സീറോ മലങ്കര ജനുവരി 19 മത്തായി 5: 13-16 ഭൂമിയുടെ ഉപ്പും ലോകത്തിന്റെ പ്രകാശവും

ഫാ. എബ്രഹാം മുരുപ്പേൽ

മലയിലെ പ്രസംഗത്തിനിടയിൽ ഈശോ തന്റെ ശിഷ്യന്മാരോടും തനിക്കു ചുറ്റും കൂടിയിരിക്കുന്ന ജനക്കൂട്ടത്തോടുമായി ഒരു ഓർമ്മപ്പെടുത്തൽ നടത്തുകയാണ്, “നിങ്ങൾ ഭൂമിയുടെ ഉപ്പും ലോകത്തിന്റെ പ്രകാശവുമാണ്”എന്ന്.

ഭൂമിയുടെ ഉപ്പ്: ഉപ്പിനെ ഉപ്പായി നിലനിർത്തുന്ന ഘടകം അതിൽ നിന്ന് ഇല്ലാതായാൽ പിന്നെ അത് ഒന്നിനും കൊള്ളില്ല. അത് വലിച്ചെറിഞ്ഞ് മനുഷ്യരാൽ ചവിട്ടപ്പെടാൻ മാത്രമേ ഉപകരിക്കൂ. അതുപോലെ, മനുഷ്യനെ മനുഷ്യനാക്കിത്തീർക്കുന്ന അവന്റെയുള്ളിലെ മനുഷ്യത്വം നഷ്ടമായി തീർന്നാൽ പിന്നെ മനുഷ്യനെക്കൊണ്ട് യാതൊരു പ്രയോജനവുമില്ല. അതുപോലെ തന്നെ, നമ്മിലെ നന്മകൾ ഇല്ലാതായിത്തീർന്നാൽ പിന്നെ നമ്മുടെ ജീവിതം കൊണ്ട് എന്തു പ്രയോജനം?

ലോകത്തിന്റെ പ്രകാശം: “ഞാൻ ലോകത്തിന്റെ പ്രകാശമാണ്” (യോഹ. 8:12) എന്ന് അരുളിചെയ്തവൻ തന്നെയാണ് നമ്മോടും പറയുന്നത്: നിങ്ങൾ ലോകത്തിന്റെ പ്രകാശമാണെന്ന്. എങ്ങനെയാണ് നമുക്ക് ലോകത്തിന്റെ പ്രകാശമാകുവാൻ കഴിയുക? ലോകത്തിന്റെ പ്രകാശമായവനെ അനുഗമിക്കുന്നവൻ ഒരിക്കലും അന്ധകാരത്തിൽ നടക്കുകയില്ല എന്നും അവന് ജീവന്റെ പ്രകാശം ഉണ്ടായിരിക്കുമെന്നും ക്രിസ്തു തന്നെ നമ്മളെ പഠിപ്പിക്കുന്നുണ്ട്.

അപ്പോൾ ലോകത്തിന്റെ പ്രകാശമായ ക്രിസ്തുവിനെ അനുഗമിച്ച് അവന്റെയുള്ളിലെ നന്മകളെ ജീവിതത്തിൽ സ്വീകരിച്ചുകൊണ്ട്, മറ്റുള്ളവരുടെ മുമ്പിൽ ഒരു വിളക്കായി തെളിഞ്ഞ്, അവരുടെ വഴികളിൽ പ്രകാശമായി മാറി അവരെയും ക്രിസ്തുവിലേയ്ക്ക് ചേർത്തുനിർത്തുമ്പോഴാണ് നമ്മൾ ലോകത്തിന്റെ പ്രകാശവും ഭൂമിയുടെ ഉപ്പുമായി മാറുന്നത്. അങ്ങനെ, മനുഷ്യർ നമ്മുടെ സത്പ്രവൃത്തികൾ കണ്ട് സ്വർഗ്ഗസ്ഥനായ നമ്മുടെ പിതാവിനെ മഹത്വപ്പെടുത്തുന്നതിന് നമ്മുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ.

ഫാ. എബ്രഹാം മുരുപ്പേൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.