അനാവശ്യ വിവാദങ്ങൾ ഒഴിവാക്കണം: സീറോ മലബാർ സിനഡ്

പ്രശ്നങ്ങളെല്ലാം രമ്യമായി പരിഹരിക്കാനുള്ള വഴി തെളിഞ്ഞുവരുന്ന സാഹചര്യത്തിൽ അനാവശ്യ വിവാദങ്ങളിൽ നിന്ന് ബന്ധപ്പെട്ട സമിതികൾ വിട്ടുനിൽക്കണമെന്ന് സിനഡ് ഒരു മനസ്സോടെ ആവശ്യപ്പെട്ടു. എറണാകുളം – അങ്കമാലി അതിരൂപതയിലെ ചില സമിതികൾ സംയുക്തമായി പുറപ്പെടുവിച്ച പത്രക്കുറിപ്പ് സിനഡിന്റെ ശ്രദ്ധയിൽ വന്നിതിനെ തുടർന്നാണ് ഈ കാര്യം സിനഡ് അഭ്യർത്ഥിച്ചത്.

സീറോ മലബാർ സഭയുടെ സിനഡ് ഈ സമ്മേളനസമയം മുഴുവനും എറണാകുളം – അങ്കമാലി അതിരൂപതയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ചർച്ച ചെയ്തത്. എറണാകുളം – അങ്കമാലി അതിരൂപതയിലെ വിവിധ സമിതികൾ ഉന്നയിച്ച വിഷയങ്ങളെക്കുറിച്ചുള്ള ദൈവഹിതം സിനഡ് പിതാക്കന്മാർ പ്രാർത്ഥനാപൂർവ്വം അന്വേഷിക്കുകയായിരുന്നു. അതിരൂപതയുടെ നന്മയെ ലക്ഷ്യമാക്കി പരിശുദ്ധ സിംഹാസനത്തിന്റെ അനുമതിയോടെ ഉചിതമായ തീരുമാനങ്ങൾ സിനഡ് എടുക്കുന്നതാണ്. പ്രശ്നങ്ങളുടെ നിജസ്ഥിതിയെക്കുറിച്ച് സിനഡ് പിതാക്കന്മാർക്ക് വ്യക്തമായ ബോധ്യമുണ്ട്. ഇതേക്കുറിച്ചുള്ള നിലപാട് സിനഡാനന്തര പ്രസ്താവനയിൽ വ്യക്തമാക്കുന്നതാണ് എന്ന് മീഡിയ കമ്മീഷൻ വെളിപ്പെടുത്തി.

അനവസരത്തിലെ പ്രസ്താവനകൾ സഭയെ പൊതുസമൂഹത്തിൽ അവഹേളിക്കാൻ മാത്രമേ പ്രയോജനപ്പെടുകയുള്ളൂ എന്ന വസ്തുത ബന്ധപ്പെട്ടവർ മനസ്സിലാക്കണം. സഭയുടെ നന്മയെ ലക്ഷ്യമാക്കിയുള്ള ദൈവഹിതം നടപ്പിലാകാൻ ഒരു മനസ്സോടെ പ്രാർത്ഥിക്കാനും സഹകരിച്ചു പ്രവർത്തിക്കാനും സിനഡ് എല്ലാ വിശ്വാസികളോടും അഭ്യർത്ഥിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.