ലാത്തതും കത്തോലിക്കാവിശ്വാസത്തിന്‍റെ കുലീനതക്കും വിശുദ്ധഗ്രന്ഥത്തിന്‍റെ ശരിയായ വ്യാഖ്യാനത്തിനും നിരക്കുന്നതല്ലെന്നതുമാണ് സത്യം.

1. തലക്കെട്ടില്‍ത്തന്നെ പ്രശ്നമുണ്ട്. “സുറിയാനിക്രിസ്ത്യാനികളായ സ്ത്രീകള്‍ പൊട്ട് തൊടരുത് എന്ന് പറയുന്നത് എന്തിന്?” കേരള കത്തോലിക്കരില്‍  ലത്തീന്‍  റീത്തിലുള്ളവര്‍ക്ക് പൊട്ടുകുത്തുന്നതില്‍പ്രശ്നമില്ലേ എന്ന ചോദ്യം ഉടനെ വരും. പൊട്ട് തൊടരുത് എന്ന് ആരാണ് പറഞ്ഞിട്ടുള്ളത്? 20 നൂറ്റാണ്ടില്‍ സത്യവിശ്വാസം കൈമാറിയ സഭയുടെ ഒരു തലവനും തന്‍റെ കത്തിലൂടെയോ വാക്കിലൂടെയോ ഇങ്ങനെയൊരാഹ്വാനം നടത്തിയിട്ടില്ല.

2. ആദ്യവാചകം ഇങ്ങനെയാണ് “പരിശുദ്ധാത്മാവിന്‍റെ അഭിഷേകമായ വിശുദ്ധ മൂറോനാല്‍ റൂശ്മാ ചെയ്യപ്പെട്ട നെറ്റിത്തടങ്ങളില്‍ മറ്റൊരു ചിഹ്നവും അനുവദിച്ചിട്ടില്ല”. വീണ്ടും ചോദ്യം ഇതാണ്, ആരാണ് അനുവദിച്ചിട്ടില്ലാത്തത്? സഭയുടേതായ ഔദ്യോഗികപഠനങ്ങളോ പ്രബോധനങ്ങളോ ഈ വിഷയത്തില്‍ എവിടെയെങ്കിലും നല്കപ്പെട്ടിട്ടുണ്ടോ? അതു മാത്രവുമല്ല, നെറ്റിത്തടത്തില്‍ മൂറോന്‍ പൂശുന്നത് ശരീരം മുഴുവന്‍ പൂശുന്നതിന്‍റെ പ്രതീകമായിട്ടാണ്. നെറ്റിത്തടത്തില്‍ പൂശിയത് ശരീരം മുഴുവനെയും അഭിഷേകം ചെയ്യുന്നുവെങ്കില്‍ ശരീരത്തിന്‍റെ ശുദ്ധീകരണപ്രക്രിയകളെ എങ്ങനെ വിലയിരുത്തും?  ഈ ശരീരം കൊണ്ട് ചെളിയിലും ഓടകളിലും അഴുക്കുള്ള മറ്റിടങ്ങളിലുമൊന്നും ജോലി ചെയ്യാനും സാധിക്കാതെ വരുമല്ലോ?

യഥാര്‍ത്ഥത്തില്‍ എന്താണ് ഇതിന്‍റെ അര്‍ത്ഥം – ശരീരം വിശുദ്ധമാണ്. വിശുദ്ധിയില്‍ കാത്തുസൂക്ഷിക്കണം. വികൃതമാക്കരുത് എന്നൊക്കെയാണത് (ഒരുപക്ഷേ ടാറ്റൂവും മറ്റും പതിക്കുന്നത് ഈ വിധത്തില്‍ വിലയിരുത്തപ്പെടാവുന്നതാണ്). അതേസമയം സ്ത്രീയുടെ മുഖസൗന്ദര്യത്തെ വര്‍ദ്ധിപ്പിക്കുന്ന വിധത്തിലുള്ള ഒരു പൊട്ട് എങ്ങനെയാണ് ശരീരത്തിന്‍റെ വിശുദ്ധിക്ക് വിഘാതമാകുന്നതെന്നത് ഒരു പ്രശ്നം തന്നെയാണ്.

3. “കുഞ്ഞാടിനുള്ളതെന്ന് അവിടെ എഴുതപ്പെടാനുള്ളതാണ്” – വെളിപാട് ഗ്രന്ഥത്തിന്‍റെ സാഹിത്യശൈലി മനസ്സിലാക്കാതെയുള്ള ഈ പ്രയോഗം വിശുദ്ധഗ്രന്ഥത്തിന്‍റെ വളച്ചൊടിച്ചുള്ള വ്യാഖ്യാനമാണ്. മാത്രവുമല്ല, ഈ ശരീരം മണ്ണായിത്തീരുമെന്നും ഉത്ഥാനം ചെയ്യുന്ന ശരീരം രൂപാന്തരം പ്രാപിച്ച ശരീരമായിരിക്കുമെന്നാണ് (transformed body) കത്തോലിക്കാസഭ പഠിപ്പിക്കുന്നത്. അവിടെ നെറ്റിയില്‍ പേരെഴുതപ്പെടുക എന്നു പറയുന്നതൊക്കെ എത്രമാത്രം പ്രതീകാത്മകമായ പ്രയോഗമാണെന്ന് ചിന്തിച്ചാല്‍ മനസ്സിലാക്കാവുന്നതേയുള്ളു.

4. “പൊട്ട് അലങ്കാരം മാത്രമാണെന്ന് തെറ്റിദ്ധരിക്കരുത്”: പൊട്ട് അലങ്കാരം മാത്രമാണെന്ന് ശരിയായ ധരിച്ചവരെ ആരാണ് തെറ്റിദ്ധരിപ്പിക്കുന്നതെന്ന് കാണുക. ഒരു കുട്ടി പൊട്ട് ഉപയോഗിച്ച് തന്‍റെ മുഖം കൂടുതല്‍സുന്ദരമായി കാണപ്പെടണമെന്ന് ആഗ്രഹിക്കുന്നതില്‍ മതപരമായോ വിശ്വാസപരമായോ ആചാരപരമായോ യാതൊന്നുമില്ലെന്നതാണ് സത്യം. എന്തിനാണ് അവിടേക്ക് ഇവയെല്ലാം വലിച്ചിഴച്ച് കൊണ്ടുവരുന്നത് എന്ന് ഇത് പ്രചരിപ്പിക്കുന്നവര്‍ ചിന്തിക്കണം.

5. “വിജാതീയ ദേവന്മാരുടെയും ദേവതകളുടെയും ട്രേഡ്മാര്‍ക്ക് ആണ് നെറ്റിയിലെ വിവിധ തരത്തിലുള്ള പൊട്ടുകള്‍” – എത്രയോ വലിയ അബദ്ധമാണ് ഈ പറയുന്നത്. കത്തോലിക്കരെന്ന നിലയില്‍ഏകദൈവത്തില്‍ വിശ്വസിക്കുന്നവരെന്ന് അഭിമാനിക്കുകയും അന്യദേവന്മാരെക്കുറിച്ച് സംസാരിക്കുകയും ചെയ്യുന്നതില്‍ എത്ര വലിയ വൈരുദ്ധ്യമാണുള്ളത്. ഏകദൈവമേ ഉള്ളൂ എന്ന് പറയുന്നവര്‍ പിന്നെ മറ്റേത് ദേവന്‍റെയും ദേവിയുടെയും കാര്യമാണ് പറയുന്നതെന്ന് സ്വയം ആലോചിക്കുകയും ഏകദൈവവിശ്വാസത്തിനെതിരേ ചിന്തിച്ചുകൊണ്ട് പാപം ചെയ്തുവെന്ന് കുന്പസാരിക്കുകയും ചെയ്യുന്നത് നല്ലതായിരിക്കും. (ഇതു പറഞ്ഞാലുടനെ, വിജാതീയര്‍ ബലിയര്‍പ്പിക്കുന്നത് പിശാചിനാണെന്ന ലേഖനഭാഗം പലരും ഉപയോഗിക്കാറുണ്ട്. ലേഖനഭാഗത്തെ വിജാതീയര്‍ ഇന്നത്തെ ഹിന്ദുവും മുസ്ലീമുമാണെന്ന് വരുത്തിത്തീര്‍ക്കുന്ന തീവ്രവാദവും കൂടെ പറഞ്ഞുകളയും. ഈ വിഷയം അവതരിപ്പിക്കാന്‍ ഇനിയും സമയവും സ്ഥലവും ആവശ്യമാണ്, പിന്നീടാകാം).

6. ദൈവവചനത്തിന് എതിരായ പാപം എന്നതുകൊണ്ട് എന്തുദ്ദേശിക്കുന്നു എന്നത് തികച്ചും അവ്യക്തമാണ്. വചനത്തില്‍ പറഞ്ഞിരിക്കുന്നതെല്ലാം അക്ഷരം പ്രതി അനുസരിക്കാതിരിക്കുന്നതില്‍ നിന്നുളവാകുന്നതാണ് ഈ പാപമെങ്കില്‍ അത് തികച്ചും അടിസ്ഥാനരഹിതമാണ്. വെളിപാട് ഗ്രന്ഥത്തിന്‍റെ വ്യാഖ്യാനം ഒരിക്കലും ഈ വിധത്തില്‍ അക്ഷരാര്‍ത്ഥത്തില്‍നല്കാവുന്നതല്ല. അപ്പോകലിപ്റ്റിക് സാഹിത്യശൈലിയെയും എഴുതപ്പെട്ട കാലഘട്ടത്തെയും സമൂഹത്തെയും ഒപ്പം പാരന്പര്യത്തെയും പ്രബോധനങ്ങളെയും അടിസ്ഥാനമാക്കിയാണ് ഈ പുസ്തകം വായിച്ച് മനസ്സിലാക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യേണ്ടത്.

സമാപനം

ബൈബിളിനെ വാച്യാര്‍ത്ഥത്തില്‍ എടുക്കുന്നതുകൊണ്ടുള്ള പ്രശ്നങ്ങളാണ് ഇവ. യഥാര്‍ത്ഥ ക്രിസ്തീയ ആത്മീയത എന്താണെന്ന് മനസ്സിലാക്കാതെ ആചാര അനുഷ്ഠാനങ്ങളുടെ ബാഹ്യമായ അര്‍ത്ഥങ്ങള്‍തേടിപ്പോകുന്നതുകൊണ്ടാണ് ഇത് സംഭവിക്കുന്നത്. ഓരോ ആചാരത്തിനും ഓരോ മതത്തില്‍ ഓരോ അര്‍ത്ഥമാണുള്ളത്. നമ്മള്‍ ഒരു ആചാരം അനുഷ്ഠിക്കുന്പോള്‍ അതിന് എന്ത് അര്‍ത്ഥം കൊടുക്കുന്നു എന്നതാണ് പ്രസക്തം.

ഇപ്രകാരം ഹൈന്ദവആചാരങ്ങളിലെല്ലാം പ്രശ്നങ്ങള്‍ കാണുന്നുവെങ്കില്‍ ക്രിസ്ത്യാനി ആകമാനം കുടുങ്ങിപ്പോകും. കാരണം ഭൂമി ദേവിയാണ്… ഈ ഭൂമിയില്‍ ചവിട്ടിയാല്‍ നമ്മള്‍ അശുദ്ധരും പാപികളുമായിപ്പോകുമല്ലോ… വായു ദേവനാണ് – വായു ശ്വസിക്കരുതെന്ന് പറയണമല്ലോ… അഗ്നി ദേവനാണ്, ഇനിമേലാല്‍ അഗ്നി ക്രിസ്ത്യാനികള്‍ ഉപയോഗിക്കരുതെന്ന് പറയണമല്ലോ… അങ്ങനെ എന്തെല്ലാം എന്തെല്ലാം…

എല്ലാ മതങ്ങളിലും ദൈവികവെളിപാടിന്‍റെ രശ്മികള്‍ പതിഞ്ഞിട്ടുണ്ടെന്നും നന്മയായിട്ടുള്ളതെല്ലാം അവിടെ നിന്ന് സ്വീകരിക്കാന്‍ മടികാണിക്കരുതെന്നും പഠിപ്പിച്ച വത്തികാന്‍ സൂനഹദോസ് പിന്നിട്ട അരയാണ്ടു കഴിഞ്ഞിട്ടും വിശ്വാസവളര്‍ച്ച പ്രാപിക്കാത്ത സമൂഹമായി ഒരു ന്യൂനപക്ഷമെങ്കിലും അവശേഷിക്കുന്നുവെന്നതും അവരുടെ കുപ്രചരണങ്ങള്‍ക്ക് അനേകരെ അസ്വസ്ഥരാക്കാന്‍ കഴിവുണ്ട് എന്നതും ചിന്തിക്കേണ്ട വിഷയമാണ്. അതിനാല്‍ പൊട്ടുകുത്തുന്നവര്‍ ഭയം കൂടാതെ പൊട്ടുകുത്തുക തന്നെ ചെയ്യുക.

നോബിൾ തോമസ് പാറക്കൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.